'മോഹൻലാൽ ന്യൂജെൻ സംവിധായകർക്ക് ഡേറ്റ് കൊടുക്കണം, മമ്മൂക്ക ഭയങ്കര സോഫ്റ്റ് ആയിട്ടുള്ള മനുഷ്യൻ'; രാജീവ് രംഗൻ
ഒരുകാലത്ത് മലയാള സിനിമയിൽ ഒട്ടേറെ യുവപ്രതിഭകൾ ഒരുമിച്ച് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയിരുന്നു. തൊണ്ണൂറുകളുടെ പകുതിയോടെ ആയിരുന്നു അത്. അങ്ങനെ ജോഷി സംവിധാനം ചെയ്‌ത സൈന്യത്തിൽ ഉൾപ്പെടെ മികച്ച വേഷം ചെയ്‌ത നടനായിരുന്നു രാജീവ് രംഗൻ. അന്ന് മുതൽ കട്ടിയുള്ള കറുത്ത കണ്ണട വച്ച താരത്തെ അങ്ങനെയാരും മറക്കാൻ സാധ്യതയില്ല. ഒട്ടേറെ സിനിമകളിൽ രാജീവ് ചെറുതും വലുതുമായി വേഷങ്ങൾ ചെയ്‌തിരുന്നു.
1977ൽ പുറത്തിറങ്ങിയ 'വിടരുന്ന മൊട്ടുകൾ' എന്ന സിനിമയിൽ ബാലനടനായിട്ടാണ് രാജീവ് രംഗൻ തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. തുടർന്ന് 1979ൽ 'ഹൃദയത്തിന്റെ നിറങ്ങൾ' എന്ന ചിത്രത്തിലും ബാലനടനായി അദ്ദേഹം അഭിനയിച്ചു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം രാജീവ് രംഗൻ അഭിനയത്തിലേക്ക് കടന്നുവരുന്നത്. 1989 ൽ മമ്മൂട്ടി നായകനായ ചരിത്രം എന്ന സിനിമയിലൂടെയാണ് രാജീവ് അഭിനയ രംഗത്തേയ്ക്ക് മടങ്ങി വന്നത്.

അതിനുശേഷം ഹിസ് ഹൈനസ് അബ്‌ദുള്ള, അർത്ഥന, സ്ത്രീധനം തുടങ്ങി ഇരുപത്തിയഞ്ചിലധികം സിനിമകളിൽ അദ്ദേഹം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്‌തിരുന്നു. ഇപ്പോഴിതാ സിനിമയിലെ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം. മോഹൻലാൽ പുതിയ സംവിധായകർക്ക് ഡേറ്റ് കൊടുക്കണമെന്നാണ് രാജീവ് പറയുന്നത്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
രാജീവ് രംഗന്റെ വാക്കുകൾ
ശരിക്കും സൈന്യത്തിൽ ഞങ്ങളൊക്കെ അഭിനേതാക്കൾ ആയിരുന്നു. നമ്മൾ എല്ലാവരും അതിൽ അസിസ്‌റ്റന്റ്സ് ആയിരുന്നു. ദിലീപ് അടക്കം ഞങ്ങൾ എല്ലാവരും ഡയറക്ഷൻ സൈഡിൽ സഹായിച്ചിരുന്നു. ജോഷിയേട്ടന്റെ പടത്തിൽ സഹകരിക്കുക എന്ന് പറയുന്നത് പോലും ഒരു യൂണിവേഴ്‌സിറ്റി പോലെയാണ്.പുള്ളി മാസായിട്ട് പടം എടുക്കുന്ന ഒരാളാണ്. അതുപോലെ തന്നെ ശശിയേട്ടന്റെ പടത്തിലും അങ്ങനെയാണ്.
ശശിയേട്ടന്റെ പടം എന്ന് പറഞ്ഞാൽ ഒരു 12 ആർട്ടിസ്‌റ്റ് ഉണ്ടെങ്കിൽ അത്രയും പേരെ ഒറ്റ ഫ്രയിമിൽ കൊണ്ട് വരുന്ന ആളാണ്. ഇതൊക്കെ പാഠങ്ങളാണ്, പിന്നെ നല്ല രസമാണ്. സൈന്യത്തിന്റെ സെറ്റ് ഭയങ്കര അടിച്ചുപൊളി ആയിരുന്നു. അവിടുത്തെ മലയാളി അസോസിയേഷന് വേണ്ടി ദിലീപും അഭിയും മിമിക്രി അവതരിപ്പിക്കുക, വിക്രം മിമിക്രി അവതരിപ്പിക്കുക ഒക്കെ ചെയ്‌തിരുന്നു. അവിടെ എന്റർടൈൻമെന്റ് പരിപാടികൾ അവതരിപ്പിച്ചിരുന്നു.
മമ്മൂക്ക ഭയങ്കര സോഫ്റ്റ് ആയിട്ടുള്ള മനുഷ്യനാണ്. പക്ഷേ സോഫ്റ്റ് ആവുന്നത് മൂഡ് അനുസരിച്ച് ആയിരിക്കും. എന്താടാ എന്ന് പോലും സ്നേഹത്തോടെ ആയിരിക്കും ചോദിക്കുന്നത്. അങ്ങനെ ചിന്തിച്ചാൽ കഴിഞ്ഞു. പുള്ളിയുടെ സ്നേഹം ആയിരുന്നു. ചരിത്രം എന്ന് പറയുന്ന ജിഎസ് വിജയൻ ചേട്ടന്റെ ചിത്രത്തിലാണ് ഞാൻ കൊറേ കാലത്തിന് ശേഷം അഭിനയിക്കുന്നത്.
മമ്മൂക്ക വന്ന് ജോയിൻ ചെയ്‌തു. റഹ്മാന്റെ ഫ്രണ്ട്സിൽ ഒരാൾ ആയിട്ടാണ് എന്റെ വേഷം. കഥയൊക്കെ എന്തൊക്കെയോ മാറി പിരിമുറുക്കത്തിലായിരുന്നു. മമ്മൂക്കയോട് സായലോഗ് പറയുന്ന സീൻ ആയിരുന്നു. ഞങ്ങളെ വിരട്ടുന്ന ഒരു സീൻ ആയിരുന്നു. അപ്പൊ ആര് പറയും എന്നാണ്. ഒറ്റ ടേക്കിൽ പറയണം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ എന്റെ ഡയലോഗ് പറഞ്ഞു. പിന്നെയാണ് എന്നെ വിളിച്ച് എവിടെയാ എന്നൊക്കെ എന്നോട് ചോദിച്ചു.
പുള്ളിയുടേത് മസിൽ പിടുത്തമല്ല, അത് സ്നേഹമാണ്. ഇപ്പൊ അമ്മയുടെ മീറ്റിംഗ് നടക്കുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങളുടെ അടുത്ത് വന്ന് അത് കഴിക്കേടാ ഇത് കഴിക്കേടാ എന്നൊക്കെ വന്ന് പറഞ്ഞിരുന്നു. അന്നത്തെ സ്‌റ്റാർടം വേറെ ആയിരുന്നല്ലോ. മമ്മൂക്ക വരുമ്പോൾ ആണല്ലോ ആ ലൊക്കേഷനിൽ ഒരു ഓളം വരുന്നത്. പണ്ടത്തെ തമിഴ് സിനിമ ആയാലും ഹിന്ദി സിനിമ ആയാലും താരങ്ങൾ ആണല്ലോ എല്ലാം.
ലാലേട്ടനുമായി പണ്ട് മുതലേ നല്ല ബന്ധം ആയിരുന്നു. അദ്ദേഹം ഒരു ജോവിയൽ ആയിട്ടുള്ള ആളാണ്. പക്ഷേ ഷോട്ട് സമയത്ത് ഇതുവരെ നമ്മൾ കാണാത്ത ഒരാൾ ആയിരിക്കും. കിരീടത്തിൽ ഒക്കെ നമ്മൾ അത് കണ്ടിട്ടുണ്ട്, എന്താണ് പുള്ളി ചെയ്യാൻ പോവുന്നതെന്ന് നമുക്ക് അറിയാൻ പറ്റില്ല. എഴുതി വച്ചിരിക്കുന്ന സാധനത്തിൽ പുള്ളി എന്താ റീപ്രൊഡ്യൂസ് ചെയ്യുക എന്ന് ആ ഷോട്ട് എടുക്കുമ്പോഴേ അറിയാൻ പറ്റൂ.
ആ ഷൂട്ട് ഒക്കെ നേരിട്ട് കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു. ആ ക്ലൈമാക്‌സ് ഫൈറ്റ് ഒക്കെ ചെയ്യുമ്പോൾ ലാലേട്ടന്റെ കാല് വയ്യാതെയാണ് പോത്തിന്റെ ഒക്കെ ഇടയിൽ കിടന്ന് ഫൈറ്റ് ചെയ്യുന്നത്. ഇത്രയും ഡെഡിക്കേഷൻ ഉള്ള ആളാണ്. ഇന്ന് ഇപ്പോൾ മുൻനിരയിൽ ഉള്ള ആളുകൾക്ക് എല്ലാം ആ ഡെഡിക്കേഷൻ ഉള്ളവരാണ്. എനിക്കൊന്നും അതില്ലാതെ പോയി. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ കൊറച്ച്കൂടി നല്ല കഥാപാത്രങ്ങൾ കിട്ടിയേനെ.
ഇനിയിപ്പോൾ എനിക്ക് സൈഡ് റോൾസ് മാത്രമേ കിട്ടൂ. ഒരു സ്‌റ്റാർടം ഉണ്ടാക്കി വരുമ്പോൾ ഉണ്ടല്ലോ, അപ്പോൾ അത് നടന്നില്ല. ഒന്നും പറഞ്ഞുകൂടാ ഇനിയും എന്ത് വേണമെങ്കിലും സംഭവിക്കാം. അർത്ഥന എന്ന സിനിമ എനിക്ക് പ്രതീക്ഷിക്കാതെ കിട്ടിയതാണ്. വേറെയൊരു സിനിമയ്ക്ക് വേണ്ടി ശശിയേട്ടന്റെ അടുത്തേക്ക് പോയതാണ്. അത് ഡ്രോപ്പ് ആയിരുന്നു. പിന്നെ വീട്ടിൽ എത്തിയപ്പോഴാണ് പ്രൊഡക്ഷൻ കൺട്രോളർ ഈ സിനിമയിൽ കാസ്‌റ്റ് ചെയ്‌തെന്ന് പറഞ്ഞു വിളിക്കുന്നത്.
ഇപ്പോഴത്തെ ഓഡിയൻസ് എന്ന് പറഞ്ഞാൽ നല്ലത് കണ്ടാൽ നല്ലതെന്ന് പറയും, നിങ്ങളെ സപ്പോർട്ട് ചെയ്യും. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അവർ പ്രതീക്ഷിക്കുന്നത് കിട്ടിയാലേ അവർ പറയൂ. എന്തുവായിത് എന്നൊക്കെ അവരുടേത് കണ്ട് ചോദിക്കുന്നില്ലേ. അതേസമയം ഒരു പുതിയ ആൾ വന്ന് അസ്സലായിട്ട് കാണിച്ചു കഴിഞ്ഞാൽ അദ്ദേഹം കൊള്ളാം കേട്ടോ എന്ന് പറയാറുണ്ടല്ലോ.
അങ്ങനെയുള്ള ഒരു ഓഡിയൻസ് ആണിപ്പോൾ. പണ്ട് പക്ഷേ ഇതൊക്കെ തീരുമാനിക്കുന്നത് വേറെ കൊറേ പ്രൊപ്പഗണ്ടസ് ആയിരുന്നു. അതിപ്പോൾ ഇല്ല. ഞാനൊരു സബ്‌ജക്റ്റ് പ്ലാൻ ചെയ്‌തു ഒരാളെ കണ്ടു ആ കഥാപാത്രത്തിന് പറ്റിയ ആളാണ് എന്നൊക്കെ തോന്നിയാൽ നമുക്ക് അഭിനയിപ്പിക്കാൻ കഴിയും. അതിന് പറ്റിയ കാലമാണിത്. ഷോട്ട് ഫിലിമൊക്കെ ചെയ്യുന്ന എത്രയോ പിള്ളേർ സിനിമയിൽ നന്നായി അഭിനയിക്കുന്നുണ്ട്.
ലാലേട്ടനൊന്നും അങ്ങനെ ആരെയും ഒഴിവാക്കണം എന്ന ചിന്തയുള്ള ആളല്ല. പക്ഷേ പുള്ളി കാലത്തിന് അനുസരിച്ച് മാറാൻ നോക്കുമല്ലോ. എന്റെ അഭിപ്രായത്തിൽ കൊറേ കാലത്തിന് ശേഷം പുള്ളി ചെയ്യുന്ന തരുൺ മൂർത്തിയുടെ പടമില്ലേ,അതുപോലെയുള്ള പടങ്ങൾ ചെയ്യുമ്പോൾ മാത്രമാണ് അദ്ദേഹത്തിന് ഗുണമുണ്ടാവുക. ഓഡിയൻസിന് അപ്പോഴാണ് നടനെ നല്ല രീതിയിൽ കണക്റ്റ് ആവുക, വരവേൽപ്പ് പോലത്തെ സിനിമകളും ചെയ്യണം.
ഷോമാൻ ടൈപ്പിലുള്ള സിനിമകൾ കൂടുതലായും വരും. പഴയ സീനിയർ സംവിധായകർക്ക് പടമില്ല എന്ന് പറയുന്നതിന്റെ കാരണം എനിക്ക് അറിയില്ല. എന്തെങ്കിലും അപ്രോച്ചിന്റെ രീതിയോ, സബ്‌ജക്റ്റ് നല്ലത് കിട്ടാത്തത് കൊണ്ടോ ഒക്കെ ആയിരിക്കും. സിബി സാറിനെ കുറിച്ച് പറയുക ആണെങ്കിൽ ലാലേട്ടന്റെ ഏറ്റവും നല്ല സിനിമകൾ നൽകിയ സംവിധായകനാണ്. നല്ല ഇനിഷ്യേറ്റിവ് ആണ് ഒരു പ്രൊജക്റ്റിന്റെ നട്ടെല്ല്.
ഒരാൾ എടുക്കുന്ന ഇനിഷ്യേറ്റിവ് ആണല്ലോ ഒരു പടം. അതിന്റെ കുറവായിരിക്കാം. സിബി സാറും ലാലേട്ടനും തമ്മിലുള്ള ഏറ്റവും നല്ലൊരു കോമ്പിനേഷൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ. കിരീടം പോലെ എന്നല്ല അങ്ങനത്തെ ഒരു സാധനം വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. പ്രിയൻ ചേട്ടന്റെ ലാലേട്ടനുമായുള്ള പഴയ കോമിക് ഐറ്റം വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. അത് മാത്രമെന്നല്ല. ന്യൂ ജനറേഷന്റെ പടങ്ങൾ ഒക്കെ വരണം. അങ്ങനത്തെ കഥാപാത്രങ്ങൾ ചെയ്‌താൽ ജനങ്ങൾ ഭയങ്കര ഹാപ്പിയായി.












Click it and Unblock the Notifications