'സിൽക്ക് സ്‌മിതയ്ക്ക് അയാളിൽ നിന്നും പീഡനം നേരിടേണ്ടി വന്നു, സ്വത്തിന്റെ പകുതിയും തട്ടിയെടുത്തു'; അഷ്‌റഫ്
തെന്നിന്ത്യൻ സിനിമയിലെ താരറാണി എന്നറിയപ്പെടുന്ന അഭിനേത്രിയായിരുന്നു സിൽക്ക് സ്‌മിത. അഭിനയ മികവ് ഉണ്ടായിട്ടും താരം പലപ്പോഴും ഗ്ലാമറസ് വേഷങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്‌തത്. കരിയറിന്റെ തുടക്കത്തിൽ മികച്ച സ്വഭാവ വേഷങ്ങൾ ചെയ്‌തിരുന്ന താരം വൈകാതെ ഇത്തരം വേഷങ്ങളിലേക്ക് കൂടുമാറുകയായിരുന്നു. എൺപതുകളിലും, തൊണ്ണൂറുകളിലും സിൽക്ക് സ്‌മിത തരംഗം തന്നെയായിരുന്നു.
ചിത്രത്തിലെ നായകൻ, നായികമാരേക്കാൾ ആരാധകരും താരത്തിനുണ്ടായിരുന്നു. ജനിച്ചത് ആന്ധ്രയിൽ ആയിരുന്നെങ്കിലും തമിഴിലൂടെയാണ് താരം സിനിമയിൽ മുഖം കാണിച്ചത്.കൊടിയ ദാരിദ്ര്യത്തിൽ സിനിമയുടെ സ്വപ്‌ന ലോകത്തേക്ക് ഇറങ്ങിയ വിജയലക്ഷ്‌മി എന്ന സിൽക്ക് സ്‌മിതയുടെ ജീവിതം പക്ഷേ അത്ര സുഖകരമായിരുന്നില്ല.

പ്രണയ പരാജയവും ഒറ്റപ്പെടലും വേട്ടയാടിയിരുന്ന താരം ഒടുവിൽ സ്വയം ജീവനെടുക്കുകയായിരുന്നു. ഇപ്പോഴിതാ സിൽക്ക് സ്‌മിതയുടെ സംഭവ ബഹുലമായ ജീവിതത്തിനെ കുറിച്ച് സംസാരിക്കുകയാണ് ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താരത്തെ കാമുകൻ ചതിച്ചതും സിനിമയിലെ സ്‌റ്റാർഡത്തെ കുറിച്ചുമൊക്കെ ആലപ്പി അഷ്‌റഫ് തുറന്ന് സംസാരികുന്നുണ്ട്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
സിൽക്ക് സ്‌മിത എന്ന നടിയെ നമ്മൾ കാണുമ്പോൾ അവർക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹമുള്ള ഒരു മനസുണ്ടായിരുന്നു. എന്നാൽ ആ നിഷ്‌കളങ്കതയെ ചൂഷണം ചെയ്‌ത് അവരുടെ ജീവിതം ഇല്ലാതാക്കിയ ചില അനുഭവങ്ങളുണ്ട്. ഇണയെ തേടി എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ ആന്ധ്രക്കാരി വിജയലക്ഷ്‌മിക്ക് സ്‌മിത എന്ന പേര് നൽകിയത് അന്തരിച്ച മലയാളി സംവിധായകനായ ആന്റണി ഈസ്റ്റ്മാനായിരുന്നു. പിന്നീട് സിൽക്ക് എന്ന കഥാപാത്രം ചെയ്‌തതോടെ അവർ സിൽക്ക് സ്‌മിത ആയി മാറി.
മാദക നടി ആയിട്ടല്ല അവർ തുടങ്ങിയത് സംവിധായകൻ ഭാരതിരാജയുടെ ചിത്രത്തിൽ അവർ ചെയ്‌ത ഒരു വേഷത്തിന് ഏറെ സ്വീകാര്യത ലഭിക്കുകയുണ്ടായി, വില്ലന്റെ ഭാര്യയായിരുന്നു അതിൽ അവർ. പിന്നീട് ഗംഗൈ അമരൻ സംവിധാനം ചെയ്‌ത കോഴി കൂവത് എന്ന ചിത്രത്തിൽ ഉപനായികയായും അവർ അഭിനയിച്ചു. പ്രഭുവിന്റെ ജോടിയായി സ്‌മിത അഭിനയിച്ച ആ സിനിമയും ബോക്‌സോഫീസിൽ ഹിറ്റായിരുന്നു.
അവരുടെ ഡേറ്റ് കിട്ടുന്നതിനായി നിർമ്മാതാക്കളും സംവിധായകരും മത്സരരിച്ചിരുന്നു. അവർ നൻമ നിറഞ്ഞ ഒരു മനസിന്റെ ഉടമ കൂടിയായിരുന്നു. പലപ്പോഴും മറ്റുളളവരുടെ ബുദ്ധിമുട്ടുകൾ പറയാതെ തന്നെ അവർ മനസിലാക്കി പ്രവർത്തിച്ചിരുന്നു. ഈരാളി ബാലൻ എന്ന നിർമാതാവിനുണ്ടായ അനുഭവം അതിനുളള ഉത്തമ ഉദാഹരണമാണ്.
അഥർവ്വത്തിൽ അഞ്ച് ദിവസം അഭിനയിക്കാൻ ദിവസം 10,000 രൂപ സമ്മതിച്ച് അഡ്വാൻസ് കൊടുത്തു. മമ്മൂട്ടിയോടൊപ്പം നായികാ പ്രാധാന്യമുളള കഥാപാത്രം ചെയ്യാൻ അവർക്ക് നല്ല താൽപര്യം ഉണ്ടായിരുന്നു. ആ ചിത്രത്തിൽ 30 ദിവസത്തോളമാണ് അവർ അഭിനയിച്ചത്. അതോടെ പല വലിയ നിർമാതാക്കളുടെയും ചിത്രങ്ങൾ സിൽക്ക് സ്‌മിതക്ക് ഒഴിവാക്കേണ്ടി വന്നു.
അതിനിടെ ഈരാളി ബാലൻ കടത്തിലായി. പണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈരാളി ബാലന് പണം കൊടുത്ത് സഹായിക്കാൻ സ്‌മിത തയ്യാറായി. അവരുടെ പ്രതിഫലം വാങ്ങാതെ അങ്ങോട്ട് പണം കൊടുത്ത് സഹായിക്കുകയായിരുന്നു സിൽക്ക് സ്‌മിത. നിർമ്മാതാക്കളെ പിഴിയുന്ന നടിമാർ ഉണ്ടായിരുന്ന സമയമാണ് അത്. പക്ഷേ സ്‌മിത അങ്ങനെ ഒരാൾ ആയിരുന്നില്ല.
അവർ മരണപ്പെടുന്നതിന് മുൻപ് തെലുങ്കിൽ ഒരു കത്ത് എഴുതി വച്ചിരുന്നു. തനിക്ക് എവിടെ നിന്നും സ്‌നേഹം ലഭിച്ചിരുന്നില്ലെന്നാണ് കത്തിലുണ്ടായിരുന്നത്. എല്ലാവരുടെയും പ്രവൃത്തികൾ വേദനിപ്പിച്ചു. താൻ ഒരുപാട് സ്‌നേഹിച്ചത് കാമുകനായ ബാബുവിനെയായിരുന്നു. സ്വത്തിലെ പകുതിയും അയാൾക്ക് കൊടുത്തു. എന്നിട്ട് അയാളും വഞ്ചിക്കുകയായിരുന്നു. അയാളിൽ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. ആഭരണങ്ങൾ വരെ എടുത്തുകൊണ്ട് പോയി.












Click it and Unblock the Notifications