'ഫാദറിന്റെ മരണശേഷം ബന്ധുക്കളുടെ തനിനിറം മനസിലാക്കി, അമ്മയ്ക്ക് ഞാൻ മാത്രമേ ഉള്ളൂ'; ആറാട്ടണ്ണൻ
സിനിമാ റിവ്യൂകളിലൂടെ പേരെടുത്ത വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. മോഹൻലാൽ നായകനായി ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്‌ത നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞുകൊണ്ടായിരുന്നു സന്തോഷ് വർക്കിയുടെ തുടക്കം. നിലവിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് ഇടയിൽ വൈറൽ താരമാണ് സന്തോഷ് വർക്കി.
ഇടയ്ക്ക് പീഡന കേസ് അടക്കമുള്ള വിവാദങ്ങളിലും അദ്ദേഹം ചെന്നുപെട്ടിരുന്നു. സിനിമ റിവ്യൂവിന്റെ പേരിൽ മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകളുടെ പേരിലും നടിമാരോടുള്ള ക്രഷിന്റെ പേരിലുമൊക്കെ സന്തോഷ് വർക്കി ഏറെ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. നടി നിത്യ മേനോനെ വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ വിവാദമായിരുന്നു.

ഇപ്പോഴിതാ തന്റെ അധികം എവിടെയും പങ്കുവയ്ക്കാത്ത തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സന്തോഷ് വർക്കി. റിവ്യൂവർ എന്ന നിലയിൽ പേരെടുത്ത ശേഷം തന്റെ കുടുംബത്തിൽ ഉണ്ടായ മാറ്റങ്ങളും പിതാവിന്റെ മരണശേഷം ബന്ധുക്കളിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളും ഒക്കെ സന്തോഷ് വർക്കി പങ്കുവയ്ക്കുന്നുണ്ട്.
ആറാട്ടണ്ണൻ എന്ന് പറയുന്നതിനേക്കാൾ സന്തോഷ് വർക്കി എന്ന പേര് പറയുന്നതാണ് തനിക്ക് കൂടുതൽ ഇഷ്‌ടമെന്നാണ് താരം പറയുന്നത്. അതിൽ തന്റെ പിതാവിന്റെ പേര് കൂടി ഉണ്ടെന്നും കൗമുദി മൂവീസിലെ 'എന്നാ എന്നോട് പറ' എന്ന പരിപാടിയിൽ സന്തോഷ് പറഞ്ഞു. സന്തോഷ് വർക്കിയും ആറാട്ടണ്ണനും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
'എന്റെ ഫാദർ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസമാണ് ഞാൻ ജനിച്ച ദിവസം. ഞാൻ ജനിച്ചത് പാലക്കാടാണ്. അച്ഛന് ട്രാൻസ്‌ഫർ വന്നപ്പോഴാണ് ഞങ്ങൾ കൊച്ചിയിലേക്ക് വന്നത്. അദ്ദേഹം ഒരു എഞ്ചിനീയർ ആയിരുന്നു. രണ്ട് വർഷം മുൻപ് അച്ഛൻ മരിച്ചുപോയി. അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.' സന്തോഷ് പറയുന്നു.
'എട്ടാം ക്ലാസിൽ വച്ച് എനിക്കൊരു പെൺകുട്ടിയെ ഇഷ്‌ടമായിരുന്നു. എന്നാൽ അത് നേരിട്ട് പറയാൻ എനിക്ക് പേടിയായിരുന്നു. അന്ന് മെയിൻലി ക്രിക്കറ്റ്, പഠിത്തം എന്നിവ മാത്രമായിരുന്നു. വീട്ടിൽ ഇപ്പോൾ ഞാനും അമ്മയും മാത്രമേ ഉള്ളൂ. ഒരു സഹോദരി യുഎസിൽ ഡോക്‌ടറാണ്. മറ്റൊരു സഹോദരി ബെംഗളൂരുവിൽ മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്നു' സന്തോഷ് വർക്കി പറഞ്ഞു.
'ഫാദർ മരിച്ചപ്പോൾ എന്റെ ബന്ധുക്കളുടെ തനിനിറം മനസിലായി. എന്നെ എടുത്ത് കൊണ്ട് നടന്നവരാണ് എന്റെ സിസ്‌റ്റേഴ്‌സ്. എന്നാൽ അവർക്കൊക്കെ പണം വന്നപ്പോൾ എല്ലാം മാറി. ഇപ്പോൾ അമ്മയെ നോക്കാൻ ഞാൻ മാത്രമേ ഉള്ളൂ. അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ പല അവസരങ്ങളും കളഞ്ഞ് ഇവിടെ തന്നെ തുടരുന്നത്. ബോംബെ ഐഐടിയിൽ കിട്ടിയിട്ടും പോവാഞ്ഞത് അതുകൊണ്ടാണ്.' സന്തോഷ് വ്യക്തമാക്കി.
'ചെറുപ്രായത്തിലേ റിവ്യൂ ചെയ്യാൻ കഴിയുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ വൈറൽ ആയത് ഒട്ടും പ്ലാൻ ചെയ്‌ത് ആയിരുന്നില്ല. ഗീതാഞ്ജലി സിനിമയുടെ സമയത്ത് മുതൽ ഞാൻ റിവ്യൂ ചെയ്യുമായിരുന്നു. ഇപ്പോൾ സിനിമ മേഖലയിൽ ഒരുപാട് പേരെ പരിചയമുണ്ട്. സിബി മലയിൽ സാറിനെ വിളിക്കാറുണ്ട്, പ്രിയദർശൻ സാറിനെ വിളിക്കാറുണ്ട്. നിന്റെ പേര് സന്തോഷ് എന്നല്ലേ പിന്നെന്തിനാണ് ആറാട്ടണ്ണൻ എന്ന പേര് എന്ന് അദ്ദേഹം ചോദിക്കാറുണ്ട്' സന്തോഷ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications