കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ നക്സലൈറ്റുകള്‍ പിടിമുറുക്കുമ്പോള്‍...

  • By Staff
Google Oneindia Malayalam News

2003 ഒക്ടോബര്‍ ഒന്ന് ബുധനാഴ്ച വൈകീട്ട് തിരുപ്പതിയിലേക്കുള്ള പാതയില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പാ(പിഡബ്ല്യുജി)ണെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിനെ വധിയ്ക്കാന്‍ വരെ മുതിര്‍ന്നതോടെ ആന്ധ്രയില്‍ പിഡബ്ല്യുജി ഏറെ ശക്തിപ്രാപിച്ചുകഴിഞ്ഞുവെന്ന് വേണം കരുതാന്‍.

തിരുപ്പതിയില്‍ ചന്ദ്രബാബുനായിഡുവിനെ വധിയ്ക്കുക എന്ന ഉദ്ദേശത്തോടെ ആറ് ക്ലെയ്മോര്‍ കുഴിബോംബുകളാണ് റോഡില്‍ വച്ചിരുന്നത്. ഇത്രയും ഉയര്‍ന്ന സുരക്ഷാപ്രദേശമായിട്ടുകൂടി ഇവിടെ കുഴിബോംബ് സ്ഥാപിയ്ക്കാനായി എന്നത് നക്സലൈറ്റുകളുടെ സ്വാധീനത്തെ കാണിയ്ക്കുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാപിഴവുകള്‍ മുതലെടുത്താണ് നക്സലൈറ്റുകള്‍ സ്ഫോടനം നടത്തിയത്.

1996ല്‍ പിഡബ്ല്യുജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം പ്രഖ്യാപിച്ചത് മുതല്‍ ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും നക്സലൈറ്റുകളും തമ്മില്‍ അകല്‍ച്ചയുണ്ടാകുന്നത്. പിഡബ്ല്യുജി ഉടനെ അവരുടെ ഹിറ്റ്ലിസ്റില്‍ ഒന്നാമത്തെ പേരായി ചന്ദ്രബാബുനായിഡുവിന്റെ പേരെഴുതുകയും ചെയ്തു. നിരോധനപ്രഖ്യാപനത്തിന് ശേഷം പൊലീസും നക്സലൈറ്റുകളും തമ്മില്‍ സംഘട്ടനം മൂര്‍ച്ഛിച്ചു. ഇരുവിഭാഗത്തില്‍ നിന്നും ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. പക്ഷെ ആദ്യമായാണ് മുഖ്യമന്ത്രിയ്ക്ക് നേരെ ഇത്രയും ഗൗരവമേറിയ ആക്രമണമുണ്ടാവുന്നത്.

35 വര്‍ഷം മുമ്പ് ഒറിസ്സയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ആന്ധ്രയുടെ വടക്കന്‍തീരജില്ലയായ ശ്രീകാകുളത്താണ് പിഡബ്ല്യുജി പ്രവര്‍ത്തനം തുടങ്ങുന്നത്. എന്നാല്‍ പൊലീസിന്റെ- പ്രത്യേകിച്ചും തീവ്രവാദികളെ നേരിടാന്‍ പരിശീലനം നല്കിയ ഗ്രേഹൗണ്ട്സ് എന്ന പ്രത്യേക പൊലീസ്സേനയുടെ- പ്രത്യാക്രമണം ശക്തിപ്രാപിച്ചതോടെ നക്സലൈറ്റുകള്‍ തെക്കന്‍ ജില്ലകളിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റുകയായിരുന്നു.

കൃഷ്ണനദിയുടെ തീരത്തുള്ള നല്ലമാല കാട്ടിലും റായല്‍ സീമ പ്രദേശത്തെ കുര്‍ണൂല്‍, അനന്ത്പൂര്‍ ജില്ലകളിലും ആന്ധ്രയുടെ തെക്കന്‍ തീരജില്ലകളായ ഗുണ്ടൂര്‍, പ്രകാശം, കരിംനഗര്‍ ജില്ലകളിലും ഈയിടെയാണ് നക്സലൈറ്റുകള്‍ അവരുടെ പ്രവര്‍ത്തനം സജീവമാക്കിയത്. രണ്ടുവര്‍ഷം മുമ്പ് ഈ പ്രദേശത്ത് നക്സലൈറ്റുകളുടെ പ്രവര്‍ത്തനമേ ഇല്ലായിരുന്നു. നേരത്തെ ആന്ധ്രയുടെ വടക്കന്‍ തീരജില്ലകളിലും ഗോദാവരിയുടെ തീരത്തുള്ള തെലുങ്കാനപ്രദേശങ്ങളിലുമായി അവരുടെ പ്രവര്‍ത്തനം ഒതുങ്ങിനിന്നിരുന്നു.

പ്രധാനമായും ആന്ധ്രയിലെ തൊഴിലില്ലായ്മതന്നെയാണ് ചെറുപ്പക്കാരെ നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് തള്ളിവിടുന്നത്. ഇപ്പോള്‍ ധാരാളം പെണ്‍കുട്ടികളും പിഡബ്ല്യുജിയില്‍ അംഗങ്ങളാണ്. വളരെ ഉയര്‍ന്ന രീതിയിലുള്ള ആയുധപരിശീലനമാണ് പിഡബ്ല്യുജി പ്രവര്‍ത്തകര്‍ക്ക് നല്കുന്നത്. ആന്ധ്രയിലെ കുറ്റിക്കാടുകളും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗ്രഹമാകുന്നു.

ചന്ദ്രബാബുനായിഡു അധികാരത്തിലെത്തിയെങ്കിലും ആന്ധ്രയുടെ പിന്നാക്കപ്രദേശങ്ങളുടെ പുരോഗതിയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ചെറുപ്പക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിയ്ക്കാനും കഴിഞ്ഞില്ല. ഹൈദരാബാദിനെ ചുറ്റിപ്പറ്റി ചെറിയൊരു പ്രദേശത്ത് ഐടി മേഖലയില്‍ കുതിപ്പുണ്ടാക്കാന്‍ കഴിഞ്ഞുവന്നതല്ലാതെ ഹൈടെക് മുഖ്യമന്ത്രിയായ നായിഡുവിന് ഏറെയൊന്നും അവകാശപ്പെടാനില്ല.

കഴിഞ്ഞ വര്‍ഷം നക്സലൈറ്റുകള്‍ ചന്ദ്രബാബുനായിഡുവിനെ വധിയ്ക്കാന്‍ തെലുങ്കാന പ്രദേശത്ത് കുഴിബോംബ് സ്ഫോടനം നടത്തിയിരുന്നു. അന്ന് ഉഗ്രസ്ഫോടനത്തില്‍ ഒട്ടേറെ പൊലീസുകാര്‍ കൊല്ലപ്പെട്ടു.

2003 ഒക്ടോബര്‍ ഒന്നിന് ദിവസം സ്ഫോടനം നടന്ന തിരുമല ക്ഷേത്രത്തിനും തിരുപ്പതിയ്ക്കും ഇടയ്ക്കുള്ള പ്രദേശം ഉയര്‍ന്ന സുരക്ഷാസംവിധാനമുള്ള പ്രദേശമാണ്. അക്ഷര്‍ധാമില്‍ തീവ്രവാദി ആക്രമണം നടന്ന ശേഷം തിരുപ്പതി ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും ഉയര്‍ന്ന സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നിട്ടും ഇവിടെ കുഴിബോംബ് ആക്രമണം നടത്താന്‍ കഴിഞ്ഞത് പിഡബ്ല്യുജിയുടെ വൈദഗ്ധ്യം വിളിച്ചോതുന്നു.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നക്സലൈറ്റ് ആക്രമണത്തില്‍ ഒട്ടേറെ പ്രധാനവ്യക്തികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് എംപി മാഗുന്ത സുബരാമ റെഡ്ഡി, കോണ്‍ഗ്രസ് എംഎല്‍എമാരായ ഡി. രാഗ്യ നായിക്, എസ്. ചെന്ന റെഡ്ഡി, തെലുഗുദേശം എംഎല്‍എ പാല്‍വായ് പുരുഷോത്തം റാവു, മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ഡി. ശ്രീപാദ റാവു എന്നിവര്‍ നക്സലൈറ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ്. 1999-2002 കാലയളവില്‍ പിഡബ്ല്യുജി 74 രാഷ്ട്രീയ നേതാക്കളെ കൊന്നു. ഇതില്‍ 43 പേര്‍ ഭരണകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയില്‍ പെട്ടവരാണ്. 122 പൊലീസുകാരും കൊല്ലപ്പെട്ടു. ഇക്കാലയളവില്‍ പൊലീസ് 415 നക്സലൈറ്റുകളെ വധിച്ചു.

ഇനി എന്തായിരിയ്ക്കും ആന്ധ്രസര്‍ക്കാരിന്റെ നടപടി? കൂടുതല്‍ സായുധപ്പൊലീസിനെ ഉപയോഗിച്ച് നക്സലൈറ്റുകളെ വേട്ടയാടാനായിരിക്കും സ്വാഭാവികമായും ചന്ദ്രബാബു നായിഡു മുതിരുക. പക്ഷെ ആന്ധ്രയുടെ പിന്നോക്കാവസ്ഥ പരിഹരിയ്ക്കാനും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കാനും മുതിര്‍ന്നാലേ പിഡബ്ല്യുജി എന്ന തലവേദനയ്ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X