'ഒരു സിനിമയിലെ കുട്ടിയുടെ മരണത്തെ കുറിച്ച് ചിത്ര പാട്ട് പാടി, അത് പിന്നെ ജീവിതത്തിൽ അറംപറ്റി'; പുതിയങ്കം മുരളി
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കഴിവുറ്റ ഗായകരിൽ ഒരാളാണ് കെഎസ് ചിത്ര എന്ന കാര്യത്തിൽ സംശയമില്ല. അഞ്ച് പതിറ്റാണ്ടിൽ അധികം നീണ്ട കരിയറിനിടെ ചിത്രയെ തേടിയെത്തിയ അംഗീകാരങ്ങൾ അനവധി. ഈ കാലത്തിനിടയിൽ അവർ കീഴടക്കാത്ത ഉയരങ്ങളില്ലെന്ന് വേണം പറയാൻ. രാജ്യം മുഴുവൻ വാനമ്പാടി എന്ന് വിളിച്ചു അഭിനന്ദിച്ചിരുന്ന ചിത്ര പാടിയ പാട്ടുകളെല്ലാം വമ്പൻ ഹിറ്റ്. ഇക്കാലത്തിന് ഇടയിൽ ചിത്രയെ കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ലെന്ന് തന്നെ പറയാം.
എന്നാൽ വ്യക്തിജീവിതത്തിൽ പലവിധത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് കെഎസ് ചിത്രയ്ക്ക്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു നിനച്ചിരിക്കാത്ത നേരത്തെ മകളുടെ വിയോഗം. പതിനാല് വർഷങ്ങൾക്ക് മുൻപാണ് ചിത്രയുടെ മകൾ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ഗാനങ്ങളിൽ വാത്സല്യം നിറച്ച ചിത്രാമ്മയ്ക്ക് എന്നും മകളുടെ വിയോഗം വലിയ വേദനയാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.

അതിനെ കുറിച്ച് ഇപ്പോൾ മനസ് തുറക്കുകയാണ് മലയാളത്തിലെ പാട്ടെഴുത്തുകാരിൽ പ്രധാനിയായ പുതിയങ്കം മുരളി. നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഗാനങ്ങൾ രചിച്ചിട്ടുള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹം. സാബ് ജോൺ സംവിധാനം ചെയ്‌ത ഗാന്ധാരി എന്ന ചിത്രത്തിലെ ഒരു ഗാനം ചിത്ര പാടിയപ്പോൾ അത് അറംപറ്റി എന്നാണ് അദ്ദേഹം പറയുന്നത്. മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പുതിയങ്കം മുരളിയുടെ വാക്കുകൾ
ഭയങ്കര വിഷമം വന്ന പാട്ടുണ്ട്. ആ പാട്ട് ഞാനേ മറക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ, പ്രത്യേകിച്ച് കെഎസ് ചിത്രാജിയും മറക്കാൻ ഇടയില്ല. ഗാന്ധാരി എന്നാണ് ചിത്രത്തിന്റെ പേര്. മാധുരി അമ്മയായിരുന്നു ഹീറോയിൻ. ആ ചിത്രം ഹീറോയിൻ ഓറിയന്റഡ് ആയിരുന്നു. ഒരു ഹീറോയിൻ റിവഞ്ച് എടുക്കുന്ന സീൻ ആയിരുന്നു. ആ ചിത്രത്തിൽ ഒരു കുട്ടിയുണ്ട്, ആ കുട്ടിയുടെ മരണത്തെ കുറിച്ച് പറയുന്നൊരു പാട്ടുണ്ട്. എസ്‌പി വെങ്കിടേഷ് ആയിരുന്നു മ്യൂസിക്.
കണ്ണിൻ മണിയെ എന്ന് പറയുന്നൊരു പാട്ടുണ്ട്. ടച്ചിങ് ആയ പാട്ടായിരുന്നു. കുട്ടി പിരിഞ്ഞുപോവുന്നത് അല്ലേ. അത് വിഷമം ഉണ്ടാക്കുന്നതല്ലേ. ചിലപ്പോൾ അത് അറംപറ്റും. പാടുന്നവർക്ക് ആയിരിക്കാം, അല്ലെങ്കിൽ എഴുതിയവർക്കോ അഭിനയിച്ചവർക്കോ ഒക്കെ വരാം. അത് അവർക്ക് അറംപറ്റി, ചിത്രയ്ക്ക്. ആയിരിക്കാം അല്ലായിരിക്കാം. ശരിയാണോ അല്ലയോ എന്ന് എനിക്കും അറിയില്ല. അവർ പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് ഒരമ്മയില്ല.
ചിലപ്പോൾ അന്ന് അത് പറഞ്ഞിട്ടുണ്ടാവില്ല, അല്ലെങ്കിൽ പറഞ്ഞുകാണും. ചിലരുടെ ട്യൂൺ ഒക്കെ തന്നാൽ ശഠിക്കും. എന്തെങ്കിലും ഒക്കെ എഴുതിവച്ചാൽ ടെമ്പററി ആയിട്ട് ഹിറ്റാവും എന്ന് അല്ലാതെ ഒരിക്കലും എക്കാലവും നിലനിൽക്കില്ല. ആ പാട്ട് എഴുതുമ്പോൾ എനിക്ക് ഒന്നും തോന്നിയിരുന്നില്ല. വിഷമമുള്ള ഒരു രംഗം ആയിരുന്നല്ലോ അത്. ചില വിപരീത കാര്യങ്ങൾ ഒക്കെ സംഭവിച്ചല്ലോ പിന്നെ. അതാണ് ഞാൻ പറയുന്നത്.
നമ്മളൊന്നും കാണാത്തതും കേൾക്കാത്തതും ഒക്കെ ആയിട്ടുള്ള അത്രയും പ്രതിഭകൾ നമ്മുടെ നാട്ടിൽ അലഞ്ഞു നടക്കുന്നുണ്ട്. ഒരിക്കൽ ഞ എറണാകുളത്ത് ഉണ്ടായിരുന്നു, സംവിധായകൻ ജയരാജ് ഒപ്പമുണ്ടായിരുന്നു. ഒരാൾ പെട്ടെന്ന് പുതിയങ്കം മുരളി അല്ലേ എന്ന് ചോദിച്ചുവന്നു. ഒരു പതിനാറ് വയസ് മാത്രമുള്ള പയ്യൻ. അയാൾ എഴുതിയ പാട്ടുകൾ കാണിച്ചു, അസാധ്യം എന്നേ എനിക്ക് പറയാനുള്ളൂ.
അതുപോലെ മുൻപ് ശരത്തുമായി ഒരു അനുഭവമുണ്ടായി. എന്നെ അദ്ദേഹത്തിന്റെ ട്യൂണിൽ ഒരു പാട്ടെഴുതാനായി എന്നെ വിളിച്ചിരുന്നു. എഴുതി കഴിഞ്ഞപ്പോൾ ഒന്ന് രണ്ട് വരികൾ എന്നോട് മാറ്റാൻ പറഞ്ഞു. അത് മാറ്റികൊടുത്തപ്പോഴും മതിയായില്ല. അവസാനം എനിക്ക് പറ്റില്ലെന്ന് തീർത്തുപറഞ്ഞു. ചിലപ്പോൾ എന്റെ ശൈലി അദ്ദേഹത്തിന് ഇഷടം ആയിട്ടുണ്ടാവില്ല.












Click it and Unblock the Notifications