'ഞാൻ സീൻ അഭിനയിച്ചു കഴിഞ്ഞാൽ മുരളി ചേട്ടന്റെ മുഖത്തേക്ക് നോക്കും, ലോഹി സാർ പറയുന്നത് മനസിലാവില്ല'; സുധീഷ്
കഴിഞ്ഞ മുപ്പത്തിയെട്ട് വർഷത്തോളമായി സിനിമയിൽ സജീവമാണ് സുധീഷ് എന്ന നടൻ. ബാല്യ കാലത്തിൽ തന്നെ സിനിമയിൽ എത്തിയ സുധീഷ് മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് മുൻപിൽ ഇടം നേടിയ വ്യക്തി കൂടിയാണ്. സിനിമയിൽ എത്തി ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും സുധീഷിന്റെ സ്വീകാര്യതയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ല. കരിയറിൽ ഉടനീളം വലിയ സംവിധായക പ്രതിഭകളുമായി സഹകരിക്കാൻ സുധീഷിന് അവസരം ലഭിച്ചിരുന്നു.
അടൂർ ഗോപാലകൃഷ്‌ണൻ, സിബി മലയിൽ, കെഎസ് സേതുമാധവൻ, ഫാസിൽ, ഹരിഹരൻ എന്നിങ്ങനെ പ്രതിഭാ ശാലികളായ സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയിട്ടുള്ള അപൂർവ അഭിനേതാവ് കൂടിയാണ് സുധീഷ്. എന്നാൽ പുതിയ കാലത്തെ സിനിമയുടെ മാറ്റങ്ങൾ അറിഞ്ഞുകൊണ്ട് അതിന് പറ്റിയ വേഷങ്ങൾ ഏറ്റെടുക്കുന്നതിലും അദ്ദേഹം ഒട്ടും മടി കാണിക്കാറില്ല.

ഇപ്പോഴിതാ അടുത്തിടെ തിയേറ്ററുകളിൽ എത്തിയ സിനിമയായ ധീരനിൽ മികച്ച പ്രകടനമാണ് താരം കാഴ്‌ച വച്ചത്. ഈ ചിത്രത്തിൽ കോമഡിക്ക് പ്രാധാന്യമുള്ള സുധീഷിന്റെ കൈയ്യടികൾ നേടുമ്പോൾ പഴയ കാല സിനിമാ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് അദ്ദേഹം. ലോഹിതദാസിന് ഒപ്പമുള്ള അനുഭവവും നടൻ മുരളിയുമായുള്ള ഓർമ്മകളും ഒക്കെ അദ്ദേഹം പങ്കുവച്ചു.മൂവി വേൾഡ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുധീഷിന്റെ വാക്കുകൾ
കുറച്ച് കാലത്തിന് ശേഷം എനിക്ക് ഏറ്റവുമധികം റെസ്പോൺസ് കിട്ടിയൊരു ക്യാരക്റ്റർ ആയിരുന്നു ധീരനിലേത്. തിയേറ്ററിൽ പോയി സിനിമ കണ്ടപ്പോൾ ഞാൻ ഭയങ്കര ഹാപ്പി ആയി. എല്ലാത്തിനും ആളുകൾ ചിരിക്കുന്നുണ്ടായിരുന്നു. എന്റേത് മാത്രമല്ല കേട്ടോ. മനോജേട്ടൻ, ജഗദീഷേട്ടൻ, അശോകേട്ടൻ ഒക്കെയുണ്ടായിരുന്നു.
ആധാരം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് എനിക്ക് കുറച്ചൊക്കെ കാര്യങ്ങൾ മനസിലായി തുടങ്ങിയത്. ലോഹിതദാസ് സാർ ആയിരുന്നു അതിന്റെ എഴുത്ത്. മുൻപും ഞാൻ ലെജൻഡ്‌സിന്റെ കൂടെ വർക്ക് ചെയ്‌തിരുന്നു. ആദ്യ സിനിമകളിൽ ഒന്നായ അനന്തരം മുതൽ വേനൽക്കിനാവുകൾ വരെ അടൂർ സാർ, എംടി സാർ എന്നിവരോടൊപ്പം ഒക്കെ അഭിനയിക്കാൻ കഴിഞ്ഞു.
ആ സമയത്ത് എനിക്ക് അടൂർ സാറിന്റെയൊന്നും മഹത്വം എനിക്ക് അറിയില്ലായിരുന്നു. അച്ഛനൊക്കെ അറിയാമായിരുന്നു. പിന്നീടാണ് എനിക്ക് മനസിലായത്. വേനൽക്കിനാവുകൾ ചെയ്യുന്ന സമയത്ത് ഒരുപാട് ഫ്രെണ്ട്സ് ഉണ്ടായിരുന്നു അതിൽ. കൃഷ്‌ണപ്രസാദ്, യദു കൃഷ്‌ണൻ എന്നിവരൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് നല്ല രീതിയിൽ ഫ്രീയായി ചെയ്യാൻ കഴിഞ്ഞു.
ഇവിടെ ആധാരം സിനിമയിൽ ഞാൻ ഒറ്റപ്പെട്ടുപോയി. അവിടെ മുരളി സാർ, ലോഹി സാർ, സിബി സാർ, ഗീത മാഡം, പിന്നെ സുകുമാരി ചേച്ചി എന്നിവരൊക്കെ ഉണ്ടായിരുന്നു. എന്റെ പ്രായത്തിൽ ഉള്ള ആരും അവിടെ ഉണ്ടായിരുന്നില്ല. ഇതെല്ലാം ചെയ്യുമ്പോഴും മനസിന് വളരെയധികം സന്തോഷം തോന്നാറുണ്ടെങ്കിലും ഭയങ്കര ടെൻഷനും തോന്നിയിരുന്നു.
ലോഹി സാർ കുറച്ച് സീനുകൾ മാത്രം എഴുതി വച്ചാണ് സിനിമ തുടങ്ങുക എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ആധാരത്തിലെ രമേശന്റെ ആദ്യ സീൻ എടുത്ത ശേഷമാണ് ഇതിന്റെ ആഴം കൂട്ടിയത്. അതുപോലെ ഷൊർണൂർ ഗസ്‌റ്റ് ഹൗസിൽ വച്ച് കഥ പറയാനായി ലോഹി സാർ എന്നെ വിളിപ്പിച്ചിരുന്നു. ചാരുകസേരയിൽ ഇരുന്ന് കൊണ്ടാണ് സാർ കഥ പറഞ്ഞത്. എനിക്ക് ആ സമയത്ത് ഒന്നും മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നെ സീൻ തുടങ്ങിയ സമയത്ത് ഓരോ സീൻ എടുക്കുമ്പോൾ ആണ് എനിക്ക് അത് മനസിലാക്കാൻ കഴിഞ്ഞത്.
അറിഞ്ഞിട്ട് ഞാൻ എന്ത് ചെയ്യാനാണ്. അവർ പറയുന്നത് പോലെയേ ചെയ്യാൻ പറ്റൂ. മുരളി ചേട്ടൻ ഇല്ലാത്ത സീനിലും അദ്ദേഹം വരാറുണ്ടായിരുന്നു. എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. അദ്ദേഹം കൈകെട്ടി അവിടെ നിൽപ്പുണ്ടാവും. അഭിനയിച്ചു കഴിഞ്ഞയുടൻ ഞാൻ മുരളി ചേട്ടന്റെ മുഖത്തേക്ക് നോക്കും. കൊള്ളാം എന്നൊരു ചിരി മുഖത്തുണ്ടാവും. അപ്പോഴാണ് സമാധാനം ആവുക.












Click it and Unblock the Notifications