'അധികാരം നിലനിർത്തിയാൽ മുസ്ലീം യുവാക്കൾക്ക് വേണ്ടി ഐടി പാർക്ക് സ്ഥാപിക്കും'; വമ്പൻ പ്രഖ്യാപനവുമായി കെസിആർ
ഹൈദരാബാദ്: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ വോട്ടർമാരെ ആകർഷിക്കുന്നതിനായി വമ്പൻ പ്രഖ്യാപനവുമായി ബിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു. പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ, ന്യൂനപക്ഷ വിഭാഗത്തിലെ യുവാക്കൾക്കായി സർക്കാർ ഇവിടെ പ്രത്യേക ഐടി പാർക്ക് സ്ഥാപിക്കുമെന്നാണ് കെസിആറിന്റെ പ്രഖ്യാപനം.
വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി മത്സരിക്കുന്ന മഹേശ്വരത്ത് ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് സുപ്രധാന പ്രഖ്യാപനവുമായി ചന്ദ്രശേഖർ റാവു രംഗത്ത് വന്നത്. തന്റെ സർക്കാർ മുസ്ലീങ്ങളെയും ഹിന്ദുക്കളെയും രണ്ട് കണ്ണുകളായി കണക്കാക്കുകയും അതിനാൽ എല്ലാവരേയും ഒപ്പം ചേർക്കുകയും ചെയ്യുന്നുവെന്നും കെസിആർ പറഞ്ഞു.

"ഇന്ന്, മുസ്ലീങ്ങൾക്കും കൂടി ലഭിക്കുന്ന പെൻഷനുകൾ ഞങ്ങൾ നൽകുന്നു. ഞങ്ങൾ റസിഡൻഷ്യൽ സ്‌കൂളുകൾ തുറന്നു, അതിൽ മുസ്ലീം വിദ്യാർത്ഥികൾ പഠിക്കുന്നു. ഞങ്ങൾ എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോവുകയാണ്" തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
"ഇന്ന്, ഞങ്ങൾ മുസ്ലീം യുവാക്കളെ കുറിച്ച് ചിന്തിക്കുന്നു, ഹൈദരാബാദിന് സമീപം അവർക്കായി ഒരു പ്രത്യേക ഐടി പാർക്ക് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. പഹാഡി ഷെരീഫിന് സമീപം പുതിയ ഐടി പാർക്ക് വരും," അദ്ദേഹം പ്രഖ്യാപിച്ചു.
ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലാതെ തെലങ്കാന ഇപ്പോൾ സമാധാനപരമാണെന്ന് അവകാശപ്പെട്ട റാവു, കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ബിആർഎസ് സർക്കാർ ന്യൂനപക്ഷ വികസനത്തിനായി 12,000 കോടി ചെലവഴിച്ചുവെന്നും കോൺഗ്രസിന്റെ പത്ത് വർഷ ഭരണകാലത്ത് ഇത് കേവലം 2,000 കോടി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
കെസിആർ ജീവിച്ചിരിക്കുന്നിടത്തോളം കാലം തെലങ്കാന ഒരു മതേതര സംസ്ഥാനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന പ്രത്യേക സംസ്ഥാനമായതിന് ശേഷമാണ് ഈ നിലയിലുള്ള വികസനം സാധ്യമായതെന്നാണ് കെസിആർ അഭിപ്രായപ്പെട്ടത്.
തിരഞ്ഞെടുപ്പിൽ ആർക്കാണ് ആർക്ക് വോട്ട് ചെയ്യേണ്ടതെന്ന കാര്യത്തിൽ ചിന്തിച്ച് തീരുമാനമെടുക്കാൻ ജനങ്ങളോട് കെസിആർ അഭ്യർത്ഥിച്ചു. ഈ വോട്ട് അടുത്ത അഞ്ച് വർഷത്തേക്ക് സംസ്ഥാനത്തിന്റെ ഭാവി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications