മഞ്ചലുമായ് മരണമെത്തുമ്പോള്‍ വാതിലടയ്ക്കരുത്... ഈ ദയാവധം ഒരു കൊലപാതകമല്ല- ടിസി രാജേഷ് എഴുതുന്നു

  • Written By: Desk
Subscribe to Oneindia Malayalam

ടിസി രാജേഷ്

0
സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ടിസി രാജേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പല വാർത്തകളും ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് മാത്രം ഉടലെടുത്തിട്ടുണ്ട്.

മരണം എന്നത് മാറ്റിവയ്ക്കപ്പെടാനാകാത്ത ഒരു ജീവിതയാഥാര്‍ഥ്യമാണ്. ഇന്നല്ലെങ്കില്‍ നാളെ ഏതൊരാളും അതിന് വിധേയനായേ മതിയാകൂ. മരണത്തെ തടഞ്ഞുനിര്‍ത്താനുള്ള ഒരുപാധിയും ആധുനിക വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ പാസ്സീവ് യൂത്തനേസ്യയെ ദയാവധം എന്നു വിളിക്കാന്‍ പാടുണ്ടോ എന്നുതന്നെ സംശയാണ്.

പാസീവ് യൂത്തനേസ്യയെ നിഷ്ക്രിയ ദയാവധമെന്നാണ് പലരും മലയാളീകരിച്ചുകാണുന്നത്. ഏതെങ്കിലും തരത്തിലുള്ള കൊലപ്പെടുത്തലല്ല, മറിച്ച്, ബോധപൂര്‍വമായി, ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്നുറപ്പുള്ളവരെ ശാന്തമായും അന്തസ്സോടെയും മരിക്കാന്‍ അനുവദിക്കുക എന്നതാണ് യഥാര്‍ഥത്തില്‍ പാസ്സീവ് യൂത്തനേസ്യ കൊണ്ട് അര്‍ഥമാക്കുന്നത്.

ദയാവധം അനുവദിച്ചാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നതാണ് പരക്കെ വിമര്‍ശിക്കപ്പെടുന്ന കാരണം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പല നേട്ടങ്ങളും ദുരുപയോഗിക്കപ്പെടുന്നുണ്ടെന്നത് യാഥാര്‍ഥ്യം തന്നെയാണ്. E=mc2 എന്ന ഊര്‍ജ്ജസമവാക്യം കണ്ടുപിടിക്കുമ്പോള്‍, നന്മക്കുവേണ്ടിയും തിന്മയ്ക്കുവേണ്ടിയും അത് ഉപയോഗിക്കപ്പെട്ടേക്കാമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത് ഓര്‍ക്കുക. ശാസ്ത്രത്തിന്റെ പുരോഗതിയിലെ ഏതൊരു കാര്യവും അങ്ങിനെതന്നെയാണ്. നല്ലതിനായും ചീത്തതിനായും ഉപയോഗിക്കാം. അത് ഉപയോഗിക്കുന്നവരുടെ ആവശ്യവും മാനസ്സികാവസ്ഥയും പോലിരിക്കുമെന്നുമാത്രം.

ഇത് ദയാവധം ആണോ?

ഇത് ദയാവധം ആണോ?

ദയാവധത്തെപ്പറ്റിയുള്ള അത്തരം വാഗ്വാദങ്ങള്‍ക്കിടയിലും പാസ്സീവ് യൂത്തനേസ്യയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് പലതരത്തിലാണ് പ്രാധാന്യം കൈവരുന്നത്. അത് പറഞ്ഞുപ്രചരിപ്പിക്കുന്ന ദയാവധവുമായി ബന്ധമുള്ള ഒന്നല്ലെന്നതാണ് പ്രധാനം. മരണം ആഗ്രഹിക്കുന്ന, അസഹ്യമായ രോഗപീഡകളാല്‍ ബുദ്ധിമുട്ടുന്ന ഒരാള്‍ വിഷം കുത്തിവച്ചോ, എന്തെങ്കിലും വൈദ്യശാസ്ത്രരീതികളാലോ മരണം ചോദിച്ചുവാങ്ങുന്നതിനെ, അല്ലെങ്കില്‍ അത്തരത്തില്‍ അവരെ മരിപ്പിക്കുന്നതിനെയാണ് പൊതുവേ ദയാവധം എന്ന് എല്ലാവരും വിവക്ഷിക്കുന്നത്. എന്നാല്‍ പാസീവ് യൂത്തനേസ്യയുടെ അര്‍ഥം അതല്ല.

പ്രായാധിക്യം മൂലമോ അല്ലാതെയോ രോഗക്കിടക്കിയിലാകുകയും ബോധംപോലും നഷ്ടപ്പെടുകയും ചെയ്യുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നുറപ്പുണ്ടെങ്കിലും മരണം പരമാവധി നീട്ടിക്കൊണ്ടുപോകുന്ന സമ്പ്രദായം വേണ്ടെന്നുവയ്ക്കുന്നതാണ് യഥാര്‍ഥത്തില്‍ പാസ്സീവ് യൂത്തനേസ്യ. ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം ഇതുമൂലം ഉണ്ടാകുമെന്ന് കരുതുക വയ്യ.

അന്ത്യകൂദാശ

അന്ത്യകൂദാശ

പണ്ടൊക്കെ ക്രിസ്തുമതത്തില്‍ മരണത്തോടടുത്തവര്‍ക്ക് അന്ത്യകൂദാശ നല്‍കുന്നത് അവര്‍ ഉടന്‍ മരിച്ചേക്കാമെന്ന സങ്കല്‍പത്തിലാണ്. ഇന്ന് മരണത്തോടടുത്താലും, അന്ത്യകൂദാശ നല്‍കിയാലും അവരെ അബോധാവസ്ഥയിലാണെങ്കില്‍പോലും പിടിച്ചുനിറുത്താനുള്ള ശ്രമമാണ് നടക്കുന്നത്. വേണമെങ്കില്‍ നിഷ്ക്രിയജീവന്‍ എന്ന് അതിനെ വിശേഷിപ്പിക്കാം. വാര്‍ദ്ധക്യസഹജമായ രോഗം മൂലം മരണാസന്നനായ ഒരാളെ ദിവസങ്ങളോളം വെന്റിലേറ്ററില്‍ കിടത്തുന്നതുകൊണ്ട് പ്രയോജനം ലഭിക്കുക ആശുപത്രികള്‍ക്ക് മാത്രമായിരിക്കും.

വെന്‍റിലേറ്റര്‍ പ്രോട്ടോകോള്‍

വെന്‍റിലേറ്റര്‍ പ്രോട്ടോകോള്‍

അതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള രോഗികള്‍ക്കായി വെന്റിലേറ്ററുകള്‍ നീക്കിവയ്ക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുള്ള മറ്റൊരാള്‍ക്ക് അത് നിഷേധിക്കപ്പെടാനും ഇത് കാരണമാകും. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലെത്തുന്ന ഒരു രോഗിക്ക് വെന്റിലേറ്റര്‍ വേണ്ടിവന്നാല്‍, ചിലപ്പോള്‍ ആ വെന്റിലേറ്റര്‍ ഇന്നോ നാളെയോ മരിച്ചേക്കാവുന്ന ഒരാള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാകുമെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ വെന്റിലേറ്ററുകളുടെ ഉപയോഗത്തിന് കൃത്യമായ ഒരു പ്രോട്ടോക്കോള്‍ ആവശ്യമാണ്.

ലിവിങ് വില്‍

ലിവിങ് വില്‍

മരണാസന്നരായവര്‍ക്ക് ഒരിക്കലും അത്തരമൊരു ഘട്ടത്തില്‍ തങ്ങളെ എന്തുചെയ്യണമെന്ന് ബന്ധുക്കളോടോ ചികില്‍സിക്കുന്നവരോടോ പറയാനാകില്ല. ബന്ധുക്കള്‍ക്ക് പണമില്ലെങ്കില്‍ രോഗി ആരുടേയും അനുവാദമില്ലാതെതന്നെ പാസ്സീവ് യൂത്തനേസ്യക്ക് വിധേയരാകാം. ബന്ധുക്കള്‍ക്ക് രോഗിയെ വെന്റിലേറ്ററില്‍ കിടത്താന്‍ താല്‍പര്യമില്ലെങ്കിലും അതുണ്ടാകാം. ഇക്കാര്യം വിശാലമനസ്സോടെ കണ്ട് ഒരാള്‍ തന്റെ കാര്യം മുന്‍കൂട്ടി പറഞ്ഞുവയ്ക്കുന്നതാണ് "ലിവിംഗ് വില്‍". വില്‍പ്പത്രം എഴുതിവയ്ക്കേണ്ടത് മരണശേഷം​ സ്വത്ത് എങ്ങിനെ വീതംവയ്ക്കണമെന്നതിനു മാത്രമല്ല, മറിച്ച്, താന്‍ എങ്ങിനെ മരിക്കണമെന്നതിനുകൂടിയാണ്. പാസ്സീവ് യൂത്തനേസ്യക്ക് സൂപ്രീംകോടതി അനുമതി നല്‍കും മുന്‍പുതന്നെ ലിവിംഗ് വില്‍ നിലവിലുണ്ട്. മരണശേഷം കണ്ണുകളും അവയവങ്ങളും ദാനം ചെയ്യാന്‍ മുന്‍കൂട്ടി എഴുതിവയ്ക്കുന്നതുപോലെതന്നെയാണത്.

ഡി ബാബു പോള്‍

ഡി ബാബു പോള്‍

താന്‍ എങ്ങിനെ മരിക്കണമെന്ന് മക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മനസ്സിലാക്കുന്നതിനായി തന്റെ ലിവിംഗ് വില്‍ മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചുവച്ചിട്ടുള്ളതായി മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡി ബാബുപോള്‍ ഒരിക്കല്‍ പറയുകയുണ്ടായി. ‘മരിക്കുമ്പോള്‍ വയറുണ്ടാകരുത്' എന്നതാണ് അതില്‍ ഒരു കാര്യം. വയര്‍ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലെ കേബിളുകളാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്തരം വയറുകള്‍ ഘടിപ്പിക്കപ്പെട്ടനിലയില്‍ തനിക്ക് മരിക്കേണ്ട എന്നാണ് അദ്ദേഹം പറയുന്നത്.

ഒരു വ്യക്തി സ്വബോധത്തോടെ അത്തരത്തിലൊരാഗ്രഹം രേഖപ്പെടുത്തിവച്ചാല്‍, ജീവിതത്തിലേക്കു തിരിച്ചെത്തില്ലെന്നുറപ്പുള്ള നിമിഷങ്ങളില്‍ ഐസിയുവോ വെന്റിലേറ്ററോ ഒന്നും അയാള്‍ക്കായി ഉപയോഗിക്കരുതെന്നതുതന്നെയാണ് സാമാന്യ നീതി. ഇക്കാര്യം ചൂണ്ടിക്കാണിക്കുകയാണ് ഇപ്പോള്‍ സുപ്രീംകോടതിയും ചെയ്തിരിക്കുന്നത്.

എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്

എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്

പ്രായാധിക്യത്താല്‍ മരണാസന്നരായവര്‍ക്ക് വീടുകളിലെ ശാന്തവും പരിചിതവുമായ അന്തരീക്ഷം തന്നെയാണ് എപ്പോഴും നല്ലത്. അതില്‍ നിന്ന് വെന്റിലേറ്ററുകളിലെ തീക്ഷ്ണ വെളിച്ചത്തിലേക്കും ബന്ധനത്തിലേക്കും അവരെ വലിച്ചിഴയ്ക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തിലെ കച്ചവടക്കണ്ണുകള്‍ തന്നെയാണ്. മരിക്കുമെന്നുറപ്പുള്ളവരുടെ മരണം​, ബന്ധുക്കളുടെ ആവശ്യപ്രകാരം നീട്ടിക്കൊണ്ടുപോകാനും അങ്ങനെ മണിക്കൂര്‍ കണക്കിന് പണം എണ്ണി വാങ്ങാനുമുള്ള ആശുപത്രികളുടെ ശ്രമം. അച്ഛന്റെയോ അമ്മയുടേയോ ജീവന്‍ കുറേനേരത്തേക്കുകൂടി അപ്രകാരം നീട്ടിവയ്ക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ നാട്ടുകാര്‍ എന്തു പറയുമെന്ന ഭയംമൂലം ബന്ധുക്കള്‍ അതിനു വഴങ്ങുകയും ചെയ്യും. നിങ്ങളുടെ അച്ഛന്‍, അല്ലെങ്കില്‍ അമ്മ മരണത്തോടടുത്തിരിക്കുകയാണെന്നും വീട്ടില്‍ നിങ്ങളുടെ സ്നേഹസാന്നിധ്യത്തില്‍ അവരെ മരിക്കാന്‍ അനുവദിക്കണമെന്നും ഏതെങ്കിലും ഡോക്ടര്‍മാര്‍ ഉപദേശിക്കാറുണ്ടെന്നു തോന്നുന്നില്ല. ഉപദേശിച്ചാല്‍ ചിലപ്പോള്‍ അവര്‍ തല്ലുമേടിച്ചെന്നും വരാം, ഇന്നത്തെ അന്തരീക്ഷത്തില്‍. തിരക്കുള്ള മക്കള്‍ക്കൊക്കെയാകട്ടെ വീട്ടില്‍ മരണം കാത്തുകിടക്കുന്നവരെ പരിചരിച്ച് അടുത്തിരിക്കാന്‍ സാധിക്കാത്ത സാഹചര്യവും ഇത്തരം അവസ്ഥകള്‍ സൃഷ്ടിച്ചുവെന്നു വരാം.


അവിടെയാണ് ലിവിംഗ് വില്ലിന്റെ പ്രസക്തി. വീട്ടിലല്ല, ആശുപത്രിയിലെ ഒരു മുറിയില്‍ കിടന്നുപോലും വേണമെങ്കില്‍ മരിക്കാം. വെന്റിലേറ്ററിലെ ബന്ധനം അവിടെയുണ്ടാകില്ല. മരുന്നുകള്‍ കുത്തിക്കയറ്റില്ല. അനിവാര്യമായ മരണത്തിലേക്ക് ശാന്തമായി സ്വച്ഛമായി സഞ്ചരിക്കുക, അതിന് അവരെ അനുവദിക്കുക. അതാണ് പാസ്സീവ് യൂത്തനേസ്യ.

അരുണ ഷാന്‍ബാഗിന്‍റെ ജീവിതം

അരുണ ഷാന്‍ബാഗിന്‍റെ ജീവിതം

സഹജീവനക്കാരന്റെ അക്രമത്തില്‍ പരുക്കേറ്റ് കോമ സ്റ്റേജിലായ അരുണ ഷാന്‍ബാഗിന്റെ കഥ പിങ്കി വിരാനി എന്ന പത്രപ്രവര്‍ത്തക ലോകത്തോടു പങ്കുവച്ചതോടെയാണ് ഇന്ത്യയില്‍ ദയാവധത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായത്. മുംബൈയില്‍ കെഇഎം ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്തിരുന്ന കര്‍ണാടകക്കാരിയായ അരുണ എന്ന ഇരുപത്തേഴുകാരിയുടെ ജീവിതം 1973ലാണ് തൂപ്പുകാരന്റെ പീഡനത്തെത്തുടര്‍ന്ന് ഇരുളിലായത്. ചങ്ങലകൊണ്ട് അടിച്ചാണ് ജോലിക്കാരന്‍ ഇവരെ മൃതപ്രായയാക്കിയത്. അരുണയുടെ വിവാഹം തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഈ ദുരന്തം. സംഭവത്തില്‍ കുറ്റക്കാരനായ സോഹന്‍ലാല്‍ വാല്‍മീകിയെ കോടതി ശിക്ഷിച്ചു- ഏഴു വര്‍ഷത്തേക്ക്. അയാള്‍ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും അരുണ ജീവിതത്തിലേക്ക് തിരിച്ചെത്തിയില്ല.

അരുണയ്ക്ക് വേണ്ടി

അരുണയ്ക്ക് വേണ്ടി

42 വര്‍ഷം ചലനമറ്റ് അരുണ കിടക്കയില്‍ കിടന്നു. മരണത്തിനും ജീവിതത്തിനുമിടയ്ക്ക് ശാന്തമായ നദിപോലെ പതിയെപ്പതിയെ വരണ്ടുണങ്ങാനായിരുന്നു അരുണയുടെ വിധി. അവരുടെ ആ 42 വര്‍ഷത്തെ ജീവിതത്തിലെ ഓരോ നിമിഷത്തിലും കാവലാളുകളായി കൂട്ടിരുന്നു പരിചരിച്ചത് അതേ ആശുപത്രിയിലെ നഴ്സുമാരാണ്. ഒരു കൈക്കുഞ്ഞിനെയെന്നവണ്ണം അവര്‍ അരുണയെ പരിചരിച്ചു. അരുണയ്ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2009ല്‍ പിങ്കി വിരാനി കോടതിയെ സമീപിച്ചെങ്കിലും അതിനെ ശക്തിയുക്തം എതിര്‍ത്തത് കൂട്ടിരിപ്പുകാരായ നഴ്സുമാര്‍ തന്നെയായിരുന്നു. 2011ല്‍ പിങ്കിയുടെ ഹര്‍ജി കോടതി തള്ളി. പക്ഷേ, അപ്പോഴും പരോക്ഷ ദയാവധത്തിന് അനുകൂലമായിരുന്നു ആ വിധി. സഹപ്രവര്‍ത്തകരായിരുന്ന നഴ്സുമാര്‍ ശുശ്രൂഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ മരുന്നുകളും ജീവന്‍ നിലനിറുത്താനുള്ള ഉപാധികളും ഒന്നാന്നായി പിന്‍വലിച്ച് മെല്ലെ മരിക്കാന്‍ അനുവദിക്കുക. 2015ലാണ് അരുണ ദയാവധമില്ലാതെതന്നെ മരണത്തിന് കീഴടങ്ങിയത്. അത്രയും കാലം ആ അവസ്ഥയില്‍ ജീവിക്കാന്‍ അരുണ ആഗ്രഹിച്ചിരുന്നോയെന്ന് ആര്‍ക്കുമറിയില്ല. പറയാന്‍ അരുണയ്ക്കും കഴിയുമായിരുന്നില്ലല്ലോ!

പ്രസക്തി വര്‍ദ്ധിക്കുന്നു

പ്രസക്തി വര്‍ദ്ധിക്കുന്നു

ഈ സാഹചര്യത്തിലാണ് സ്വബോധത്തില്‍ കഴിയുമ്പോള്‍ ലിവിംഗ് വില്‍ ​എഴുതിവയ്ക്കണമെന്ന നിര്‍ദ്ദേശത്തിന് പ്രസക്തിയേറുന്നത്. ഇത്തരമൊരു സന്ദിഗ്ദ്ധാവസ്ഥയില്‍ പണച്ചെലവും ബുദ്ധിമുട്ടുകളും ഏറെയുണ്ടാകാവുന്ന, ജീവന്‍ പിടിച്ചുനിറുത്തല്‍ വേണമോയെന്നു മുന്‍കൂട്ടി തീരുമാനിക്കാനുള്ള അവസരം. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി അത്തരത്തില്‍ ജീവന്‍ പിടിച്ചുനിറുത്താന്‍ മറ്റ് കുടുംബാംഗങ്ങള്‍ ശ്രമിക്കുമ്പോള്‍ കുടുംബത്തിന്റെ മൊത്തം അടിത്തറ ഇളകിയെന്നു വരാം. പിന്നാലെ വരുന്ന തലമുറയുടെ ഭാവി അവതാളത്തിലായെന്നു വരാം. അതുകൊണ്ടുതന്നെ പാസ്സീവ് യൂത്തനേസ്യക്ക് പ്രസക്തി വര്‍ധിക്കുക തന്നെയാണ്.

വേദാനമുക്തിയില്‍ ചര്‍ച്ചകള്‍ നടക്കട്ടെ

വേദാനമുക്തിയില്‍ ചര്‍ച്ചകള്‍ നടക്കട്ടെ

വേദനകൊണ്ട് ബുദ്ധിമുട്ടുന്നവരെ ദയാവധത്തിന് വിധേയമാക്കേണ്ടതും ഇതേപോലെതന്നെ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, വേദന പരിഹരിക്കാന്‍ നമുക്ക് മാര്‍ഗങ്ങളുണ്ട്. പാലിയേറ്റീവ് കെയര്‍ പോലുള്ള ശുശ്രൂഷകള്‍ അതിനുവേണ്ടിയുള്ളതുകൂടിയാണ്. അസഹ്യമായ വേദനയനുഭവിക്കേണ്ടിവരുന്നവര്‍ക്ക് അതില്‍ നിന്നു മോചനം നല്‍കിവേണം ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും അനുവദിക്കാന്‍. പക്ഷേ, വേദനനിവാരണം ആവശ്യമുള്ളതില്‍ രണ്ടുശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ക്കേ ഇന്ന് ഇന്ത്യയില്‍ അത് ലഭ്യമാകുന്നുള്ളു. ഈ വര്‍ഷം പദ്മശ്രീ ലഭിച്ച ഡോ. എംആര്‍ രാജഗോപാലിനെപ്പോലുള്ളവര്‍ വേദനിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്. പക്ഷേ, അതിന് എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നു മാത്രമറിയില്ല. യൂത്തനേസ്യ ചര്‍ച്ചകള്‍ക്കു വിധേയമാകുമ്പോള്‍ വേദനിക്കാതെയുള്ള മരണവും നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മരിക്കാനുള്ള അദമ്യമായ ആഗ്രഹത്തെ സാന്ത്വന, വേദന ചികില്‍സകളിലൂടെ ഇല്ലാതാക്കാനാകുമെങ്കില്‍ അതിനുശേഷം മതി അത്തരം കേസുകളില്‍ ദയാവധത്തെപ്പറ്റിയുള്ളചര്‍ച്ച. അതിനുള്ള സാഹചര്യം കൂടി നാം സംജാതമാക്കേണ്ടതുണ്ട്.

ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം, അഥവാ ബാലാവകാശങ്ങളില്‍ ചോര വീഴിക്കുന്ന അനാചാരം

മരിക്കുമ്പോൾ ജയലളിതയ്ക്ക് കാൽ വിരലുകൾ ഉണ്ടായിരുന്നില്ല? ആ ദുരൂഹതക്ക് അന്ത്യം...ഡ്രൈവർ വെളിപ്പെടുത്തി

ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതിയുടെ ചരിത്രവിധി! ഉപാധികളോടെ ദയാവധമാകാം...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
TC Rajesh writes about passive Euthanasia and Living Will.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്