'എന്റെ കരിയറിന്റെ ഗ്രാഫ് ഉയരാഞ്ഞത് പാരകൾ കാരണം, ആരുടെയും കാശ് കൊണ്ട് നടനായ ആളല്ല ഞാൻ'; വിഷ്‌ണു പ്രകാശ്
സീരിയൽ രംഗത്തും സിനിമാ രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച നടൻമാരിൽ ഒരാളായിരുന്നു വിഷ്‌ണു പ്രകാശ്. പിൽക്കാലത്ത് കൈലാസി വിഷ്‌ണു പ്രകാശ് എന്ന പേരിലേക്ക് മാറിയ അദ്ദേഹം ആത്മീയതയുടെ പിന്നാലെയാണ്. എങ്കിലും കരിയറിൽ ഒട്ടേറെ ഹിറ്റ് മെഗാ സീരിയലുകളുടെയും സിനിമകളുടെയും ഒക്കെ ഭാഗമാവാൻ വിഷ്‌ണു പ്രകാശിന് കഴിഞ്ഞിരുന്നു. ഏഷ്യാനെറ്റിലെയും സൂര്യ ടിവിയിലെയും സീരിയലുകളിൽ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം.
മാത്രമല്ല സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയവർക്ക് ഒപ്പം ചില സിനിമകളിലും അദ്ദേഹം വേഷമിട്ടിരുന്നു. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, ഒരാൾ മാത്രം, സുന്ദര കില്ലാഡി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിൽ അതിൽ ഉൾപ്പെടുന്നു. ഇതിൽ തന്നെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ഒരാൾ മാത്രം എന്ന ചിത്രത്തിലെ കരുത്തുറ്റ വില്ലൻ വേഷം വിഷ്‌ണു പ്രകാശിന് ഏറെ പ്രശംസ നേടികൊടുത്തിരുന്നു.

ഇപ്പോഴിതാ എങ്ങനെയാണ് ഈ വേഷത്തിലേക്ക് വന്നതെന്നും അതിൽ അഭിനയിക്കാനുള്ള കാരണവും ഒക്കെ തുറന്ന് പറയുകയാണ് അദ്ദേഹം. ദുരഭിമാനം ഉപേക്ഷിച്ച് വേഷങ്ങൾക്കായി സംവിധായകരെ കാണാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയിലെ തന്റെ കരിയർ ഗ്രാഫ് താഴാൻ കാരണമായത് ചിലരുടെ പാരകൾ ആണെന്നും വിഷ്‌ണു പ്രകാശ് വെളിപ്പെടുത്തി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിഷ്‌ണു പ്രകാശിന്റെ വാക്കുകൾ
വിളവിറക്കാൻ കഷ്‌ടപ്പെട്ടാൽ മാത്രമേ വിളവെടുക്കാൻ സാധിക്കൂ. ഞാൻ ഹോട്ടൽ റിസപ്‌ഷനുകൾക്ക് അരികിലുള്ള കസേരയിൽ ചെന്ന് സംവിധായകരെ കാത്തിരിക്കാറുണ്ട്. അതിൽ എനിക്ക് ഒരു ദുരഭിമാനവും ഉണ്ടായിരുന്നില്ല. അന്ന് എന്നെ വിളിച്ച സംവിധായകൻ ഉണ്ട്, കൊറേ പേരൊന്നും വിളിച്ചിട്ടില്ല. അതിന്റെ കാരണം എന്തെന്ന് എനിക്കറിയില്ല.
ഒരാൾ മാത്രം സിനിമയിലേക്ക് വന്നതിന് പിന്നിൽ ഒരു കഥയുണ്ട്. ഞാൻ കെപിഎസിയിൽ നാടകം ചെയ്‌തു കൊണ്ടിരിക്കുന്ന കാലം. കോഴിക്കോട് നാടകം കളിക്കുമ്പോൾ പിവി ഗംഗാധരൻ സാറോ അനിയൻ പിവി ചന്ദ്രനോ ഒക്കെ വരാറുണ്ട്. മിക്കവാറും സമയത്തൊക്കെ നാടകം കാണാൻ അവർ വരാറുണ്ട്. അങ്ങനെ ഒരിക്കൽ പിവി ഗംഗാധരൻ സാറാണ് എന്നെ സത്യൻ അന്തിക്കാടിനെ പരിചയപ്പെടുന്നത്.
അങ്ങനെ അദ്ദേഹം എന്നെ മനസ്സിൽ വച്ചിട്ടുണ്ടെന്ന് പറഞ്ഞു. എനിക്ക് പറ്റിയ നല്ല വേഷം വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം പോയത്. പക്ഷേ വർഷം പത്തോ പന്ത്രണ്ടോ കഴിഞ്ഞാണ് ഒരിക്കൽ എന്നോട് കോഴിക്കോടേക്ക് വരാൻ പറയുന്നത്. അങ്ങനെ എനിക്ക് ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തിൽ ആദ്യമായി വേഷം കിട്ടി.
പിന്നെയാണ് ഒരാൾ മാത്രം എന്ന സിനിമയിലേക്കും അത് കഴിഞ്ഞ് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലേക്കും എന്നെ വിളിക്കുന്നത്. ഒന്ന് നടക്കാൻ പറഞ്ഞു ഞാൻ നടന്നു. ഒരു ഡയലോഗ് തന്നപ്പോൾ ഞാൻ പറഞ്ഞു. പിന്നെ അത് ഒരു സീനായും സിനിമ ആയും ഒക്കെ മാറി. എന്റെ ബന്ധുക്കൾ ആരും സിനിമയിൽ ഇല്ല. ആരുടേയും കാശ് കൊണ്ട് നടനായ ആളല്ല ഞാൻ.
എന്റെ കരിയറിൽ മറ്റൊരാൾ എങ്ങനെ ആയെന്ന് നോക്കി അതുപോലെ ആവണം എന്ന് ആഗ്രഹിക്കുന്നതിൽ കാര്യമില്ലലോ. നമ്മൾ എവിടെ എത്തണം എന്നുള്ളത് ഒരു തലവരയാണ്. എന്റെ കരിയർ ഗ്രാഫ് ഉയരാതെ പോയതിന്റെ ഒരു കാരണം പാരയാണ്. അതിലുണ്ടല്ലോ ഉത്തരം, കൂടുതൽ പേരുകൾ ഒന്നും പറയാൻ ഞാനില്ല.












Click it and Unblock the Notifications