'ആടുജീവിതം ചെയ്യേണ്ടിയിരുന്നത് സൂര്യ, ഒഴിവാക്കിയത് മറ്റൊരു സിനിമ കാരണം'; ബ്ലെസി പറയുന്നു
മലയാളത്തിന്റെ മാഗ്നം ഓപസ് എന്ന് വിളിക്കാവുന്ന സിനിമയാണ് ആടുജീവിതം. അണിയറ പ്രവർത്തകരായി ലോകോത്ത നിലവാരമുള്ള ഒരുകൂട്ടം ടെക്‌നീഷ്യൻമാരാണ് ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള പലവിധ വാർത്തകൾ കഴിഞ്ഞ നാളുകളിൽ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി ആദ്യഘട്ടത്തിൽ നടൻ സൂര്യയേയും പരിഗണിച്ചിരുന്നു എന്ന് പറയുകയാണ് സംവിധായകൻ ബ്ലെസി. ചിത്രത്തിന് കഥ സൂര്യക്ക് വളരെയധികം ഇഷ്‌ടപ്പെട്ടിരുന്നു എങ്കിലും ശാരീരികമായ ബുദ്ധിമുട്ടുകളാണ് താരത്തെ പിന്നിലേക്ക് വലിച്ചതെന്നും സംവിധായകൻ പറഞ്ഞു. വിക്രം, സൂര്യ എന്നിവരെ ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ആടുജീവിതത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനി ഉലകത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസി മനസ് തുറന്നത്. സൂര്യ ചിത്രത്തിൽ പിന്മാറാനുള്ള കാരണവും ബ്ലെസി വെളിപ്പെടുത്തി. 'സൂര്യയോട് ഈ സിനിമയുടെ കഥ പറഞ്ഞിരുന്നു. ശാരീരികമായി ഒരുപാട് തയ്യാറെടുപ്പുകൾ നടത്തേണ്ടി വരുമെന്ന് അപ്പോൾ തന്നെ സൂചിപ്പിക്കുകയും ചെയ്‌തിരുന്നു.' ബ്ലെസി പറയുന്നു.
'സൂര്യക്ക് കഥ വളരെയധികം ഇഷ്‌ടമായി. എന്നാൽ ആ സമയത്ത് ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടാണ് അയാൾക്ക് കഴിയില്ലായിരുന്നു. കാരണം അതിന് മുൻപ് സമാനമായ രീതിയിൽ ശാരീരിക മാറ്റങ്ങൾ വരുത്തി കൊണ്ട് സൂര്യ ഒരു സിനിമ ചെയ്‌തിരുന്നു. വാരണം എന്ന സിനിമയ്ക്ക് വേണ്ടി ഒരുതവണ മെലിഞ്ഞ് വീണ്ടും പഴയ നിലയിലേക്ക് വന്ന സമയമായിരുന്നു അത്, അതാണ് ചിത്രം ഉപേക്ഷിച്ചത്' ബ്ലെസി പറഞ്ഞു.
അതേസമയം, പിന്നീട് ചിത്രത്തിലേക്ക് പൃഥ്വിരാജ് സുകുമാരൻ നജീബായി എത്തുകയായിരുന്നു. ശാരീരികമായി ഒട്ടേറെ മാറ്റങ്ങൾ താരം ഈ ചിത്രത്തിന് വേണ്ടി വരുത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് സിനിമയുടെ ഷൂട്ടിംഗ് പൂർണമായും അവസാനിച്ചത്. ഏകദേശം പതിനഞ്ച് വർഷത്തോളം നീണ്ട ബ്ലെസിയുടെ പ്രയത്നത്തിന്റെ ഫലമായി ഒരുങ്ങിയ സിനിമ മാർച്ച് 28ന് തിയേറ്ററുകളിൽ എത്തുകയാണ്.
പൃഥ്വിരാജിന് പുറമെ ഗോകുൽ, അമല പോൾ, ജീൻ ലൂയീസ്, താലിബ് അൽ ബാലുഷി, റിക് അബി, ശോഭ മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം, കൂടാതെ റസൂൽ പൂക്കുട്ടി ശബ്‌ദ മിശ്രണവും, ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിക്കുന്ന ആടുജീവിതത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് സുനിൽ കെഎസ് ആണ്.












Click it and Unblock the Notifications