കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ഫോന്‍സോ ക്യുറൊണിന്‍റെ ചില്‍ഡ്രന്‍ ഓഫ് മെന്‍

  • By Desk
Google Oneindia Malayalam News

ടോണി തോമസ്‌

വര്‍ഷം 2027, രണ്ടു പതിറ്റാണ്ട് കാലമായിരിക്കുന്നു ഭൂമിയില്‍ ഒരു മനുഷ്യ ശിശു പിറന്നിട്ട്‌. കലാപങ്ങളും കുടിയേറ്റവും പട്ടിണിയും കുഴച്ചു മറിച്ച ഭൂമിയില്‍ വിടരുന്ന പ്രതീക്ഷയുടെ ഒരു പുല്‍നാമ്പിനെ കുറിച്ചാണ് ഈ സിനിമ.

Children of Men (2006)

ആദ്യം ലാറ്റിന്‍ അമേരിക്കന്‍ സിനിമയുടെയും പിന്നെ ലോക സിനിമയുടെ തന്നെയും പൊളിച്ചെഴുത്ത് നടത്തിയ, അഥവാ നടത്തിക്കൊണ്ടിരിക്കുന്ന മൂന്ന് സംവിധായകരില്‍ ഒരാളാണ് അല്‍ഫോന്‍സോ ക്യുറൊണ്‍. Three amigos (മൂന്ന് സഖാക്കള്‍) എന്നറിയപ്പെടുന്ന ഈ ത്രയത്തിലെ മറ്റുള്ളവര്‍, കഴിഞ്ഞ തവണ മികച്ച സംവിധായകനും ചിത്രത്തിനുമുള്ള ഓസ്കാര്‍ നേടിയ Alejandro Gonzalez Inarritu, Pan's Labyrinth എന്ന പ്രസിദ്ധ സിനിമയുടെ സംവിധായകനായ Guillermo del Toro എന്നിവരാണ്. ഇവര്‍ മൂന്നും അടുത്ത സുഹൃത്തുക്കളും തങ്ങളുടെ സിനിമകളില്‍ പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നവരുമാണ്.

1-poster

സിനിമയുടെ പതിവ് രീതികളെ പൊളിച്ചെഴുതുന്നതില്‍ മൂവരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌ താനും. രസകരമായ മറ്റൊരു കാര്യം ഇവര്‍ മൂവരും വന്‍തോക്കുകളുടെ കുത്തകയായ ഹോളിവുഡില്‍ തങ്ങളുടെ അനിഷേധ്യ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ്. അതിനു തെളിവായി 2013 ലെ മികച്ച സംവിധായകനുള്ള ഓസ്കാര്‍ ക്യുറൊണിനും 2014 ലേത് ഇനരിട്ടുവിനും ആയിരുന്നു. ഒപ്പം മറ്റൊന്ന് കൂടി, ഇവരുടെ സിനിമകളുടെ ക്യാമറ കൈകാര്യം ചെയ്യുന്ന Emmanuel Lubezki 2013 (Gravity), 2015 (Birdman) വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മികച്ച ഛായാഗ്രാഹകനുള്ള ഓസ്കാര്‍ നേടി. കട്ടുകളില്ലാത്ത നീണ്ട ഷോട്ടുകള്‍, നോണ്‍ ലീനിയര്‍ ശൈലിയിലുള്ള കഥ പറച്ചില്‍ എന്നിവയൊക്കെ പ്രശസ്തമാക്കിയത് ഇവരുടെ സിനിമകളാണ്.

2-cuaron-del-toro-innaritu

Children of Men എന്ന P.D.ജെയിംസിന്റെ 1992 ല്‍ പുറത്തിറക്കിയ നോവലിന്റെ ചലച്ചിത്ര രൂപമാണ് ഈ സിനിമ. ആഗോള വന്ധ്യത മൂലം പ്രതീക്ഷ നശിച്ച ഭാവിയിലാണ് കഥ നടക്കുന്നത്. സിനിമ തുടങ്ങുന്നതാവട്ടെ ലോകത്തില്‍ അവസാനമുണ്ടായ കുഞ്ഞിന്റെ (അവനു തന്നെ പതിനെട്ടു വയസ്സായിരുന്നു) കൊലപാതക വാര്‍ത്തയിലാണ്. അഭയാര്‍ഥി പ്രവാഹവും കലാപങ്ങളും കലുഷിതമാക്കിയ UK യിലാണ് കഥ നടക്കുന്നത്.

മുന്‍ ആക്ടിവിസ്റ്റും തന്റെ മകന്റെ മരണത്തെ തുടര്‍ന്ന് ദോഷൈകദൃക്കുമായി മാറിയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ Theo Faron ആണ് കഥാ നായകന്‍. അയാളുടെ മുന്‍ ഭാര്യയും കുടിയേറ്റ ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന Fishes എന്ന തീവ്രവാദ സംഘടനയുടെ നേതാവുമായ ജൂലിയന്‍, അഭയാര്‍ഥിയായ കീ എന്ന ആഫ്രിക്കന്‍ വംശജയായ പെണ്‍കുട്ടിക്ക് യാത്രാ രേഖകള്‍ ശരിയാക്കികൊടുക്കാന്‍ ആവശ്യപ്പെടുന്നു. വന്‍ തുക കൈക്കൂലിയായി വാങ്ങിക്കൊണ്ട് തന്റെ സ്വാധീനമുപയോഗിച്ച് അയാളത് ശരിയാക്കി കൊടുക്കുന്നു.

3-theo

പെണ്‍കുട്ടിക്ക് പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ ആരെങ്കിലും അവളുടെ കൂടെ ഉണ്ടായേ പറ്റൂ. ഒടുവില്‍ വീണ്ടും ഒരു തുക പറഞ്ഞുറപ്പിച്ച് തിയോ തന്നെ ആ ജോലിയും ഏറ്റെടുക്കുന്നു. അവരുടെ ഒപ്പം മുന്‍ വയറ്റാട്ടിയും ഇപ്പോള്‍ Fishes ലെ അംഗവുമായ മിറിയവും ചേരുന്നു. അവരുടെ യാത്രയുടെ കഥയാണ് നാം കാണുന്നത്.

യാത്രാ മദ്ധ്യേ ഒരു സംഘട്ടനത്തില്‍ ജൂലിയന്‍ കൊല്ലപ്പെടുന്നു. ഇനി കീയുടെ മുഴുവന്‍ ഉത്തരവാദിത്തം തിയോയുടെ കയ്യിലാണ്. യാത്രയ്ക്കിടയില്‍ വലിയൊരു സത്യം തിയോയ്ക്ക് മനസ്സിലാകുന്നു, തന്റെ കൂടെയുള്ള പെണ്‍കുട്ടി ഗര്‍ഭിണിയാണ്. മനുഷ്യകുലം മുഴുക്കെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഭ്രൂണമാണ് ആ വയറ്റില്‍ വളരുന്നത്. അവരെ പിന്തുടരുന്ന കീയുടെ സഹോദരനും കൂട്ടര്‍ക്കും ഇനിയും ജനിക്കാത്ത ആ കുഞ്ഞിനെ ഒരു രാഷ്ട്രീയ ഉപകരണമാക്കാനും അങ്ങിനെ തങ്ങളുടെ വിപ്ലവ ലക്ഷ്യങ്ങള്‍ സാധിക്കാനുമാണ് പദ്ധതിയെന്നും അയാള്‍ മനസ്സിലാക്കുന്നു. അങ്ങിനെ ആ കുഞ്ഞിനേയും അമ്മയെയും രക്ഷിക്കാന്‍ തിയോ ആ രാവില്‍ മിറിയവും കീയുമായി ഒളിച്ചോടുന്നു.

4-childrenofmen

Tomorrow എന്ന് പേരുള്ള Human Project കപ്പലില്‍ അവളെ എത്തിക്കുക എന്നതാണ് അയാളുടെ ചുമതല. ആ കപ്പല്‍ അവളെ ബെക്സ്ഹില്ലിലെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിച്ചു കൊള്ളും. അങ്ങിനെ ദുരിതം നിറഞ്ഞ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന ഭാഷ ദേശാന്തരങ്ങള്‍ക്ക് അതീതമായ പല മുഖങ്ങളും ജീവിതങ്ങളും അനുഭവങ്ങളും.

പല തലങ്ങളില്‍ ഈ സിനിമ വര്‍ത്തിക്കുന്നുണ്ട്. ഇതൊരു യാത്രാ സിനിമയാണ്, സയന്‍സ് ഫിക്ഷനാണ്, ഒരു ത്രില്ലറാണ്, പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും സിനിമയാണ്. പല ബിബ്ലിക്കല്‍ സാദൃശ്യങ്ങളും നിങ്ങള്‍ക്കിതില്‍ കണ്ടെത്താം. തിയോയെയും കീയെയും ബൈബിളിലെ ജോസഫിനോടും മേരിയോടും സാദൃശ്യപ്പെടുത്താം. കീ ഗര്‍ഭിണിയാണെന്നു തിയോ അറിയുന്നത് ഒരു കാലിത്തൊഴുത്തിലാണ്. പ്രസവമടുത്ത കീയ്ക്ക് ഒരു അഭയ സ്ഥാനമാന്വേഷിച്ച് അവര്‍ ഒരുപാട് വാതിലുകള്‍ മുട്ടുന്നുമുണ്ട്. മറ്റു ചില നിരൂപകരാകട്ടെ തിയോയുടെ യാത്രയെ ഡാന്റെയുടെ ഡിവൈന്‍ കോമഡി, വെര്‍ജിലിന്റെ എനിയഡ്, ഷോസറിന്റെ കാന്റര്‍ബറി കഥകള്‍ എന്നിവയുമായും താരതമ്യം ചെയ്യുന്നു, ലക്ഷ്യത്തിലല്ല മറിച്ച് അതിലേയ്ക്കുള്ള യാത്രയിലാണ് ഓരോരുത്തരും സ്വയം കണ്ടെത്തുന്നതെന്ന തത്ത്വചിന്തയില്‍.

ഡോക്യുമെന്‍റ്ററി ശൈലിയിലുള്ള ചിത്രീകരണം, നീണ്ട ഷോട്ടുകള്‍ ഒക്കെയും സിനിമയ്ക്ക്‌ വല്ലാത്തൊരു യഥാര്‍ത്യ സ്പര്‍ശം നല്‍കുന്നുണ്ട്. അതില്‍ തന്നെ അവസാനത്തോടടുപ്പിച്ചു വരുന്ന ഏഴ് മിനിട്ടോളം ദൈര്‍ഘ്യമുള്ള ആ ഷോട്ട്. പതിനാലു ദിനങ്ങള്‍ കൊണ്ടാണ് ആ സെറ്റിട്ടു തീര്‍ത്തത്. ഓരോ റീ ടെയ്ക്കിനും വീണ്ടും അഞ്ചു മണിക്കൂര്‍ വേണ്ടിവരും. രണ്ടു ദിവസം ഷൂട്ട്‌ ചെയ്തെങ്കിലും ഒരു നീണ്ട ടേക്ക് മാത്രമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. അത് തന്നെ ഷൂട്ടിങ്ങിനിടയില്‍ കാമറ ലെന്‍സില്‍ ചോര തെറിച്ചപ്പോള്‍ സംവിധായകന്‍ കട്ട്‌ പറഞ്ഞത് ടാങ്കുകളുടെയും വെടിയൊച്ചകളുടെയും ബഹളങ്ങള്‍ക്കിടയില്‍ കേള്‍ക്കാത്തത് കൊണ്ടും.

5-behind-scene

ഒടുവില്‍ സിനിമയില്‍ ആ ഷോട്ട് അങ്ങിനെ തന്നെ ഉള്‍പ്പെടുത്തുകയായിരുന്നു. ലെന്‍സില്‍ ചോര തെറിച്ച നിലയിലാണ് ആ നീളന്‍ ഷോട്ട്. ലോകമെങ്ങും ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി അത് മാറുകയും ചെയ്തു. ഇതിലെ പല സ്നീണ്ട ഷോട്ടുകളും ഒറ്റ ഷോട്ടുകളല്ല മറിച്ച് പല ഷോട്ടുകള്‍ അതി വിദഗ്ധമായി ഡിജിറ്റല്‍ സാങ്കേതമുപയോഗിച്ചു തുന്നി ചേര്‍ത്തതാണ്. പക്ഷെ നിങ്ങള്‍ക്കവ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല എന്നതാണ് സാങ്കേതിക വൈദഗ്ധ്യം. നീണ്ട ഷോട്ടുകളും അസാധ്യമെന്നു തോന്നുന്ന ക്യാമറ ചലനങ്ങള്‍ക്കുമായി പല ഉപകരണങ്ങളും പ്രത്യേകം നിര്‍മ്മിക്കുകയായിരുന്നു.

കഥ നടക്കുന്ന കാലത്തിലെ അസ്വസ്ഥതയും, ഉത്കണ്ഠയും പ്രതിഫലിപ്പിക്കാന്‍ സംഗീതത്തിന്റെയും ശബ്ദങ്ങളുടെയും കൃത്യമായ ഉപയോഗം ക്യുറൊണിനെ സഹായിച്ചിട്ടുണ്ട്.

റോക്ക്, പോപ്‌, ഇലക്ട്രോണിക്, ഹിപ്ഹോപ്‌, ക്ലാസ്സിക്കല്‍ എന്നിങ്ങനെ പല സംഗീത വിഭാഗങ്ങളും വ്യത്യസ്ത അവസരങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഫാന്റസി, സയന്‍സ് ഫിക്ഷന്‍ സിനിമകളോട് പൊതുവേ താല്പര്യം കുറവാണ്. അതുകൊണ്ട് തന്നെ ഒരുപാട് കാലം കാണാതെ മാറ്റി വച്ചിരുന്ന ഒന്നായിരുന്നു ഇത്. വിചിത്രമായ വേഷവിധാനങ്ങളും മണ്ണില്‍ തൊടാത്ത വാഹനങ്ങളും വികാരങ്ങള്‍ നഷ്ടപ്പെട്ട മനുഷ്യരുമുള്ള പതിവ് ക്ലീഷേ സയന്‍സ് ഫിക്ഷന്‍ സിനിമയല്ല ഇത്, മറിച്ച് മനുഷ്യ വംശത്തിന്റെ ആസന്ന ഭാവിയിലെ ചില സാധ്യതകളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമാണ്.

സാധാരണ, സിനിമ കാണുമ്പോള്‍ അതൊരു സൃഷ്ടിക്കപ്പെട്ട യഥാര്‍ത്യമാണെന്ന ബോധം എപ്പോളും നിലനിര്‍ത്താറുണ്ട്, പക്ഷെ ഇത് കാണുമ്പോള്‍ അതെവിടെ വച്ചോ നഷ്ടപ്പെട്ടു പോയിരുന്നു. കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വെടിയൊച്ചകള്‍ക്കുമിടയില്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങുമ്പോള്‍, ആ കുഞ്ഞിനെ ഒന്ന് കാണാനും ഒന്ന് തൊടാനും വൈരവും യുദ്ധങ്ങളും മറന്ന് എല്ലാവരും നില്‍ക്കുന്ന കാഴ്ച കണ്ടപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. കാല്പനികമാവാം, എങ്കിലും അത്തരം ചില പ്രതീക്ഷകളും സ്വപ്നങ്ങളുമാണല്ലോ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.

Directed by: Alfonso Cuaron
Written by: Cuaron, Timothy J. Sexton

English summary
Vellithira talking about the movie Children of Men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X