വാലിബനെ മലർത്തിയടിച്ചോ കൊടുമൺ പോറ്റി? ഭ്രമയുഗം ആദ്യദിനം നേടിയത് ഇത്ര, അമ്പരന്ന് പ്രേക്ഷകർ
അഭിനയത്തിൽ ഒരിക്കൽ കൂടി പ്രേക്ഷകരെ ഞെട്ടിച്ച മമ്മൂട്ടിയുടെ പുതിയ പരകായ പ്രവേശമായ കൊടുമൺ പോറ്റി എന്ന കഥാപത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഒരു പരീക്ഷണ ചിത്രമായി ഒരുപക്ഷേ കാലം അടയാളപ്പെടുത്താൻ പോവുന്ന ഭ്രമയുഗത്തിന്റെ ആദ്യദിന കളക്ഷൻ ഞെട്ടിക്കുന്നതാണ്.
മമ്മൂട്ടിയുടെ ഭ്രമയുഗം ആഗോളതലത്തില്‍ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. മാസ് അവതാർ പടമോ, ഒരു സമ്പൂർണ എന്റർടെയ്‌നറോ അല്ലാതിരുന്നിട്ട് കൂടി ചിത്രത്തിന് ഇത്രയധികം കളക്ഷൻ നേടാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

കേരളത്തില്‍ നിന്ന് മാത്രം 3.5 കോടി രൂപയാണ് ഭ്രമയുഗം നേടിയത്. ഇന്നലെ ബുക്ക് മൈ ഷോയില്‍ ചിത്രം റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം ടിക്കറ്റുകളാണ് വിറ്റത് എന്നാണ് ട്രേഡ് അനലിസ്‌റ്റുകള്‍ പുറത്തുവിട്ട ബുക്ക് മൈ ഷോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുൻകൂറായും കേരളത്തില്‍ നിന്ന് ഒരു കോടി രൂപയിലധികം ഭ്രമയുഗം നേടിയിരുന്നു എന്നായിരുന്നു ഇവരുടെ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനെ കളക്ഷനിൽ മലർത്തിയടിക്കാൻ ഭ്രമയുഗത്തിന് കഴിഞ്ഞില്ല. ഈ ചിത്രം ആദ്യദിനം 12.27 കോടി രൂപയോളം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് നേടിയിരുന്നു. എന്നാൽ പിന്നീട് മോശം പ്രതികരണങ്ങൾ വന്നതോടെ ചിത്രത്തിന്റെ കളക്ഷൻ താഴേക്ക് പോവുകയായിരുന്നു.
കേരള ബോക്‌സ് ഓഫീസ് ഓപ്പണിംഗ് കളക്ഷനില്‍ ദളപതി വിജയ് നായകനായി എത്തിയ ലിയോ 12 കോടി രൂപയുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പത്താമതുള്ള മലൈക്കോട്ടൈ വാലിബൻ നേടിയത് 5.85 കോടി രൂപയാണ്. കേരളത്തില്‍ നിന്നുള്ള ഒരു സിനിമയുടെ ആഗോളതലത്തില്‍ ഒന്നാമത് മോഹൻലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ്, 20.40 കോടി രൂപയുമായാണ് ഇത് ഒന്നാമത് നിൽക്കുന്നത്.
അതേസമയം, മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ഭ്രമയുഗം സംവിധാനം ചെയ്‌തത് ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവനാണ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ഭൂതകാലത്തിന് ശേഷം രാഹുൽ ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് ഷെഹ്‍നാദ് ജലാലാണ്. സംഗീത സംവിധാനം ക്രിസ്‌റ്റോ സേവ്യറും. പൂർണമായും പഴയ കാലഘട്ടത്തെ ചിത്രീകരിക്കുന്ന ഈ സിനിമ ബ്ലാക്ക്-വൈറ്റിലാണ് ഒരുക്കിയത്. കൂടാതെ ചിത്രവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉയർന്നുവന്നിരുന്നു. കുഞ്ചമൺ ഇല്ലാതെ മോശക്കാരാക്കി ചിത്രീകരിക്കുന്നു എന്ന പരാതിയെ തുടർന്ന് കഥാപാത്രത്തിന്റെ പേരിൽ ഉൾപ്പെടെ മാറ്റം വരുത്തിയിരുന്നു.












Click it and Unblock the Notifications