കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയും ഭരണഘടനയും അബ്ദുറബ്ബും ഫാസിസവും

  • By Neethu B
Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബിനു.സമകാലീന വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് വിവരിയ്ക്കുകയാണ് വെടിവഴിപാട് എന്ന ഈ കോളത്തില്‍.

ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് ആണെന്ന കാര്യത്തില്‍ എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കും സംശയമുണ്ടാവില്ല. പൗരാവകാശത്തില്‍ നമുക്ക് യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നാണ് വപ്പ്. എന്നാലോ, ആശയം കൊണ്ടും രാഷ്ട്രീയം കൊണ്ടും നാമെപ്പോഴും അന്യന്റെ സ്വാതന്ത്ര്യത്തിന് മേല്‍ കുതിര കയറും. അത് മറ്റുള്ളവരെ നന്നാക്കാനാണെന്നായിരിക്കും നമ്മുടെ വിഡ്ഢി ബോധം കരുതുന്നത്.

ഇത് തന്നെയാണ് നമ്മുടെ മമ്മൂട്ടിയ്ക്കും പറ്റിയത്. മുസ്ലീം ലീഗുകാരനായ മന്ത്രി അബ്ദു റബ്ബിനെ ഒന്ന് മതേതരിച്ച് കളയാം എന്ന നല്ല ബുദ്ധി മാത്രമേ മമ്മൂട്ടിയ്ക്കുണ്ടായിരുന്നുള്ളു. അതിനദ്ദേഹം തന്റെ മതബോധവും, മതജീവിതവും ഒക്കെ ഒന്ന് എടുത്ത് പ്രയോഗിച്ചുനോക്കി എന്ന് മാത്രം.

mammootty

വിളക്ക്, നിലവിളക്ക്, കരിവിളക്ക്, മണ്ണെണ്ണ വിളക്ക്, റാന്തല്‍, പാനീസ് വെളക്ക് തുടങ്ങിയ വെളിച്ചദായനികളായ എല്ലാ സാധനങ്ങളും നല്ലത് തന്നെയാണെന്നാണ് പൊതു അഭിപ്രായം. വിളക്ക് ആരുടേയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയതായോ, അ വ്രണം വളര്‍ന്ന് വലുതായി ഏതെങ്കിലും അവയവും മുറിച്ച് കളയേണ്ടതായ സാഹചര്യം ഉണ്ടായതായോ ലോകചരിത്രത്തില്‍ എവിടേയും രേഖപ്പെടുത്തിയിട്ടില്ല.

എന്നിരുന്നാലും, നിലവിളക്ക് കൊളുത്തുന്നത് ഹൈന്ദവാചാരത്തിന്റെ ഭാഗമാണെന്ന് മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി ധരിച്ചുവച്ചിരിയ്ക്കുന്നത് അത്ര വലിയ പാതകമൊന്നും അല്ല. രാജ്യത്തിന്റെ അഖണ്ഡതയേയോ സുരക്ഷയേയോ ബാധിക്കാത്ത തരത്തിലുള്ള ഏത് വിശ്വാസവും കൊണ്ടുനടക്കുന്നതിനെ ഭരണഘടന എതിര്‍ക്കുന്നില്ലല്ലോ. പിന്നെന്താ പ്രശ്‌നം?

നിലവിളക്ക് കൊളുത്തുന്നത് ഒരു മതാചാരത്തിന്റെ ഭാഗമേയല്ലെന്ന് വാദിക്കുന്നവരേയും കുറ്റം പറയാന്‍ പറ്റില്ല. പൊന്നാനി പള്ളിയിലെ കെടാവിളക്കിന്റെ കഥ പറയുന്നവരേയും തള്ളേണ്ടതില്ല. കാരണം ഓരോ വിശ്വാസവും ഓരോ കോണിലൂടെയുള്ള കാഴ്ചയാണ്. അതിനെ അങ്ങനെ തന്നെ എടുത്താല്‍ മതി.

nilavilakku

നിലവിളക്കാണല്ലോ പ്രശ്‌നം. വെളിച്ചം തെളിച്ച് തുടങ്ങാം എന്നാണ് മതേതര ബോധത്തില്‍ ചിന്തിക്കുന്നതെങ്കില്‍ വല്ല മണ്ണെണ്ണ വിളക്കോ, മെഴുകുതിരിയോ,അല്ലെങ്കില്‍ ഗ്യാസ് വിളക്കോ കത്തിച്ച് ഉദ്ഘാടിച്ചാലും ഒന്നും സംഭവിക്കില്ല. ഈ പറഞ്ഞ വിളക്കുകള്‍ കൊളുത്തുന്നതിനപ്പുറമൊന്നും നിലവിളക്ക് കത്തിച്ചാലും ഉണ്ടാവില്ല എന്നത് വേറെ കാര്യം. വേണമെങ്കില്‍ ഒരു വിവാദം ഒഴിവാക്കാമല്ലോ!!!

എന്തായാലും ഈ വിവാദം കൊണ്ട് ദോഷം ഉണ്ടായത് ശ്രീമാന്‍ മമ്മൂട്ടിയ്ക്ക് മാത്രമാണ്. ഗുണം മുഴുവന്‍ അബ്ദുറബ്ബിനും. ഒരാവശ്യവും ഇല്ലാതെ കുറേ ശത്രുക്കളെ മമ്മൂട്ടി സ്വയം സൃഷ്ടിച്ചെടുത്തു. വിവാദങ്ങള്‍ മാത്രം കൊണ്ടുനടന്ന അബ്ദുറബ്ബിന് അത്യാവശ്യം സഹതാപ തരംഗം പാര്‍ട്ടി അണികളില്‍ നിന്നെങ്കിലും കിട്ടുകയും ചെയ്തു.

എന്നാല്‍ ചര്‍ച്ചകള്‍ അവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല കെട്ടോ... ഇസ്ലാം മതത്തില്‍ വിശ്വസിക്കുകയും, നോമ്പെടുക്കുകയും ഒക്ക ചെയ്യുന്ന മമ്മൂട്ടിയെ ഇപ്പോള്‍ തനി ഇസ്ലാം വിരുദ്ധനായിട്ടാണ് ചിലര്‍ കാണുന്നത്. സിനിമാഭിനയം തന്നെ ഇസ്ലാമിക വിരുദ്ധമാണെന്നാണ് അവരുടെ കണ്ടെത്തല്‍. സിനിമയില്‍ സ്ത്രീകളുമായി അടുത്ത് ഇടപെട്ട് അഭിനയിക്കുന്നത് ഭയങ്കര വിരുദ്ധമാണ്. ചൂതാട്ടമെന്നാണ് സിനിമയില്‍ നിന്ന് സമ്പാദിക്കുന്നതിനെ വിശേഷിപ്പിയ്ക്കുന്നത്. തന്റെ അഭിപ്രായം അബ്ദുറബ്ബിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിലൂടെ മമ്മൂട്ടിയുടെ ഫാസിസ്റ്റ് പ്രവണതയാണത്രെ വെളിവാക്കപ്പെട്ടത്. അപ്പോള്‍ മമ്മൂട്ടി ചെയ്തത് മുഴുവന്‍ ഇസ്ലാമിക വിരുദ്ധതയാണെന്ന് കൊട്ടി ഘോഷിക്കുന്നവര്‍ ചെയ്യുന്നത് ഫാസിസമോ മറ്റ് കുന്തമോ കുണ്ടാമണ്ടിയോ ഒന്നും ആയിരിക്കില്ലല്ലേ!!!

pk-abdu-rabb

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉള്ളതാണ്. അത് മമ്മൂട്ടിയ്ക്കായാലും അബ്ദു റബ്ബിനായാലും. മമ്മൂട്ടി തന്റെ ന്യായം പറഞ്ഞു, അബ്ദു റബ്ബ് തന്റ നിലപാടില്‍ ഉറച്ച് നിന്നു. എന്നാല്‍ അതിനിടയില്‍ കടന്ന് വന്നത് നിലവിളക്കും മതവും ആയിപ്പോയി എന്നതായിരുന്നു നമ്മുടെ നാട്ടുകാരുടെ പ്രശ്‌നം. ജനങ്ങള്‍ ഉപകാരപ്രദമായ എന്തെങ്കിലും കാര്യത്തിലാണ് ഈ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതെങ്കില്‍ ഒരു കുട്ടി പോലും അത് തിരിഞ്ഞ് നോക്കില്ലായിരുന്നു. മമ്മൂട്ടി മതേതരവാദിയോ ഫാസിസ്റ്റോ ആകില്ലായിരുന്നു, അബ്ദുറബ്ബ് മതവാദിയോ പിന്തിരിപ്പനോ ആകില്ലായിരുന്നു. എന്തിന്... ഭരണഘടനയോ, അഭിപ്രായ സ്വാതന്ത്ര്യമോ പോലും ഈ ചര്‍ച്ചയില്‍ കടന്നുവരില്ലായിരുന്നു.

English summary
What made the Mammootty-Abdurabb controversy: Binu Phalgunan writes in Vedivazhipadu. The inner politics of lamp controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X