വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശങ്ക വേണ്ട; കൈത്താങ്ങായി സൗദി ഭരണകൂടം, ഇളവുകൾ പ്രഖ്യാപിച്ചു
റിയാദ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ സൗദി അറേബ്യയില്‍ കുടുങ്ങിപ്പോയ സന്ദര്‍ശക വിസക്കാര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും ആശ്വാസ നടപടിയുമായി ഭരണകൂടം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ സൗദി ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് ഇത്. നിലവിലെ സവിശേഷ സാഹചര്യം പരിഗണിച്ച് ഭരണകൂടം നല്‍കിയ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് നടപടി ഉണ്ടായിരിക്കുന്നത്.
നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ യാത്ര മുടക്കിയതിനെത്തുടർന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം കാലാവധി കഴിഞ്ഞ സന്ദർശക, ഉംറ, ട്രാൻസിറ്റ് വിസകൾ, ഫൈനൽ എക്‌സിറ്റ് പെർമിറ്റുകൾ എന്നിവയുള്ളവരുടെ കാര്യത്തിൽ നടപടികൾ പ്രഖ്യാപിച്ചത്. 2026 ഫെബ്രുവരി 26 മുതൽ കാലാവധി തീർന്ന വിസകൾക്കാണ് ഈ ഇളവുകൾ ബാധകം.

ബാധിക്കപ്പെട്ടവർക്ക് നിയമവിധേയമാക്കാൻ മന്ത്രാലയം രണ്ട് വഴികൾ വെക്കുന്നു: ഹോസ്‌റ്റിന്റെ അഭ്യർത്ഥന പ്രകാരം അബ്ഷർ വഴി നിശ്ചിത ഫീസ് അടച്ച് 2026 ഏപ്രിൽ 18 വരെ വിസ നീട്ടുക; അല്ലെങ്കിൽ, ഫീസോ പിഴയോ ഇല്ലാതെ അന്താരാഷ്ട്ര തുറമുഖങ്ങളിലൂടെ നേരിട്ട് രാജ്യം വിടുക, എന്നിങ്ങനെയാണ് നിലവിലെ ബദൽ മാർഗങ്ങൾ.
ഈ നീക്കം വഴി പ്രതിസന്ധിയിലായ സന്ദർശകർക്കും താമസക്കാർക്കും യാത്രാ നടപടിക്രമങ്ങൾ ലളിതമാക്കാനും, നിയമങ്ങൾ പാലിച്ച് അതിർത്തികളിലെ യാത്ര സുഗമമാക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരുൾപ്പെടെ, മലയാളി പ്രവാസികൾ അടക്കമുള്ള നിരവധി പേരാണ് സൗദിയിൽ ഇറാൻ-യുഎസ്, ഇസ്രായേൽ സംഘർഷത്തെ തുടർന്ന് കുടുങ്ങി പോയത്.
പുതിയ സാഹചര്യത്തിൽ സന്ദർശകർ പാസ്‌പോര്‍ട്ട് ഓഫീസുകളിലോ മറ്റ് മന്ത്രാലയങ്ങളിലോ മുന്‍കൂട്ടി അനുമതി തേടി പോകേണ്ടതില്ല. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ വെച്ച് തന്നെ നടപടികള്‍ ലളിതമായി പൂര്‍ത്തിയാക്കാനുള്ള അവസരമാണ് കാത്തിരിക്കുന്നത്. നേരത്തെ തന്നെ ഇക്കാര്യത്തിൽ പല കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.
എന്നാല്‍ 2026 ഏപ്രില്‍ 18-നകം മടങ്ങാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹജ്ജ് സീസണ്‍ കാരണമാണ് ഏപ്രില്‍ 18 എന്ന സമയപരിധി വെച്ചിരിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. അതേസമയം, സൗദിയില്‍ തന്നെ തുടരാന്‍ യോഗ്യതയുള്ളവര്‍ക്ക് വിസ നീട്ടി നല്‍കാനും സൗകര്യമൊരുക്കും.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷം കനത്ത സാഹചര്യത്തിൽ സൗദിക്ക് നേരെയും ഇറാൻ ആക്രമണം അഴിച്ചുവിട്ടിരുന്നു. യുഎസ് പിന്തുണയുള്ള സ്ഥാപനങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ എന്നിങ്ങനെയായിരുന്നു ആക്രമണത്തിന് വിധേയമായ ഇടങ്ങൾ. ഇതിന് പിന്നാലെ രാജ്യത്ത് നിന്നുള്ള വിമാന സർവീസുകൾ നിലച്ചിരുന്നു. ഇതോടെയാണ് മലയാളികൾ അടക്കമുള്ളവർ സൗദി അറേബ്യയിൽ കുടുങ്ങി പോയത്.












Click it and Unblock the Notifications