'സ്വന്തമായി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ ഷൂട്ട് മുടങ്ങണമെന്ന് ലാലേട്ടൻ അന്ന് ആഗ്രഹിച്ചു'; മുകുന്ദൻ മേനോൻ
സിനിമയിൽ തന്റെ സർവാധിപത്യം തെളിയിച്ച നടൻമാരിൽ ഒരാളാണ് മോഹൻലാൽ. ഒരു സൂപ്പർതാരം എന്നതിലുപരി നടനെന്ന നിലയിൽ എല്ലാ ഉയരങ്ങളും കീഴടക്കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ 47 വർഷങ്ങളായി അഭിനയ ജീവിതത്തിൽ മോഹൻലാൽ നേടിയ നേട്ടങ്ങൾ സമാനതകൾ ഇല്ലാത്തതാണെന്ന് ഓരോ മലയാളിക്കും അറിയാം. എന്നാൽ പലരും കാണാത്ത ഒന്നാണ് മോഹൻലാലിലെ നാടക അഭിനേതാവ്.
കാവാലം നാരായണ പണിക്കരുടെ കർണഭാരം പോലെയുള്ള മഹത്തായ സൃഷ്‌ടികൾ വേദിയിൽ അവിസ്‌മരണീയമാക്കിയത് മോഹൻലാൽ ആയിരുന്നു. സംസ്‌കൃത നാടകം ആയിരുന്നിട്ട് കൂടി മോഹൻലാൽ തന്മയത്വത്തോടെയാണ് ഇത് അവതരിപ്പിച്ചത്. അതുപോലെ തന്നെ മോഹൻലാലിന്റെ കരിയറിൽ ഏറെ പ്രധാനപ്പെട്ട നാടകമായിരുന്നു ഛായാമുഖി. നടൻ മുകേഷ് ഉൾപ്പെടെ ഭാഗമായ ഈ നാടകവും സംസ്‌കൃതത്തിൽ ഉള്ളതായിരുന്നു.

ഇപ്പോഴിതാ ഛായാമുഖിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അതിൽ മോഹൻലാലിനും മുകേഷിനും ഒപ്പം പ്രധാന വേഷം അവതരിപ്പിച്ച നടൻ മുകുന്ദൻ മേനോൻ. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഛായാമുഖിയിൽ ലാലേട്ടനും മുകേഷേട്ടനും അഭിനയിക്കാൻ വരുന്നതിൽ ഏറ്റവും സന്തോഷിച്ചത് താനായിരുന്നു എന്നാണ് മുകുന്ദൻ മേനോൻ പറയുന്നു. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.
മുകുന്ദൻ മേനോന്റെ വാക്കുകൾ
എനിക്ക് നാടകത്തിൽ ബാക്ക്ഗ്രൗണ്ട് മാത്രമല്ലെ ഉണ്ടായിരുന്നൂള്ളൂ, ലാലേട്ടനും മുകേഷേട്ടനും ഒന്നും അങ്ങനെ ആയിരുന്നില്ലലോ. ഛായാമുഖിയുടെ സംവിധായകൻ എന്ന് പറയുന്നത് നാടകം അരച്ച് കലക്കി കുടിച്ചയാളായിരുന്നു. പ്രശാന്ത് നാരായണൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പതിനേഴാം വയസിൽ ആട്ടക്കഥ എഴുതുകയും ഒരുപാട് നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും ഒക്കെ ചെയ്‌തിട്ടുള്ള വ്യക്തി കൂടിയായിരുന്നു. സംവിധാന മേഖലയിൽ ഒരുപാട് ഉത്‌കൃഷ്‌ടമായ കഴിവുകൾ ഉള്ളൊരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
അങ്ങനെയാണ് അവർ ശരിക്കും ഈ നാടകത്തിലേക്ക് വരുന്നത്. എന്നെ പ്രശാന്താണ് അതിലേക്ക് ക്ഷണിച്ചത്. പക്ഷേ എനിക്കതിൽ വരുന്നതിന് മുൻപ് വലിയ സന്തോഷം നൽകിയ ഒരു കാര്യമുണ്ടായിരുന്നു. തൊണ്ണൂറുകളിൽ സാമുവേൽ ബെക്കെറ്റ് മരിച്ചപ്പോൾ ലോകത്ത് എല്ലായിടത്തും അദ്ദേഹത്തിന് ആദരസൂചകമായി നാടകങ്ങൾ അരങ്ങേറിയിരുന്നു. അദ്ദേഹം ലോക പ്രശസ്‌തനായ നാടകകൃത്തും എഴുത്തുകാരനും ആയിരുന്നു.
എല്ലായിടത്തും അദ്ദേഹത്തിന് ആദരസൂചകമായി നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. അന്ന് ഞാനും ഒരു നാടകം ചെയ്‌തിരുന്നു. ഞാൻ അഭിനയിച്ചിരുന്നു, ഒരു വൺമാൻ ഷോ ആയിരുന്നു. വികെ പ്രകാശാണ് അത് സംവിധാനം ചെയ്‌തത്. അന്ന് ബോംബെയിൽ ആണ് അത് നടന്നത്, രണ്ട് പ്രാവശ്യം അവിടെ അവതരിപ്പിച്ചിരുന്നു, വലിയ വിജയമായിരുന്നു ഈ നാടകം. ഒരുപാട് പേർ നേരിട്ട് വന്ന് അഭിനന്ദിക്കുകയും ചെയ്‌തു.
കൊച്ചിയിലും ട്രിവാൻഡ്രത്തും ഒക്കെ കളിച്ചപ്പോൾ ഉള്ള വ്യത്യാസം എന്താണെന്ന് വച്ചാൽ കാര്യമായി അംഗീകാരം കിട്ടിയില്ല. എല്ലാവരും നന്നായി എന്ന് പറഞ്ഞു. ബോംബെയിൽ ഒക്കെ കളിച്ചപ്പോൾ കാണികൾ എന്നെ കാണാൻ വേണ്ടി വന്നിരുന്നു. നസറുദ്ദീൻ ഷാ ഉൾപ്പെടെ നേരിട്ട് വന്ന് അഭിനന്ദിച്ചിരുന്നു. അദ്ദേഹത്തിന് എന്നെ അറിയുക പോലുമില്ല. പക്ഷേ കേരളത്തിൽ നിന്ന് അങ്ങനെയൊരു സ്വീകരണം ആയിരുന്നില്ല ലഭിച്ചത്. ഒരുപക്ഷേ എന്നെ എല്ലാവർക്കും അറിയുന്നത് കൊണ്ടായിരിക്കാം. അതെനിക്ക് വിഷമമുണ്ടാക്കി.
അങ്ങനെയാണ് ഞാൻ ഒരു തീരുമാനം എടുത്തത്. ഇനി വളരെയധികം ആളുകൾ ഇടിച്ചുകയറുന്ന നാടകങ്ങൾക്ക് മാത്രമേ ഞാൻ വരികയുള്ളൂ എന്നായിരുന്നു ആ തീരുമാനം. മുകുന്ദന്റെ നാടകം ഉണ്ടിന്ന്, എന്തായാലും പോയി കാണണം എന്ന് പറയുന്ന നിലയിലേക്ക് എത്തിയാലേ ഇനി ചെയ്യുന്നുള്ളൂ എന്നായിരുന്നു തീരുമാനം. അതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായില്ല.
അങ്ങനെ എനിക്ക് ഒരുപാട് കാലത്തേക്ക് നാടകങ്ങൾ തന്നെ ഇല്ലായിരുന്നു, ഞാൻ വെറുതെ നാടകങ്ങൾ ഇല്ലാതെ ഇരുന്നതാണ്. ഞാൻ പിന്നെ നാടകങ്ങളിൽ അഭിനയിക്കുകയേ ചെയ്‌തിരുന്നില്ല. അവിടെയാണ് ഛായാമുഖി വന്നത്. കാരണം ലാലേട്ടനും മുകേഷേട്ടനും ഒക്കെ ഇതിൽ ഉണ്ടല്ലോ. അവരെ കാണാൻ വേണ്ടി എങ്കിലും ആളുകൾ വരുമെന്ന് ഉറപ്പാണ്. അത്രയും വലിയ നടൻമാർ ഉള്ളതല്ലേ. ആളുകൾ തടിച്ചുകൂടുമെന്ന് ഉറപ്പായിരുന്നു.
അത് ശരിയാവുകയും ചെയ്‌തു. ബാംഗ്ലൂരിൽ അന്ന് ആ നാടകം കളിച്ചപ്പോൾ പതിനായിരത്തിൽ അധികം കണികളാണ് കാണാൻ എത്തിയത്. എന്ന് വച്ചാൽ അത്രയും വലിയ സെറ്റപ്പിൽ ആയിരുന്നു അവിടെ നാടകം നടത്തിയത്. വലിയൊരു മൈതാനത്തിൽ സ്‌റ്റേജ് കെട്ടി മുഴുവനായും അത് കെട്ടിമറിച്ചു കൊണ്ടാണ് നാടകം അവിടെ അവതരിപ്പിച്ചത്. ഛായാമുഖിയിലെ അനുഭവങ്ങൾ പറയാൻ തുടങ്ങിയാൽ അത് ഒരിക്കലും തീരില്ല.
ആ നാടകത്തിന്റെ റിഹേഴ്‌സൽ സമയത്തെ കാര്യങ്ങൾ പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്. ലാലേട്ടനൊക്കെ നാടകത്തോട് കാണിക്കുന്ന ഒരു പാഷനും ഡെഡിക്കേഷനും ഒക്കെ കണ്ടപ്പോൾ ഞങ്ങളൊക്കെ അന്തംവിട്ട് നിന്നുപോയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു സംഭവവും അവിടെ നടക്കുകയും ചെയ്‌തിരുന്നു. ലാലേട്ടൻ തന്നെ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു സിനിമയുടെ ഷൂട്ട് ആ സമയത്ത് നടക്കുന്നുണ്ടായിരുന്നു.
ഒരു ദിവസം ക്യാമ്പിൽ വന്ന് പറഞ്ഞു നാളെ ബന്താണ് അതുകൊണ്ട് ചിലപ്പോൾ സിനിമയുടെ ഷൂട്ട് നടക്കില്ല. അങ്ങനെയാണെങ്കിൽ നമ്മൾക്ക് നാളെ മുഴുവൻ ഇവിടെ കിട്ടുമായിരുന്നു എന്ന്. ഷൂട്ട് ഇല്ലാതിരുന്നാൽ മതിയായിരുന്നു എന്നൊക്കെയാണ് പുള്ളി പറയുന്നത്. അപ്പുറത്ത് പുള്ളി തന്നെ നിർമ്മിക്കുന്ന സിനിമയുടെ ഷൂട്ടാണ് നടക്കുന്നത്. എന്നിട്ട് അത് മുടങ്ങിയാലും സാരമില്ല നാടകത്തിന് സമയം കിട്ടുമല്ലോ എന്നാണ് പറയുന്നത്.
അദ്ദേഹത്തിന്റെ ആ ഒരു താൽപര്യവും നാടകത്തോടുള്ള അങ്ങേയറ്റത്തെ നാടകം ചെയ്യണമെന്നുള്ള ഒരു ആഗ്രഹവും ഒക്കെ ശരിക്കും അമ്പരപ്പിച്ചു. എന്നോട് അവർ സജഷൻ ചോദിച്ചിരുന്നില്ല. കാരണം ഞാൻ ആയാലും പ്രശാന്ത് ആയാലും ഡ്രാമ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ആളുകളായിരുന്നു. പ്രശാന്ത് നാരായൺ ഒരു ജീനിയസ് ആയിരുന്നു. അയാൾ ഉള്ള സമയത്ത് എന്നോട് ഒരു അഭിപ്രായം ചോദിക്കേണ്ട കാര്യമേ ഇല്ല താനും.
പിന്നെ മുകേഷേട്ടനെ കുറിച്ചൊക്കെ അങ്ങനെ പറയുകയേ ചെയ്യരുത്. അദ്ദേഹത്തിന്റെ പാരമ്പര്യം തന്നെ നാടകത്തിന്റേതാണ്. നാടകത്തിൽ നിന്ന് വന്ന ആളുകൾ അല്ലേ അവരൊക്കെ. അവരുടെ വീട്ടിൽ ഉള്ള അത്രയും നാടകക്കാർ വേറെ എവിടെയുണ്ടാവും കേരളത്തിൽ. അദ്ദേഹം മാധവൻ സാറിന്റെ മകനല്ലേ. അതുകൊണ്ട് ആ ചോദ്യത്തിന് പ്രസക്തിയില്ല.
ലാലേട്ടൻ കാലസൃഷ്‌ടിയിൽ അങ്ങേയറ്റം ഇൻവോൾവ് ചെയ്‌തു നിൽക്കുന്ന ഒരാളാണ്. അദ്ദേഹം എന്ത് കാര്യത്തിൽ ആയാലും അങ്ങനെയാണ്. ഒരു ഫൈറ്റ് ചെയ്യുമ്പോൾ പോലും അതുമൂലം ഉണ്ടാവുന്ന ശാരീരികമായ ബുദ്ധിമുട്ടുകൾക്ക് ഉപരി അദ്ദേഹം നിറഞ്ഞ മനസോടെ സന്തോഷത്തോടെയാണ് അത് ചെയ്‌തു തീർക്കുന്നത്. അപ്പൊ എന്തിനെയും, അത്രയും വെല്ലുവിളികൾ നിറഞ്ഞ കാര്യങ്ങളെ ഈസിയായി ചെയ്യാനാണ് അദ്ദേഹം ഇഷ്‌ടപ്പെടുന്നത്.
അദ്ദേഹത്തിനെ കുറിച്ച് പറയുമ്പോൾ ആ ഒരു ആഭിമുഖ്യം തന്നെ എടുത്തുപറയണം. ഛായാമുഖിയിലേത് തന്നെ പറഞ്ഞാൽ, അദ്ദേഹം മുൻപ് ഒരു സംസ്‌കൃത നാടകം കാവാലം നാരായണപ്പണിക്കർ സാറിന്റെ പഠിച്ചിട്ട് ചെയ്‌തിട്ടുണ്ടല്ലോ. അതിന് വേണ്ടി അദ്ദേഹം സംസ്‌കൃതം പഠിക്കുകയുമാണ് ചെയ്‌തത്. ഛായാമുഖിയെ കുറിച്ച് പറയുകയാണെങ്കിൽ ക്യാമ്പിലുള്ള എല്ലാവരും പെട്ടെന്ന് ഡയലോഗുകൾ പഠിച്ചെടുത്തു.
എന്താണ് കാരണം എന്ന് വച്ചാൽ ലാലേട്ടനാണ്. പുള്ളി ഫ്‌ളൈറ്റിൽ ഇരുന്നോട്ടൊക്കെ ഇത് വായിച്ചു പഠിക്കുകയാണ്. എല്ലാ ഡയലോഗുകളും പുള്ളിക്ക് കാണാപാഠമാണ്. ലാലേട്ടന് കാണാപാഠം ആയാൽ പിന്നെ ഞങ്ങളും അങ്ങനെ ആവാതിരിക്കാൻ കഴിയില്ലലോ. മുഴുവൻ സമയവും പുള്ളി വർക്ക് ചെയ്തോണ്ട് ഇരിക്കുകയാണ്. രണ്ട് ദിവസം ഫൈറ്റ് ഷൂട്ട് ചെയ്‌ത് കഴിഞ്ഞിട്ടാണ് പുള്ളി നാടക ക്യാമ്പിലേക്ക് വരുന്നത്.
അവിടെ പയർ പോലെ നിൽക്കുകയാണ്. അപ്പോൾ ആ ഡെഡിക്കേഷനാണ് പ്രധാനം. വിവിധ ഫോർമാറ്റുകൾ ചെയ്യാൻ അദ്ദേഹത്തെ സഹായിക്കുന്നത്. അന്ന് മമ്മൂക്ക പ്രശംസിച്ചത് അപ്പോഴത്തെ സാഹചര്യത്തിൽ ആയിരിക്കും. ഇന്നത്തെ പോലെ മീഡിയ ഒന്നുമില്ലലോ. ചർച്ചയാവുന്ന കാര്യങ്ങൾ ഒന്നുമില്ലലോ. അന്ന് സ്‍മാർട്ട്ഫോൺ ഇല്ലാലോ. ലാലേട്ടനോടൊപ്പമുള്ള നാടക അനുഭവമാണ് എനിക്ക് പ്രിയങ്കരം.












Click it and Unblock the Notifications