കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നിധാനത്തെത്തിയ ജലീലിന് ഒരു റെഡ് സല്യൂട്ട്, ഗ്രീന്‍ സല്യൂട്ട് പിന്നൊരു കാവി സല്യൂട്ടും

കെടി ജലീല്‍ ഇപ്പോള്‍ ചെയ്ത കാര്യം മലയാളികള്‍ക്ക് മതത്തിനപ്പുറത്തേയ്ക്ക് ഒരു സമൂഹത്തില്‍ ഇടപെടാനുള്ള ഒരു സാധ്യതയാണ് തുറന്ന് കൊടുത്തിരിക്കുന്നത്

Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

വൺഇന്ത്യയിലെ സീനിയർ സബ് എഡിറ്ററാണ് ബിനു ഫൽഗുനൻ

ഒരാള്‍ ഏത് മതത്തില്‍ വിശ്വസിക്കണം എന്നതും വിശ്വസിക്കാതിരിക്കണം എന്നതും അയാളുടെ മാത്രം സ്വാതന്ത്ര്യമാണ്. എന്നാല്‍ കാലാകാലങ്ങളായി ഭൂരിപക്ഷം മനുഷ്യരുടേയും കാര്യത്തില്‍ അതല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനിതകമായി കിട്ടുന്ന പാരമ്പര്യം പോലെ മതംപേറി നടക്കുകയാണ് മനുഷ്യര്‍.

അതൊരു വലിയ പിശകല്ലെന്ന് വാദിക്കാം, പറയാം. പക്ഷേ തന്റെ മതം മാത്രമാണ് ശരിയെന്ന് വാദിക്കുന്ന ഒരു സമൂഹം ഉണ്ടായാല്‍ എന്ത് ചെയ്യും? മതത്തിനപ്പുറം മനുഷ്യനായി ജീവിക്കാന്‍ സാധിക്കില്ലെന്ന് പറയുന്ന കൂട്ടര്‍ ഉണ്ടായാല്‍ എന്ത് ചെയ്യും? മതം അടിവസ്ത്രം പോലെയാണെന്ന് പറയാറുണ്ട്. അത് ധരിക്കുന്നത് നല്ലതാണ്, ധരിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ അത് പുറത്തിട്ട് നടക്കരുത്. പക്ഷേ പലരും ചെയ്യുന്നതെന്താണ്?

സമകാലിക സാഹചര്യത്തില്‍ ഇത്രയും കാര്യങ്ങള്‍ പറയാന്‍ ഒരു കാരണമുണ്ട്- മന്ത്രി കെടി ജലീല്‍ ശബരിമല സന്നിധാനത്ത് സന്ദര്‍ശനം നടത്തിയ സംഗതി തന്നെ. ജലീല്‍ ചെയ്തത് മതവിരുദ്ധമായ കാര്യമാണെന്ന് പറയുന്നുവരുണ്ട്, ജലീല്‍ ഹിന്ദുക്കളെ അപമാനിച്ചു എന്നും പറയുന്നവരുണ്ട്. അവരോടൊക്കെ ഒന്നേ പറയാനുള്ളൂ- മനുഷ്യനെ പോലെ ചിന്തിക്കാന്‍ ശ്രമിക്കൂ, ജീവിക്കാന്‍ ശ്രമിക്കൂ...

കെടി ജലീലിന് ഒരു റെഡ് സല്യൂട്ടും, അതിനൊപ്പം ഒരു ഗ്രീന്‍ സല്യൂട്ടും കാവി സല്യൂട്ടും കൂടി കൊടുക്കുന്നു. അതിന് ചില കാരണങ്ങളുണ്ട്.

പ്രാക്ടീസിങ് മുസ്ലീം

പ്രാക്ടീസിങ് മുസ്ലീം

കെടി ജലീല്‍ എന്ന വ്യക്തി ഒരു പ്രാക്ടീസിങ് മുസ്ലീം ആണ്. മതപരമായ ആചാരങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം തന്റെ വ്യക്തി ജീവിതം നയിക്കുന്നത്. അക്കാര്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ചകള്‍ നടത്താറില്ലെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ പറയുന്നു.

ഒരാള്‍ മതാചാരങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് ജീവിക്കുന്നു എന്നത് ഒരിക്കലും ഒരു പ്രശ്‌നമേ അല്ല. എന്നാല്‍ അയാള്‍ ഒരു സാമൂഹ്യ ജീവിയായി ജീവിക്കുമ്പോള്‍ മതം അയാളിലെ മനുഷ്യനെ മറച്ചുവയ്ക്കരുത്. അക്കാര്യത്തില്‍ കെടി ജലീല്‍ മതം കീഴടക്കാത്ത മനുഷ്യനാണെന്ന് തെളിയിച്ചുകഴിഞ്ഞു.

മന്ത്രിയാണ്

മന്ത്രിയാണ്

കെടി ജലീല്‍ ഒരു മന്ത്രിയാണ്. അദ്ദേഹം തവനൂര്‍ മണ്ഡലത്തില്‍ ഇടത് സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. മുസ്ലീം ആയിട്ടാണ് ജീവിക്കുന്നത്. എന്നാല്‍ അതുകൊണ്ട് ഈ പറഞ്ഞ കൂട്ടങ്ങളില്‍ മാത്രമേ ജലീലിനെ പെടുത്താന്‍ പാടുള്ളൂ എന്നുണ്ടോ?

കെടി ജലീല്‍ ഇപ്പോള്‍ കേരളത്തിലെ ഒരു മന്ത്രിയാണ്. തവനൂരുകാരുടേയോ, സിപിഎമ്മുകാരുടേയോ, മുസ്ലീങ്ങളുടേയോ മന്ത്രിയല്ല. കേരളത്തിലെ ജനങ്ങളുടെ മന്ത്രിയാണ്. അതുകൊണ്ട് അദ്ദേഹം മുസ്ലീം ആയിട്ടോ സിപിഎം ആയിട്ടോ അല്ല പ്രവര്‍ത്തിക്കേണ്ടത്.

സിപിഎം ആണെങ്കിലും മുസ്ലീം ലീഗ് ആണെങ്കിലും ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല. എന്നാല്‍ പൊതുസമൂഹത്തിന്റെ പ്രതിനിധിയായ മന്ത്രിയ്ക്ക് അവിടേയും പോകേണ്ടിവരും. അതിന് തന്റെ രാഷ്ട്രീയ, മത ചിന്തകള്‍ ജലീലിന് ഒരിക്കലും ഒരു തടസ്സമായില്ല എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഗുണം.

ഒന്നും കാണിച്ച് കൂട്ടിയില്ല

ഒന്നും കാണിച്ച് കൂട്ടിയില്ല

ഒരു പൊതുസമ്മതിയ്ക്ക് വേണ്ടി ആളുകള്‍ എന്ത് വേണമെങ്കിലും കാണിച്ചുകൂട്ടുന്ന കാലമാണിത്. പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍. മുത്തലാക്ക് മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് വേണമെങ്കില്‍ ഗുജറാത്തിലെ സംഘപരിവാര്‍ നേതാവ് വരെ പറയും.

എന്നാല്‍ ജലീല്‍ അങ്ങനെ ഒരു ഗിമ്മിക്കും കാണിച്ചില്ല. വേണമെങ്കില്‍ സന്നിധാനത്ത് ഒന്ന് തൊഴുത് നിന്ന് രംഗം കൊഴുപ്പിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. പിന്നീട് തന്റെ ഭാഗം ന്യായീകരിച്ച് പിടിച്ച് നില്‍ക്കാനുള്ള പാണ്ഡിത്യമൊക്കെ കെടി ജലീലിനുണ്ട്. എന്നാല്‍ അദ്ദേഹം ഒരു മന്ത്രിയായിത്തന്നെയാണ് അവിടെ നിന്നത്. വിശ്വാസിയായിട്ടോ, വിശ്വാസിയെ പോലെ അഭിനയിച്ചിട്ടോ ആയിരുന്നില്ല.

മാതൃക സൃഷ്ടിച്ചു

മാതൃക സൃഷ്ടിച്ചു

പൊതുബോധത്തിന് മുന്നില്‍ ഒരു മാതൃക സൃഷ്ടിക്കാന്‍ കെടി ജലീലിന് കഴിഞ്ഞു എന്നത് പരമമായ ഒരു യാഥാര്‍ത്ഥ്യമാണ്. കേരളം ഉണ്ടായിട്ട് അറുപത് വര്‍ഷമാകുകയാണ്. അതിനിടെ എത്രയെത്ര മുസ്ലീം മന്ത്രിമാര്‍ കേരളത്തില്‍ ഉണ്ടായി. ഇടതുഭരണകാലത്ത് എത്ര മുസ്ലീം മന്ത്രിമാര്‍ ഉണ്ടായി. അവരാരും ചെയ്യാന്‍ ധൈര്യപ്പെടാതിരുന്ന ഒരു സാഹസം തന്നെയാണ് ജലീല്‍ ഇപ്പോള്‍ ചെയ്തിട്ടുള്ളത്.

മതത്തിന്റെ പേരില്‍ കൂടുതല്‍ കൂടുതല്‍ അകന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന് മുന്നില്‍ ഇതിലും വലിയ എന്ത് മാതൃകയാണ് ഒരു മന്ത്രി കാണിക്കേണ്ടത്? പരസ്പരം ബഹുമാനമുണ്ടെങ്കില്‍ നിങ്ങളുടെ മതവിശ്വാസത്തിന് ഒരു കോട്ടവും തട്ടില്ലെന്ന് പറയാന്‍ ആര്‍ജ്ജവം കാണിച്ച ജലീലിനെ സല്യൂട്ട് ചെയ്യാതിരിക്കുന്നതെങ്ങനെ?

ഓര്‍മിപ്പിക്കല്‍

ഓര്‍മിപ്പിക്കല്‍

ഇന്ന് ഓണത്തിന് മുസ്ലീങ്ങള്‍ പങ്കെടുക്കരുത്, ഓണം ആഘോഷിക്കരുത് എന്നൊക്കെയാണ് ചിലര്‍ പറയുന്നത്. കടലിനും മീനിനും വരെ മതംകല്‍പിച്ചുകൊടുക്കുന്നു മറ്റ് ചിലര്‍. ആചാരങ്ങള്‍ കട്ടെടുക്കുന്നു എന്ന ആരോപണം വേറൊരു വശത്ത്.

കേരളം ഇത്രയൊന്നും പുരോഗമിക്കാതിരുന്ന കാലത്ത് ഇതൊന്നും ആര്‍ക്കും വലിയ പ്രശ്‌നം ആയിരുന്നില്ല. അമ്പലത്തിന് മുന്നില്‍ വരെ കൂട്ടുപോകാനോ പള്ളിക്ക് പുറത്ത് കാത്ത് നില്‍ക്കാനോ മലയാളികള്‍ക്ക് ഒരുമടിയും ഉണ്ടായിരുന്നില്ല.

അയ്യപ്പന്‍-വാവര്‍ കഥയിലെ ചരിത്രം അന്വേഷിക്കാതെ ആ സൗഹൃദത്തേയും ബന്ധത്തേയും ഓര്‍മിക്കാനെങ്കിലും ജലീല്‍ തയ്യാറായല്ലോ? അത് സമൂഹത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി ചര്‍്ച്ചയ്ക്ക് വക്കുകയും ചെയ്തല്ലോ. ഇത് ചരിത്രപരമായ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

പ്രസാദവും വാങ്ങി

പ്രസാദവും വാങ്ങി

ക്ഷേത്രങ്ങളില്‍ നിന്നുള്ള പ്രസാദം കഴിയ്ക്കാത്ത മുസ്ലീം സുഹൃത്തുക്കള്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നു. അത് കഴിയ്ക്കുന്ന സുഹൃത്തുക്കളായിരുന്നു കൂടുതല്‍.

സന്നിധാനത്തെത്തിയ ജലീല്‍ മേല്‍ശാന്തിയില്‍ നിന്ന് പ്രസാദം സ്വീകരിച്ചു എന്നാണ് പറയുന്നത്. അത് നല്ല കാര്യം തന്നെ. പലരും ഇന്ന് അതിന് പോലും മടിക്കും. അങ്ങനെ വാങ്ങിച്ചിട്ടുണ്ടെങ്കില്‍ അത് കഴിയ്ക്കുക കൂടി ചെയ്യാമായിരുന്നു.

പ്രസാദം എന്ന് പറഞ്ഞുതരുന്ന സാധനത്തെ പ്രസാദമായിത്തന്നെ കാണണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. അതിനെ അപമാനിക്കാതിരുന്നാല്‍ തരുന്നവര്‍ക്കും കുഴപ്പമില്ല. ഇനിയിപ്പോള്‍ അതിനെ പ്രസാദമായി കാണാതെ വെറും ഭക്ഷണ വസ്തുവായി കണ്ട് കഴിച്ചാല്‍ അത് ഏതെങ്കിലും തരത്തില്‍ ജലീലിന്റെ മതവിശ്വാസത്തെ ബാധിയ്ക്കും എന്ന് കരുതാനാവില്ല.

ഇതൊക്കെ കൊണ്ടാണ്

ഇതൊക്കെ കൊണ്ടാണ്

മേല്‍പറഞ്ഞ കാര്യങ്ങളൊക്കെ കൊണ്ടാണ് കെടി ജലീലിന് മൂന്ന് സല്യൂട്ടുകള്‍ നല്‍കണം എന്ന് തോന്നിയത്. റെഡ് സല്യൂട്ട് എന്നത് കമ്യൂണിസ്റ്റ് സല്യൂട്ടും, ഗ്രീന്‍ സല്യൂട്ട് എന്നത് മുസ്ലീം ലീഗ് സല്യൂട്ടും, കാവി സല്യൂട്ട് എന്നത് ബിജെപി സല്യൂട്ടും ആയി കാണേണ്ടതില്ല.

പരസ്പരം പോരടിക്കുന്നവരാണ് മൂന്ന് കൂട്ടരും. പക്ഷേ എങ്കില്‍ പോലും, ഈ മൂന്ന് വിഭാഗത്തിലുള്ളവരില്‍ ഭൂരിപക്ഷം പേരും ജലീലിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് തന്നെയാണ് കരുതുന്നത്. ചുരുങ്ങിയത് ഓണ്‍ലൈന്‍ ലോകത്തെങ്കിലും അത് കാണാന്‍ കഴിയുന്നുണ്ട്.

അതുകൊണ്ട് ഒരിക്കല്‍ കൂടി കെടി ജലീലിന് റെഡ് സല്യൂട്ട്, ഗ്രീന്‍ സല്യൂട്ട്, കാവി സല്യൂട്ട്

English summary
How KT Jaleel becomes an extra ordinary model for contemporary Malayalees by visiting Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X