മേശയിലിടിച്ച് മമ്മൂക്ക താഴെ വീണു, ഫൈറ്റ് മാസ്‌റ്റർ കൊച്ചുകുട്ടിയെ പോലെ കരഞ്ഞു; ടർബോ സെറ്റിൽ നടന്നത്
ഏറെക്കാലത്തിന് ശേഷമെത്തിയ മമ്മൂട്ടിയുടെ ഇടിപ്പടം ടർബോ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. എന്നാൽ സിനിമയുടെ സംവിധായകനായ വൈശാഖ് ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ മമ്മൂക്കയ്ക്ക് സംഭവിച്ച ഒരു അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും. പ്രമുഖ ഓൺലൈൻ ചാനലായ മൂവി വേൾഡ് ഓണ്ലൈനിന് നൽകിയ അഭിമുഖത്തിലാണ് ഈ ഞെട്ടിക്കുന്ന അനുഭവം വൈശാഖ് പങ്കുവച്ചത്.
സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലെ ഒരു ആക്ഷൻ ചിത്രീകരിക്കുന്ന വേളയിലാണ് അപകടം നടന്നതെന്നാണ് വൈശാഖ് പറയുന്നത്. മലയാളത്തിലെ എണ്ണംപറഞ്ഞ ആക്ഷൻ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായ വൈശാഖ് പക്ഷേ മമ്മൂട്ടിക്ക് സെറ്റിൽ ഉണ്ടായ അപകടം നിസാരമായി കണ്ടില്ലെന്ന് വാക്കുകളിൽ നിന്ന് വ്യക്തമാണ്.

20 ദിവസത്തോളം എടുത്താണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്‌തതെന്നാണ് വൈശാഖ് പറയുന്നത്. 'മമ്മൂക്ക ഒരാളെ കാലില്‍ പിടിച്ച് വലിക്കുന്ന ഒരു സീനുണ്ട്. അതിന് ശേഷം എഴുന്നേറ്റ് അടുത്തയാളെ കാലുകൊണ്ട് തൊഴിക്കുന്നതായിരുന്നു ഈ രംഗം. ചവിട്ട് കിട്ടുന്ന ആള്‍ പിന്നിലേക്ക് പോണം. കൃത്യ സമയത്ത് അയാളെ നമ്മള്‍ റോപ്പില്‍ പുറകോട്ട് വലിക്കും. എന്നാൽ റോപ്പ് വലിക്കാൻ നിൽക്കുന്ന ആളുടെ സ്വിങ് മാറിപ്പോയി' വൈശാഖ് പറയുന്നു.
'അവർ മൂന്ന് പേരുണ്ടായിരുന്നു. അതിൽ ഒരാൾ ലെഫ്റ്റിലേക്ക് വലിച്ചു. മമ്മൂക്ക എഴുന്നേറ്റ് വരികയായിരുന്നു. ആ സമയത്ത് തന്നെ ഡയറക്ഷൻ മാറി വന്നയാൾ മമ്മൂക്കയെ ഇടിച്ചു. മമ്മൂക്ക കറങ്ങി അവിടെയുള്ള ടേബിളിൽ ചെന്നാണ് ഇടിച്ചത്. ഒരു കൂട്ടനിലവിളിയാണ് ആദ്യം കേട്ടത്. പെട്ടെന്ന് ഇത് കണ്ടപ്പോൾ എല്ലാവരും ഒരുമിച്ച് നിലവിളിച്ചുപോയി' വൈശാഖ് അനുഭവം പങ്കുവച്ചു.
'ഞാൻ ഓടിപ്പോയി മമ്മൂക്കയെ പിടിച്ച് എഴുന്നേൽപ്പിച്ച് അവിടെ തന്നെ ഒരു കസേരയിൽ ഇരുത്തി. ഞാൻ മമ്മൂക്കയുടെ കൈ കുറേനേരം പിടിച്ചു വച്ചിരുന്നു. അപ്പോഴൊക്കെ എന്റെ കൈ ഇങ്ങനെ വിറയ്ക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ നോക്കിയപ്പോൾ ഫൈറ്റ് മാസ്‌റ്റർ ഒക്കെ കൊച്ചുകുട്ടിയെ പോലെ ഇരുന്ന് കരയുകയാണ്. എല്ലാവരും പേടിച്ചു. മമ്മൂക്ക എഴുന്നേറ്റ് പോയിട്ട് അതൊന്നും സാരമില്ലെന്ന് പറയുകയായിരുന്നു' വൈശാഖ് വെളിപ്പെടുത്തി.
അതേസമയം, ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന് ആഗ്രഹത്താലാണ് മമ്മൂട്ടി ടർബോയിലേക്ക് എത്തിയതെന്ന് വൈശാഖ് വെളിപ്പെടുത്തിയിരുന്നു. ഇരുവരും നേരത്തെ ഒരുമിച്ച പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾ വമ്പൻ വിജയമായിരുന്നു. മമ്മൂട്ടിയുടെ കൾട്ട് പരിവേഷമുള്ള കഥാപാത്രമായി മധുരരാജ മാറുകയും ചെയ്‌തിരുന്നു.
അതിനിടെ ടർബോ ആഗോള തലത്തിൽ തന്നെ വമ്പൻ കളക്ഷനുമായി മുന്നേറുകയാണ്. നേരത്തെ ചിത്രം അൻപത് കോടി ക്ലബ് കടന്നിരുന്നു. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ വില്ലനായി വേഷമിട്ടത് പ്രമുഖ കന്നഡ സംവിധായകനും നടനുമായ രാജ് ബി ഷെട്ടിയാണ്. തെലുഗു നടൻ സുനിൽ, പ്രശാന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഹിറ്റ് ചിത്രങ്ങളുടെ അണിയറപ്രവർത്തകൻ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സംഗീത സംവിധാനം ക്രിസ്‌റ്റോ ജോസഫാണ് നിർവഹിച്ചത്. മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. എഴുപത് കോടിയോളമാണ് ചിത്രത്തിന്റെ മുടക്ക് മുതലെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.












Click it and Unblock the Notifications