വിശന്നുപൊരിഞ്ഞ മനുഷ്യരെത്ര പുസ്തകം കൈയ്യിലെടുത്തു, എന്നിട്ടെന്തോരം ആയുധമുണ്ടാക്കി...

  • Posted By:
Subscribe to Oneindia Malayalam

പുസ്തകങ്ങളെ കുറിച്ച് പറയുമ്പോള്‍ വായനയെ കുറിച്ച് പറയണം എന്ന് നിര്‍ബന്ധമൊന്നും ഇല്ല. പുസ്തകങ്ങള്‍ സ്വീകരണ മുറിയിലെ അലങ്കാരവസ്തുക്കള്‍ മാത്രമായി കാണുന്നവര്‍ ഇഷ്ടംപോലെയുണ്ട് നമുക്ക് ചുക്കും. അല്ലെങ്കില്‍, വില്‍ക്കപ്പെടുന്ന പുസ്തകങ്ങള്‍ മുഴുവന്‍ വായിക്കപ്പെടുന്നുണ്ടെങ്കില്‍ ഈ ലോകം എന്നേ നന്നായിപ്പോയേനെ!

അരുന്ധതി റോയ് എഴുതിയ 'ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്' എന്ന പുസ്തകം ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു പലരും. സാധനം ബുക്ക് ഷെല്‍ഫിലെത്തിയിരിക്കും, എന്നാല്‍ എത്ര പേര്‍ അത് വായിച്ച തീര്‍ത്തു എന്ന് ചോദിക്കരുത്. സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍, അഭിമാനസൂചകമായി ഇടാവുന്ന ഒരു ചിത്രം മാത്രമായി പലരുടെ പക്കലും ആ പുസ്തകം ഇപ്പോഴും അതേപടിയുണ്ടാവും. ബൈന്‍ഡിങ്ങിനൊടുവില്‍ പരസ്പരം പ്രണയിച്ച് ഒട്ടിച്ചേര്‍ന്ന പേജുകള്‍ പോലും വിടുവിക്കപ്പെടാതെ അനാദി കാലത്തോളം ആ പുസ്തകങ്ങള്‍ അങ്ങനെയിരിക്കും.

bookshelf

വായനക്കാരേക്കാള്‍, വായനക്കാരെന്ന് ഭാവിക്കുന്നവരുടെ എണ്ണം ദിനം പ്രതികൂടുമ്പോള്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ച് വളര്‍ന്നാല്‍ വിളയും അല്ലെങ്കില്‍ വളയും എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് എത്ര ശരിയാണെന്ന് ഇന്നത്തെ സമൂഹത്തിലേക്ക് നോക്കിയാല്‍ മനസ്സിലാകും. രാഷ്ട്രീയവും സംസ്‌കാരവും ഒന്നും വായനയിലൂടെയല്ലല്ലോ ഇന്ന് രൂപപ്പെടുന്നത്.

പുസ്തകങ്ങളെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മവരിക ബെര്‍ത്തോള്‍ഡ് ബ്രെഹ്തിന്റെ ഈ വാചകമാണ്- വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയ്യിലെടുക്കൂ. അതൊരു ആയുധമാണ്'- എത്രത്തോളം ശക്തമായ വാക്കുകള്‍. ഒരുപക്ഷേ, 'വാളല്ലെന്‍ സമരായുധം' എന്ന് വയലാറിനെക്കൊണ്ട് എഴുതിച്ചത് പോലും ഇത്തരം ഒരു ചിന്താഗതി തന്നെ ആയിരിക്കണം.

പക്ഷേ പുസ്തകം ആയുധമാക്കിയവര്‍ എന്ത് നേടി, എന്ത് നേടിയില്ല എന്ന കണക്കെടുപ്പില്‍ പലപ്പോഴും തോറ്റുപോയിട്ടുണ്ട്. പ്രായോഗിക ജീവിതത്തിന്റെ കണക്ക് പുസ്തകത്തില്‍ പുസ്തകങ്ങളേക്കാളും വായനയേക്കാളും മനുഷ്യനേക്കാളും എല്ലാം വില പണത്തിന് മാത്രമായിക്കഴിഞ്ഞിരിക്കുകയാണ്.

library1

പുസ്തകങ്ങള്‍ ഇല്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ് എന്നാണ് ക്രിസ്റ്റഫര്‍ മോര്‍ളി പറഞ്ഞിട്ടുള്ളത്. ആത്മാക്കളില്ലാത്ത ലോകത്ത് ശരീരങ്ങള്‍ക്ക് എന്ത് പ്രാധാന്യം എന്ന ചോദ്യം പല ഗ്രാമീണ വായനശാലകളും ചോദിച്ചുതുടങ്ങിയിട്ടുണ്ട്. സായാഹ്നങ്ങളില്‍ ശബ്ദമുഖരിതമായി ജ്വലിച്ചുനിന്നിരുന്ന ആ ഗ്രാമീണ കേന്ദ്രങ്ങള്‍ ഇപ്പോള്‍ എട്ടുകാലിവലനെയ്ത്തുകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.

പുസ്തകങ്ങള്‍ വായിക്കാത്തവര്‍ അക്ഷരാഭ്യാസമുള്ളവരുടെ കൂട്ടത്തില്‍ ഉണ്ടാകില്ല. സാഹിത്യം തന്നെ വേണം എന്നില്ലല്ലോ... റെയില്‍വേ സമയവിവര പട്ടികയും ടെലിഫോണ്‍ ഡയറക്ടറിയും വരെ പുസ്തകങ്ങളാണ്. എന്നാല്‍ മൗലിക ഗ്രന്ഥങ്ങള്‍ കൈകൊണ്ട് തൊട്ടിട്ടുപോലും ഇല്ലാത്ത വിദ്യാസമ്പന്നര്‍ നമുക്ക് ചുറ്റും ഉണ്ട്. നല്ല പുസ്തകങ്ങള്‍ വായിക്കാത്തവരെ കുറിച്ച് മാര്‍ക് ട്വയിന്‍ പറഞ്ഞ വാക്കുകളാണ് ഓര്‍മയിലേക്ക് വരുന്നത്- നല്ല പുസ്തകങ്ങള്‍ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല!

പുസ്തകങ്ങളും വായനയും പരസ്പര പൂരകങ്ങളാണ്. ഒന്നില്ലെങ്കില്‍ മറ്റേതിന് നിലനില്‍പില്ല. ജോണ്‍ ഷീവര്‍ പറഞ്ഞതാണ് സത്യം- വായിക്കാന്‍ ആരുമില്ലെങ്കില്‍ എഴുതാനാകില്ല. എഴുത്തും വായനയും ചുംബനം പോലെയാണ്. ഒറ്റയ്ക്ക് ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല!

എഴുതപ്പെട്ട പുസ്തകങ്ങള്‍ വായിക്കാന്‍ ആളില്ലാതെ ചില്ലലമാരകളില്‍ കുടുങ്ങിക്കിടന്നാല്‍ എങ്ങനെയുണ്ടാകും. അത്തരം സന്ദര്‍ഭങ്ങള്‍ പലപ്പോഴും ലോകത്തുണ്ടായിട്ടുണ്ട്. പല ഗ്രന്ഥശാലകളും ഇങ്ങനെ കിടക്കുന്നും ഉണ്ട്. തടവിലാക്കപ്പെട്ട പുസ്തകങ്ങള്‍- ഹാ... എന്തൊരു കഠിനമായ പ്രയോഗം. പുസ്തകങ്ങള്‍ തടവിലാക്കപ്പെട്ട ആത്മാക്കളാണെന്ന് പറഞ്ഞത് സാമുവല്‍ ബട്ലര്‍ ആണ്. അലമാരകളില്‍ നിന്ന് പുറത്തെടുത്ത് വായിക്കപ്പെടുന്പോഴാണ് അവയ്ക്ക് മോചനം സാധ്യമാകുന്നത്.

പുസ്തകങ്ങളോട് വിരോധമുള്ളവര്‍ അറിവിനോട് വിരോധമുള്ളവരാണ്. അറിവുള്ളിടത്താണല്ലോ ചിന്തയുണ്ടാവുക. ചിന്തകളില്‍ നിന്ന് പ്രതിഷേധാഗ്നി ആളിപ്പടരും. അപ്പോള്‍ ഏകാധിപതികളും ദുഷ്ടചിന്തകരും ഏറ്റവും വെറുക്കുക പുസ്തകങ്ങളെ ആയിരിക്കും. അങ്ങനെ തന്നെ ലോകത്ത് സംഭവിച്ചിട്ടുണ്ട്. എത്രയെത്ര ഗ്രന്ഥാലയങ്ങള്‍ ഏകാധിപതികളുടെ വിദ്വേഷത്തീയില്‍ കത്തിയെരിഞ്ഞ് തീര്‍ന്നു. എങ്കിലും വായന മരിക്കുകയില്ല, എഴുത്ത് അവസാനിക്കുകയില്ല. അത് പുതുവഴികളിലൂടെ മുന്നോട്ട് മുന്നോട്ട് പോയിക്കൊണ്ടേയിരിക്കും.

ബ്രെഹ്ത് പറഞ്ഞത് തന്നെ ആയിരുന്നു ശരിയെന്ന് കാലം തെളിയിച്ചിട്ടുണ്ട്. വിശക്കുന്ന മനുഷ്യര്‍ പോലും പുസ്തകം കൈയ്യിലെടുത്ത് പോരാടിയതിന്റെ ഫലമാണ് ഇന്നത്തെ ലോകം. പുസ്തകത്തേക്കാള്‍, അറിവിനേക്കാള്‍ വലിയ എന്ത് ആയുധമാണ് നമ്മുടെ കൈയ്യില്‍ ഉള്ളത്...


English summary
Reading Day celebration: Notable quotes about books and reading by famous writers
Please Wait while comments are loading...