എംടിയെ മുസ്ലീം വിരുദ്ധൻ ആക്കുന്നതിലെ അജണ്ട വേറെയാണ്... തീക്കൊള്ളികൊണ്ട് തലചൊറിയൽ; കെഎ ഷാജി എഴുതുന്നു

Subscribe to Oneindia Malayalam

കെഎ ഷാജി

മാധ്യമപ്രവര്‍ത്തകന്‍
ദി ഹിന്ദു ദിനപത്രത്തിന്റെ പാലക്കാട് സ്പെഷ്യൽ കറസ്പോണ്ടന്റ് ആണ് കെഎ ഷാജി. എഴുത്തുകൊണ്ടും, നിരീക്ഷണങ്ങൾ കൊണ്ടും സാമൂഹ്യ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം

എണ്‍പത്തി നാല് വയസ്സായി എം ടി വാസുദേവന്‍ നായര്‍ക്ക്. ഇക്കാലമത്രയും അദ്ദേഹം വളരെ നിഷ്ഠയോടെ കൂടെ കൊണ്ടുനടന്നതും ഇപ്പോഴും തുടരുന്നതുമായ ഒന്നാണ് അന്തര്‍മുഖത്വം. എഴുത്തുകാര്‍ അന്തര്‍മുഖര്‍ ആകണോ എന്നും അങ്ങനെ അല്ലെങ്കില്‍ എഴുതാന്‍ പറ്റില്ലേ എന്നും ചോദിച്ചാല്‍ എനിക്കറിയില്ല എന്ന് മാത്രമാണ് മറുപടി. പക്ഷെ അന്തര്‍മുഖത്വം അദ്ദേഹത്തിന്റെ ചോയിസ് ആണ്. അതിനെ മാനിക്കുക എന്നതാണ് പൗരസമൂഹവും വായനക്കാരും ചെയ്യേണ്ടത്.

എംടിയുടെ സാഹിത്യ സംഭാവനകളെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. ആത്മാര്‍ഥമായി പറഞ്ഞാല്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാളി എഴുത്തുകാരില്‍ മുന്നില്‍ നില്‍ക്കുന്ന ആളല്ല അദ്ദേഹം. മഞ്ഞ് മാത്രമാണ് ആവര്‍ത്തിച്ച്‌ വായിക്കുകയും ആസ്വദിക്കുകയും ചെയ്ത കൃതി. മറ്റ് പ്രധാന കൃതികള്‍ എല്ലാം ഒറ്റ മൂശയില്‍ വാര്‍ക്കപ്പെട്ടവ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രണ്ടാമൂഴത്തെക്കാള്‍ ഇഷ്ടമായത് വാനപ്രസ്ഥവും വാരാണസിയുമാണ്‌.

MT Vasudevan Nair

പക്ഷെ എന്നും ആദരവ് തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ മതേതര മനസ്സിനോടും നിലപാടുകളോടും ആണ്. ഇതര സാഹിത്യകാരന്മാരെയും സാഹിത്യകാരികളെയും പോലെ എന്തിലും ഏതിലും ചാടികയറി പ്രതികരിക്കുന്ന ആളല്ല എംടി. ചടങ്ങുകള്‍ക്ക് വിളിച്ചാല്‍ കഴിയുന്നതും അദ്ദേഹം ഒഴിഞ്ഞു മാറും. നിര്‍ബന്ധിച്ചാല്‍ ക്ഷുഭിതനാകും. വിളിക്കാന്‍ ചെന്ന ആള്‍ക്ക് നീരസം തോന്നും വിധം പെരുമാറും. കോഴിക്കോട് വിദ്യാര്‍ത്ഥിയും മാധ്യമ പ്രവര്‍ത്തകനും ആയിരുന്ന കാലത്തെല്ലാം ആ അനുഭവമുണ്ട്. കാലഘട്ടം ആവശ്യപ്പെടുന്ന പ്രതികരണം ചോദിച്ചു വിളിച്ചാല്‍ ഒന്നും പറയാനില്ല എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ വച്ചു കളയും.

ഇതൊക്കെയാണ് എംടി. നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും തന്റെ പ്രതികരണമോ ഇടപെടലോ വേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിനു വിരുദ്ധമായി അദ്ദേഹം സജീവമായി പ്രതികരിക്കുകയും ഇടപെടുകയും ചെയ്തത് ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമാണ്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച ഹിന്ദുത്വ കണ്‍സോളിഡെഷനെയും അതിനു ശേഷം രാജ്യം കണ്ട മതന്യൂനപക്ഷ വിരുദ്ധ കലാപങ്ങളെയും ആശങ്കയോടെ എം ടി കണ്ടു. ഇടതുപക്ഷ മതനിരപേക്ഷ സമൂഹത്തിന് ഒപ്പം നിന്ന് വലിയ ഇടപെടലുകള്‍ അദ്ദേഹം നടത്തി.

MT Vasudevan Nair

അതിനു ശേഷം അദ്ദേഹം കൃത്യമായി ഇടപെടല്‍ നടത്തിയത് മുത്തങ്ങയിലെ ഭൂരഹിത ആദിവാസികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ആണ്.

അന്നത്തെ ഒരു പ്രഭാതം ഇന്നും ഓര്‍ക്കുന്നു. ഞാന്‍ അടക്കം കോഴിക്കോട് അന്നുള്ള കുറെ അധികം മാധ്യമ പ്രവര്‍ത്തകര്‍ക്ക് എംടിയുടെ നേരിട്ടുള്ള ഫോണ്‍ വിളി വന്നു. വിശ്വസിക്കാന്‍ അല്പം സമയം എടുത്തു. വീടുവരെ വരണം. എനിക്ക് ചിലത് പറയാന്‍ ഉണ്ട്. അമ്പരപ്പായിരുന്നു മനസ്സില്‍. ആരെങ്കിലും പറ്റിക്കുകയാണോ എന്നും കരുതി.

ചെന്നപ്പോള്‍ സംസാരം ഒന്നുമില്ല. സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവന അദ്ദേഹം എടുത്തു നീട്ടി. നല്ല സുന്ദരമായ ഇംഗ്ലീഷില്‍...
അന്നത്തെ സര്‍ക്കാര്‍ നടത്തിയ ഒരു ഫിലിം ഫെസ്റ്റിവലിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വച്ചും ആദിവാസി ഭൂ സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും ആയിരുന്നു ആ പ്രസ്താവന. മുത്തങ്ങയിലേക്ക് പോയ ജനകീയ അന്വേഷണ കമ്മീഷനിലും സമര സഹായ സമിതിയിലും അദ്ദേഹം ശക്തമായ സാന്നിധ്യം ആയി.

പിന്നീട് അദ്ദേഹം കാര്യമായി അഭിപ്രായം പറഞ്ഞത് ഡിമോണിട്ടയ്സേഷനുമായി ബന്ധപ്പെട്ടു കേന്ദ്രത്തിന് എതിരെയാണ്. അന്ന് സംഘപരിവാര്‍ അദ്ധേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു. അദ്ദേഹം കൂടുതല്‍ ഒന്നും മിണ്ടിയില്ല.

MT Vasudevan Nair

എം ടി യോട് യോജിക്കുകയും വിയോജിക്കുകയും ആകാം. പക്ഷെ തീര്‍ത്തും സ്വകാര്യമായ ഒരു സംഭാഷണത്തില്‍ നിന്നും അടര്‍ത്തിയെടുത്തതും ഏകപക്ഷീയമായി വ്യാഘ്യാനിക്കപ്പെടുന്നതും ദുരുദ്ദേശത്തോടെ മാത്രം പ്രചരിപ്പിക്കപ്പെടുന്നതും ആയ രണ്ടു വരികളുടെ പേരില്‍ അദ്ദേഹത്തെ മുസ്ലീം വിരുദ്ധന്‍ ആക്കുന്നതിലെ അജണ്ട വേറെയാണ്. തന്റെ സ്വകാര്യതയില്‍ കയറി വന്ന് ചടങ്ങിനു വിളിക്കുന്നവരോട് ക്ഷുഭിതന്‍ ആകുമ്പോള്‍ പറയുന്നത് പോലെ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചവരോടും അദ്ദേഹം ക്ഷോഭം കാണിച്ചിരിക്കാം. അത് ഒരിക്കലും കാണാന്‍ ചെന്ന ആളുടെ മതം നോക്കിയുള്ള ക്ഷോഭം ആയിരുന്നില്ല എന്ന് എം ടി യെ വായിക്കുന്നവര്‍ക്കും നിരീക്ഷിക്കുന്നവര്‍ക്കും അറിയാം. സ്വകാര്യ സംഭാഷണങ്ങള്‍ അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അത്യന്തം അപകടകരമാണ്. തീക്കൊള്ളികൊണ്ട് തല ചൊറിയല്‍ ആണ്.

നിങ്ങളുടെ ശത്രുക്കള്‍ മതനിരപേക്ഷര്‍ ആണ് എന്ന് നിങ്ങള്‍ പറയുമ്പോള്‍ കുഴപ്പം അവര്‍ക്കല്ല, നിങ്ങള്‍ക്കാണ്.

ഒന്നു കൂടി പറയാം. എണ്‍പത്തിനാല് വര്‍ഷങ്ങള്‍ ഈ ഭൂമിയില്‍ മതേതര ബഹുസ്വര സമൂഹത്തിന്റെ ഭാഗമായി ജീവിക്കുകയും ആ സമൂഹത്തിന്റെ വെളിച്ചവും പ്രത്യാശയും പ്രതീക്ഷയും ആയി മാറുകയും ചെയ്ത ഒരാളെ ആരോ എവിടെയോ എന്തൊക്കെയോ പറഞ്ഞു ദുര്‍വ്യാഖ്യാനിക്കുമ്പോള്‍ മറ്റെല്ലാം മറന്ന് അത്തരക്കാര്‍ക്ക് ആര്‍പ്പു വിളിക്കുന്നതില്‍ ഒട്ടും ശരിയില്ല. സ്വത്വ ബോധവും വിഗ്രഹ ഭംജ്ഞനവും ഒക്കെ ആകാം. പക്ഷെ അതൊക്കെ ചെയ്യുമ്പോള്‍ മനസ്സില്‍ മിനിമം മര്യാദ ഉണ്ടായാല്‍ തരക്കേടില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Journalist KA Shaji writes about MT Vasudevan Nair regarding new controversy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്