'അന്ന് കൊടൈക്കനാലിൽ മോഹൻലാലിനെ തല്ലാൻ ടാക്‌സി ഡ്രൈവർമാർ വന്നു'; കാരണം വെളിപ്പെടുത്തി വിജി തമ്പി
മലയാള പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സംവിധായകരിൽ ഒരാളാണ് വിജി തമ്പി. പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിൽ എല്ലാ വിഭാഗം സിനിമകളും ചെയ്‌ത് വിജയിപ്പിച്ച ചുരുക്കം ചില സംവിധായകരിൽ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് കൊടൈക്കനാലിൽ വച്ച് ആളുമാറി മോഹൻലാലിനെ അടിക്കാൻ ടാക്‌സി ഡ്രൈവർമാർ വന്ന രസകരമായ സംഭവം ഓർത്തെടുക്കുകയാണ് അദ്ദേഹം.
സഫാരി ടിവിയുടെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിൽ സംസാരിക്കവേ ആയിരുന്നു വിജി തമ്പി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. കമൽ സംവിധാനം ചെയ്‌ത ഉണ്ണികളേ ഒരു കഥപറയാം സിനിമയുടെ ലൊക്കേഷനായ കൊടൈക്കനാലിൽ വച്ചാണ് സംഭവം നടന്നതെന്നും, ശരിക്കും അവർക്ക് ആളുമറിയതായിരുന്നു എന്നും പറയുകയാണ് വിജി തമ്പി.

'കൊടൈക്കനാലിൽ വച്ചായിരുന്നു ഉണ്ണികളേ ഒരു കഥ പറയാം സിനിമയുടെ ഷൂട്ടിംഗ്. എസ് കുമാർ ആയിരുന്നു ഛായാഗ്രാഹകൻ. ഒരു ദിവസം ഞങ്ങൾ കുമാറിന് തലവേദന കാരണം ഷൂട്ടിംഗ് ബ്രേക്ക് എടുത്ത് റൂമിലേക്ക് തിരിച്ചു പോരുകയായിരുന്നു. ഞാനും ലാലും കുമാറും തിലകൻ ചേട്ടനും കമലും ഒരു കാറിലായിരുന്നു' അദ്ദേഹം പറയുന്നു.
'അതിനിടെ ഞങ്ങളുടെ കാറിന് മുൻപിലെ ടാക്‌സി എത്ര ഹോൺ അടിച്ചിട്ടും മാറാൻ തയ്യാറായിരുന്നില്ല. അപ്പോൾ തിലകൻ ചേട്ടനും എസ് കുമാറിനും ദേഷ്യം വന്നു. അവസാനം ആ കാറിനെ ഓവർടേക് ചെയ്‌ത് വട്ടംവച്ച് ഞങ്ങളുടെ വാഹനം നിർത്തി. കുമാറും തിലകൻ ചേട്ടനും കാറിൽ നിന്ന് ചാടിയിറങ്ങി ഡ്രൈവറുമായി വഴക്കുണ്ടാക്കി' വിജി തമ്പി പറഞ്ഞു.
'അധിക നേരം ആവുന്നതിന് മുൻപ് തന്നെ ഞങ്ങൾ അവിടെ നിന്ന് പോന്നിരുന്നു. എന്നാൽ ടാക്‌സി ഡ്രൈവർ വന്ന് പ്രശ്‌നം ഉണ്ടാക്കുമോ എന്നായിരുന്നു പേടി. എന്നാൽ ഇത്രയും പേരുണ്ടല്ലോ പേടി വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്‌തു. മോഹൻലാലിന്റെ തന്നെ മറ്റൊരു സിനിമയുടെ ക്രൂവും അപ്പോൾ അവിടെ ഉണ്ടായിരുന്നു' അദ്ദേഹം തുടർന്നു.
'രാത്രിയിൽ പുറത്ത് വലിയ ബഹളം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് ടാക്‌സി ഡ്രൈവർമാർ വന്ന് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. അവർക്ക് സിനിമയിലെ നായകനായ മോഹൻലാലിനെ തല്ലണം എന്നായിരുന്നു ആവശ്യം. അന്ന് മോഹൻലാൽ അത്ര പോപ്പുലർ അല്ല. കുമാർ ആവട്ടെ കാണാൻ അതുപോലെയുണ്ടായിരുന്നു' വിജി തമ്പി തന്റെ അനുഭവം പങ്കുവച്ചു.
'പ്രശ്‌നം ഉണ്ടാക്കിയത് നായകനായ മോഹൻലാൽ ആയിരുന്നു എന്ന് കരുതിയാണ് അവർ വന്നത്. അവസാനം മോഹൻലാൽ തന്നെ നേരിട്ട് ഇറങ്ങിവന്ന് ഞാൻ എന്ത് തെറ്റാണു ചെയ്‌തതെന്ന് ചോദിച്ചപ്പോഴാണ് അവർക്ക് അബദ്ധം മനസിലായത്.' വിജി തമ്പി രസകരമായ അനുഭവം പങ്കുവച്ചു.
ഏറ്റവും കൗതുകകരമായ വസ്‌തുത എന്തെന്നാൽ കരിയറിൽ ഒരിക്കൽ പോലും മോഹൻലാലിനെ നായകനാക്കി വിജി തമ്പി ഒരു സിനിമ പോലും സംവിധാനം ചെയ്‌തിട്ടില്ല എന്നതാണ്. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് മുതൽ പൃഥ്വി വരെ അദ്ദേഹത്തിന്റെ സിനിമകളിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications