'മമ്മൂട്ടിയ്ക്ക് ആ സിനിമയിൽ കിട്ടിയ പ്രതിഫലം വെറും 150 രൂപ, പക്ഷേ സുകുമാരന് കൊടുത്തത് 40,000..!'; വിബികെ മേനോൻ
ഇന്ത്യൻ സിനിമയിലെ ഇതിഹാസ നായകനാണ് മമ്മൂട്ടി. തലമുറകളെ പ്രചോദിപ്പിച്ച താരമെന്ന വിളിപ്പേര് സ്വന്തമായുള്ള അദ്ദേഹം കഴിഞ്ഞ അൻപത് വർഷത്തിൽ അധികമായി സിനിമാ ഇൻഡസ്ട്രിയിൽ തന്റെ പ്രഭ മങ്ങാതെ മുന്നോട്ട് പോവുകയാണ്. അടുത്തകാലത്തായി ചില ആരോഗ്യ പ്രശ്‌നങ്ങൾ ഒക്കെ അദ്ദേഹത്തെ അലട്ടിയിരുന്നുവെങ്കിലും ഇപ്പോൾ അതിൽ നിന്നെല്ലാം പൂർണമായി മുക്തനായി വന്നിരിക്കുകയാണ് മമ്മൂട്ടി എന്ന മഹാപ്രതിഭ.
സിനിമയിൽ വീണ്ടും സജീവമായി വരികയാണ് മമ്മൂട്ടി. അതിനിടയിൽ പഴയകാല കാര്യങ്ങളും ചർച്ചയാവുന്നുണ്ട്. സിനിമയിലെ അറിയപ്പെടുന്ന നിർമ്മാതാവാണ് വിബികെ മേനോൻ. മമ്മൂട്ടിയുമായി ആദ്യം സഹകരിച്ചതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം ഇപ്പോൾ. പ്രമുഖ സംവിധായകൻ ജയരാജുമായി വെള്ളിത്തിര ചാനലിൽ നടത്തിയ അഭിമുഖത്തിലാണ് വിബികെ മേനോൻ ഇക്കാര്യത്തിൽ മനസ് തുറന്നത്.

വിബികെ മേനോന്റെ വാക്കുകൾ ഇങ്ങനെ
ആദ്യമായി ഞാൻ മമ്മൂട്ടിയെ കാണുന്നത്, എന്റെയൊപ്പം വാസുവേട്ടൻ, എംബി ശ്രീനിവാസൻ, ഹരി പോത്തൻ എന്നിവർക്ക് ഒപ്പമായിരുന്നു. അന്ന് ആ പെർഫോമൻസ് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു, ഞാൻ പറയുകയും ചെയ്‌തിരുന്നു. ഇയാൾക്ക് നല്ലൊരു ഭാവിയുണ്ട്, വളരെ മെലിഞ്ഞ് വെള്ളമടിച്ച് നിൽക്കുന്ന ഒരു കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. സുകുമാരനെ അടിക്കുന്നൊരു സീൻ ആയിരുന്നു.
അന്ന് മമ്മൂക്കയ്ക്ക് പണം കൊടുത്തത് ഞാൻ ആയിരുന്നില്ല. അന്ന് എന്റെ മരുമകൻ സച്ചിദാനന്ദൻ ആയിരുന്നു പ്രൊഡക്ഷൻ മാനേജർ. 75 രണ്ട് രൂപ നോട്ട് ആയിരുന്നു കൊടുത്തത്. എന്ന് വച്ചാൽ 150 രൂപ. അത് പുള്ളി തന്നെ അഡ്‌മിറ്റ് ചെയ്‌തിട്ടുള്ള കാര്യമാണ്, ആദ്യം കിട്ടിയത് അതാണെന്ന് പറഞ്ഞുകൊണ്ട്. അന്ന് ഒരു പുതുമുഖത്തിന് കിട്ടാവുന്ന പണമാണ്. സുകുമാരന് 40,000 രൂപയായിരുന്നു പ്രതിഫലം.
അന്ന് ജയഭാരതി ആയിരുന്നു നായികയായി അഭിനയിക്കേണ്ടി ഇരുന്നത്. അതിനിടയിൽ അവർ സത്താറുമായി പ്രണയത്തിൽ ആവുകയും എന്തൊക്കെയോ പ്രശ്‌നങ്ങൾ ആവുകയും ഒക്കെ ചെയ്‌തിരുന്നു. അന്ന് അവർക്ക് 10000 രൂപ ഞാൻ അഡ്വാൻസ് കൊടുത്തതാണ്. ആ പണം പോയി. പിന്നെ ആരാണെന്ന് വച്ചാൽ തപ്പി എടുക്കാൻ ഞാൻ പറഞ്ഞു. അങ്ങനെയാണ് ശ്രീവിദ്യ ഈ സിനിമയിലേക്ക് വരുന്നത്.
അന്ന് അവർ വളരെ തിരക്കിൽ ജോലി ചെയ്യുന്ന സമയമായിരുന്നു. എങ്കിലും അവർ ഡേറ്റ് തന്നു. എങ്കിലും വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന ആ സിനിമ കാര്യമായ സക്‌സസ് ഉണ്ടാക്കി തന്നിരുന്നില്ല. കാരണം എനിക്ക് ഒന്നും കിട്ടിയില്ല. നല്ല സിനിമ എന്ന ഒരു ഇത് മാത്രമുണ്ടായിരുന്നു. അവാർഡുകൾ കിട്ടാൻ വേണ്ടി ആ സിനിമ ഞാൻ അവിടെയും അയച്ചിരുന്നില്ല.
അന്ന് കൊടുത്തിരുന്നെങ്കിൽ എന്തെങ്കിലും ഒക്കെ അവാർഡ് കിട്ടിയേനെ. പിന്നീട് അതിന്റെ സംവിധായകൻ ആസാദുമായി കാര്യമായ കോൺടാക്റ്റ് ഒന്നും ഉണ്ടായിരുന്നില്ല. അതിനകത്ത് പിന്നെയൊരു ട്രാജഡിയും ഉണ്ടായി. അവിടുത്തെ ഷൂട്ട് കഴിഞ്ഞ് ഇവിടെ എത്തുന്നതിന് മുൻപ് ആസാദ് ആത്മഹത്യ ചെയ്‌തു. പടം തീരുന്നതിന് മുൻപ് ആയിരുന്നു അത്.
അവരുടെ കുടുംബത്തിൽ സഹോദരിയുടെ കല്യാണമോ മറ്റെന്തൊക്കെയോ പ്രശ്‌നങ്ങൾ ഒക്കെ കാരണമാണ്. എന്താണ് കൃത്യമായ കാരണമെന്ന് ഇന്നും അറിയില്ല. പക്ഷേ അദ്ദേഹം ആത്മഹത്യ ചെയ്‌തു. ആ സമയത്ത് ഷൂട്ടിംഗ് പൂർത്തിയായിരുന്നില്ല. മമ്മൂട്ടിയുടെ ഭാഗം ഉൾപ്പെടെ ഷൂട്ട് ചെയ്‌തത് എംടി വാസുദേവൻ നായർ ആയിരുന്നു. കേരളത്തിൽ ഉള്ള ഷൂട്ടിംഗിന്റെ 90 ശതമാനവും വാസുവേട്ടൻ തന്നെയാണ് ചെയ്‌തത്. പേര് ആസാദിന്റെ തന്നെയായിരുന്നു വച്ചത്.












Click it and Unblock the Notifications