'ഇന്ത്യ ഐസിസി കിരീടങ്ങൾ നേടില്ല, അതിന്റെ കാരണം...'; കൃത്യമായ ഉത്തരവുമായി മുൻ കിവീസ് താരം
ഇന്ത്യ അവസാനമായി ഒരു ഐസിസി കിരീടം നേടിയിട്ട് പതിനൊന്ന് വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. ഇക്കാലയളവിൽ കോഹ്‌ലിയും, രോഹിതും, ഹർദിക് പാണ്ഡ്യയും വരെ നായക സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട അവസരങ്ങൾ ഉണ്ടായെങ്കിലും കിരീട നേട്ടം ഇന്നും ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. എന്നാൽ ഒരു വ്യാഴവട്ടക്കാലത്തിലേക്ക് കടക്കുന്ന ഇന്ത്യയുടെ കാത്തിരിപ്പിൻറെ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് മുൻ ന്യൂസിലൻഡ് താരമായ ഇയാൻ സ്‌മിത്ത് ഇപ്പോൾ.
ഇന്ത്യയുടെ ഐസിസി കിരീട വരൾച്ച കഴിഞ്ഞ കുറേ നാളുകളായി ചർച്ചയുടെ ഭാഗമായിത്തന്നെ നിൽക്കുന്ന ഒരു വിഷയമാണ്. എന്തെന്നാൽ ലോകോത്തര താരങ്ങളുടെ ബാഹുല്യം കൊണ്ട് നിറഞ്ഞ ഇന്ത്യൻ ക്രിക്കറ്റിൽ പക്ഷേ കഴിഞ്ഞ പതിനൊന്ന് വർഷങ്ങൾ ഐസിസിയുടെ ടൂർണമെന്റുകളിൽ പടിക്കൽ കലമുടയ്ക്കുന്ന ശീലം പതിവാണ്. അവിടെ വലുതെന്നോ ചെറുതെന്നോ ഉള്ള വ്യത്യാസങ്ങൾ ടൂര്ണമെന്റുകൾക്ക് ഇല്ല.

ഈ വിഷയത്തിലാണ് കൂടുതൽ പക്വമായ കാഴ്‌ചപ്പാട് ഇയാൻ സ്‌മിത്ത് പങ്കുവച്ചിരിക്കുന്നത്. ആഴത്തിൽ വേരൂന്നിയ ഭയത്തിൽ നിന്നാണ് ഇന്ത്യൻ ടീം തിരിച്ചടി നേരിടുന്നതെന്ന് താരം ചൂണ്ടിക്കാണിക്കുന്നു. ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സഹതാപം പ്രകടിപ്പിച്ച സ്‌മിത്ത് ഓരോ തവണയും അവർ നേരിടേണ്ടി വരുന്ന കടുത്ത സമ്മർദ്ദത്തെ കുറിച്ച് ഊന്നിപ്പറഞ്ഞു.
കായിക മേഖലയിൽ പ്രത്യേകിച്ച് ക്രിക്കറ്റിൽ പരാജയഭീതി പലപ്പോഴും നിർണായക ഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആ നിലയ്ക്ക് നോക്കുമ്പോൾ സമാനതകളില്ലാത്ത സമ്മർദ്ദം നാല് വഴിക്ക് നിന്നും നേരിടുന്ന ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തിരിച്ചടിയാണെന്ന് സ്‌മിത്ത് പറയുന്നു. ലോക ക്രിക്കറ്റിൽ മറ്റൊരു ടീമും നിലവിൽ ഇത്തരമൊരു സാഹചര്യം നേരിടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ എണ്ണവും അവർ താരങ്ങൾക്ക് മേൽ വയ്ക്കുന്ന അമിത പ്രതീക്ഷയും ഒരു പരിധിവരെ ടീമിനെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണെന്ന് നേരത്തെ തന്നെ പല റിപ്പോർട്ടുകളും സൂചിപ്പിച്ചിരുന്നു. കൂടാതെ 2013ലെ ചാമ്പ്യൻസ് ട്രോഫി കിരീടത്തിന് ശേഷം ഐസിസി ട്രോഫിയിൽ മുത്തമിടാനുള്ള ഭാഗ്യം ഇന്ത്യയ്ക്ക് ഉണ്ടായില്ലെന്നതും ഈ സമ്മർദ്ദത്തിന്റെ തോത് വർധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.
അതേസമയം, കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഉൾപ്പെടെ ആ സമ്മർദ്ദത്തിന് അടിമപ്പെട്ട ഇന്ത്യൻ ടീമിനെയാണ് അവസാന നിമിഷം കാണാൻ കഴിഞ്ഞത്. ഫൈനൽ വരെ ആധികാരികമായി എത്തിയ ഇന്ത്യൻ ടീം സ്വന്തം ഗ്രൗണ്ടിൽ ഓസീസിനെതിരെ വിയർക്കുന്ന കാഴ്‌ചയാണ് നാം കണ്ടത്. ഫൈനലിൽ താരങ്ങൾ ഒന്നടങ്കം കളിമറന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്.
ഇതിന്റെ മുൻ ആവർത്തനങ്ങൾ 2019, 2015 ലോകകപ്പുകളിലും നാം കണ്ടതാണ്. അന്ന് സെമിയിൽ മറ്റ് ടീമുകൾക്ക് മുൻപിൽ വീഴുകയായിരുന്നു. കൂടാതെ ടി20 ലോകകപ്പിന്റെ കഴിഞ്ഞ വർഷങ്ങളിലെ പതിപ്പുകളിൽ എല്ലാം ജയ പ്രതീക്ഷയോടെ തന്നെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം വന്നത്. എന്നാൽ അവിടെയും പാതിവഴിയിൽ മടങ്ങേണ്ടി വന്നിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ ഐസിസി ട്രോഫി ശാപം വലിയ ചർച്ചകൾക്ക് തുടക്കമിട്ടത്.












Click it and Unblock the Notifications