"കത്തോലിക്ക സഭയില്‍ സ്ത്രീ-പുരുഷ അസമത്വം"

മേരി പറയുന്നു. കത്തോലിക്കാ സഭയില്‍ സ്ത്രീ-പുരുഷ അസമത്വം ശക്തമാണ്. അച്ചന്‍മാരുടെ ആഗ്രഹത്തിന് കന്യാസ്ത്രീകള്‍ വിധേയരാവണമെന്നത് ഒരു അലിഖിത നിയമമാണ്. ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞാല്‍ ഒറ്റപ്പെടുത്തലാവും ഫലം. ഇരുപതാം വയസ്സില്‍ തന്നെ ഒരു പുരോഹിതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സിസ്റ്ററിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ സഭയെ പ്രതിരോധത്തിലാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്
''ദൈവകാരുണ്യത്തിന്റെ പ്രവാചകയും പ്രേക്ഷിതയുമായി മനുഷ്യമനസ്സുകളെ പ്രകാശിപ്പിച്ച് മനുഷ്യചേതനയെ തട്ടിയുണര്‍ത്തി മനുഷ്യ ഹൃദയത്തെ വിമലീകരിച്ച് വിശുദ്ധമാക്കാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവളാകുന്നു കന്യാസ്ത്രീ ഭൂമിയിലെ സര്‍വ്വ സുഖസൗകര്യങ്ങളും ത്യജിച്ച് ദൈവത്തിന്റെ മണവാട്ടിയാവുന്നവരെ കാത്തിരിക്കുന്നത് ഒട്ടേറെ ജീവിതപരീക്ഷണങ്ങളാണ്. എല്ലാത്തിനേയും സഹിഷ്ണുതയോടെ നേരിട്ടിട്ടും തിരുവസ്ത്രമുപേക്ഷിക്കേണ്ടി വന്ന കഥയാണ് പാല സ്വദേശിനിയായ സിസ്റ്റര്‍ മേരി ചാണ്ടിയ്ക്ക് പറയുന്നത്.
കന്യാസ്ത്രീ മഠത്തിന്റെ അകത്തളക്കഥകള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടിയ ആമേന്‍ പുറത്തിറങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോഴാണ് സഭയെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തലുകളുമായി മറ്റൊരു കന്യാസ്ത്രീ കൂടി രംഗത്തെത്തിയിരിക്കുന്നത്. സിസ്റ്റര്‍ ജെസ്മിയെ പോലെ വിവാദനായികയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുമ്പോഴും മേരിചാണ്ടിയെ കുറിച്ചുള്ള പുസ്തകം പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുമെന്നുറപ്പാണ്.
'നന്‍മ നിറഞ്ഞവളേ സ്വസ്തി' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം അറുപത്തിയേഴുകാരിയായ സിസ്റ്റര്‍ മേരിചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകളാണ്. അവരുമായി ഒരു കൂടിക്കാഴ്ചയ്ക്ക് പോകുമ്പോള്‍ തന്റേടിയായ ഒരു സ്ത്രീയുടെ മുഖമാണ് മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ തന്റെ കുഞ്ഞുങ്ങളെ അളവറ്റു സ്‌നേഹിക്കുന്ന വാത്സല്യനിധിയായ ഒരമ്മയെയാണവിടെ കാണാന്‍ കഴിഞ്ഞത്. സിസ്റ്ററുടെ ഉള്ളിലുള്ള നന്‍മയെ തിരിച്ചറിഞ്ഞതു കൊണ്ടാണ് പുസ്തകത്തിന് നന്‍മ നിറഞ്ഞവളേ സ്വസ്തി എന്ന് പേരിട്ടതെന്ന് പുസ്തകമെഴുതിയ ജോസ് പാഴൂക്കാരന്‍ വെളിപ്പെടുത്തുന്നു.
ചെറുപ്പത്തിലേ തന്നെ അവശത അനുഭവിക്കുന്നവരെ സഹായിക്കാന്‍ മേരിചാണ്ടി പ്രത്യേക താത്പര്യം കാണിച്ചിരുന്നു. അതുപോലെ തന്നെ അനുസരണക്കേട് കാണിക്കുന്നവരെ ഇടിയ്ക്കാനും തനിക്ക് മടിയില്ലായിരുന്നുവെന്ന് ചെറുചിരിയോടെ സിസ്റ്റര്‍ പറയുന്നു. അനീതിയ്‌ക്കെതിരെ ഏതുവിധേയനെയും പ്രതികരിക്കുന്ന ശീലം അന്നേ അവരില്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തം. മഠത്തിലെത്തിയപ്പോള്‍ സിസ്റ്റര്‍ മേരിയ്ക്ക് വിനയായതും ഈ സ്വഭാവമായിരുന്നു
നല്ല സാമ്പത്തികചുറ്റുപാടുള്ള സാഹചര്യങ്ങളില്‍ ജനിച്ച മേരിചാണ്ടിയ്ക്ക് സഭാവസ്ത്രമണിയാനുള്ള മോഹം സാക്ഷാത്കരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. വീട്ടുകാര്‍ക്ക് മകളെ മഠത്തിലയയ്ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായെങ്കിലും തന്റെ ആഗ്രഹം ഉപേക്ഷിയ്ക്കാന്‍ അവര്‍ തയ്യാറായില്ല. പതിമൂന്നാം വയസ്സില്‍ കന്യാസ്ത്രീയാവാനുള്ള മോഹം കൊണ്ട് വീട് വിട്ടിറങ്ങി മഠത്തില്‍ ചേര്‍ന്നു. എന്നാല്‍ സര്‍വ്വ ആഡംബരങ്ങളും ഉപേക്ഷിച്ച് യേശുവിന്റെ മണവാട്ടിയായി മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനുള്ള ആഗ്രഹത്താല്‍ മഠത്തിലെത്തിയ തനിയ്ക്ക് അവിടെ നേരിടേണ്ടി വന്നത് തിക്താനുഭവങ്ങളാണെന്ന് സിസ്റ്റര്‍ പറയുന്നു.
അടുത്ത പേജില്‍












Click it and Unblock the Notifications