'എമ്പുരാനോടുള്ള വിമർശനം രാജുവിനോടുള്ള വ്യക്തി വിരോധം, അവാർഡ് സ്വാധീനിക്കപ്പെടാം'; മല്ലിക സുകുമാരൻ
മലയാളത്തിലെ വലിയ താര കുടുംബങ്ങളിൽ ഒന്നാണ് സുകുമാരന്റേത്. ഭാര്യ മല്ലിക അൻപത് വർഷത്തോളമായി സിനിമയിൽ സജീവമായ വ്യക്തിയാണ്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും രണ്ട് പതിറ്റാണ്ടായി സിനിമയിൽ തിളങ്ങി നിൽക്കുന്നു. യുവതാരങ്ങളിൽ ഇരുവരും ശ്രദ്ധേയമായ പ്രകടനം കാഴ്‌ച വയ്ക്കുന്നതിന് ഒപ്പം പൃഥ്വിയുടെ പ്രശസ്‌തി കേരളവും കടന്ന് ഇന്ത്യ ഒട്ടാകെ വ്യാപിക്കുകയും വമ്പൻ ചിത്രങ്ങളുടെ ഭാഗമാവുകയും ഒക്കെ ചെയ്‌തിരുന്നു.
ഇവരിൽ മല്ലിക സുകുമാരൻ ഇപ്പോഴും സിനിമകളിൽ സജീവമാണ്. 51 വർഷം മുൻപ് ഉത്തരായനം എന്ന സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്ത് വച്ച മല്ലികയ്ക്ക് പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിലവിൽ സിനിമാഭിനയത്തിന് ഒപ്പം മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ അഭിപ്രയങ്ങൾ തുറന്ന് പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് മല്ലിക സുകുമാരൻ എന്ന് പറയുന്നതാവും ശരി.

ഇപ്പോഴിതാ എമ്പുരാൻ എന്ന ചിത്രത്തിനെ കുറിച്ചും അതുണ്ടാക്കിയ വിവാദങ്ങളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മല്ലിക സുകുമാരൻ. കൂടാതെ പൃഥ്വിരാജിന് ദേശീയ അവാർഡ് നിരസിക്കപ്പെട്ടത് ഉൾപ്പെടെയുള്ള വിഷയങ്ങളിലും മല്ലിക തന്റെ അഭിപ്രായം പങ്കുവച്ചു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കാരണം പ്രിഥ്വിയോട് ഉള്ള വ്യക്തി വൈരാഗ്യമാണെന്ന് അവർ പറയുന്നു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.
മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ
നാഷണൽ അവാർഡിനെ കുറിച്ച് എന്ത് പറയാനാണ്. ഈ അവാർഡ് എന്നൊക്കെ പറയുന്നത് ഒരു പത്തുപേർ ചേർന്ന് എടുക്കുന്ന തീരുമാനം മാത്രമാണ്. അപ്പോൾ അതിലെ ചെയർമാൻ തന്നെ പറഞ്ഞതായി ബ്ലസ്സിയുടെ ഒരു പ്രസ്‌താവന കണ്ടു. ആ പടം കണ്ടിട്ട് ബോംബെയിൽ സ്‌ക്രീൻ ചെയ്‌തപ്പോൾ ഭയങ്കരമായിട്ട് അഭിപ്രായം പറഞ്ഞിട്ട് പുകഴ്ത്തിയ വ്യക്തിയാണെന്ന് ഫേസ്‌ബുക്കിലൂടെയോ ഇൻസ്‌റ്റയിലൂടെയോ മറ്റോ പറയുന്നത് കണ്ടായിരുന്നു.
ഒരു പത്ത് പേരുടെ കൂടെ കണ്ടപ്പോൾ ആ അഭിപ്രായം മാറി. സ്വാഭാവികമായി ഈ അവാർഡ് കമ്മിറ്റികളിൽ ചിലതൊക്കെ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതൊക്കെ പറഞ്ഞാൽ നമ്മൾ ശത്രുവാണ്. ഒരു ചെറിയ സംഘടനയിൽ പോലും ഇല്ലേ ഇങ്ങനെ പാരവെയ്ക്കുന്ന പരിപാടി. അപ്പോഴേക്കും ചിലരൊക്കെ തുടങ്ങി, അത് എമ്പുരാൻ ഉള്ളത് കൊണ്ടാണ് ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ. എനിക്ക് ചോദിക്കാനുള്ളത് എന്ത് കണ്ടിട്ടാണ് ആ ചിത്രത്തെ ഇങ്ങനെ കിടന്ന് പറയുന്നത് എന്നാണ്.
അത്ര വലിയ ഭീകരമായ ഒന്നും ഉണ്ടായിട്ടില്ല. എല്ലാവർക്കും അറിയാം അതിൽ മാരകമായ ഒരു സംഭവം ഒന്നുമില്ലെന്നാണ്. കൊന്ന മകനും കൊല്ലപ്പെട്ട അമ്മയും മുസ്ലിങ്ങൾ അല്ലായിരുന്നല്ലോ. ഇതൊക്കെ സിനിമ സിനിമയായിട്ട് കാണുക എന്നല്ലേ. നമ്മൾ പത്രത്തിലൂടെയും വാർത്തകളിലൂടെയും ഒക്കെ കണ്ട കാര്യങ്ങൾ ഒരു ചെറിയ റഫറൻസ് പോലെ വന്നു എന്നേയുള്ളൂ. അപ്പോഴേക്കും പേരെന്താണ്, ഹിന്ദു പേരാണ് എന്നൊക്കെ പറഞ്ഞിട്ട്.
ഇതിന്റെ പിന്നിൽ എന്തോ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ഇതിൽ ഒരു കാര്യത്തിലാണ് വിഷമം ഉള്ളത്. അത് എന്റെ മകനോടും ഞാൻ പറഞ്ഞു. എന്റെ മകൻ അടക്കം, മോഹൻലാൽ, എഴുതിയ മുരളി ഗോപി, ആന്റണി പെരുമ്പാവൂർ, പൃഥ്വിരാജ് എന്നിവർ ഒരുമിച്ച് ഇരുന്ന് ഒരു സ്‌റ്റേറ്റ്‌മെന്റ് ഇറക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ആത്മാർത്ഥമായി ഞാൻ അങ്ങനെ ചെയ്യുമെന്ന് വിശ്വസിച്ചിരുന്നു.
ഇങ്ങനെ ഒന്നും ഞങ്ങൾ ചിന്തിച്ചിട്ടില്ല എന്ന് അവർക്ക് പറയാമായിരുന്നു. അപ്പോൾ അത് തെറ്റിച്ചതിന് പിന്നിൽ രാജുവിനോടുള്ള വ്യക്തിവൈരാഗ്യമാണ് ഞാൻ വിശ്വസിക്കുന്നു. എന്റെ മകൻ ഇത് അംഗീകരിക്കുമോ എന്നറിയില്ല. അവൻ പോ അമ്മേ എന്നൊക്കെയാണ് പറയുക. രാജു ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്‌തവം.












Click it and Unblock the Notifications