ശ്രീലങ്കന്‍ പര്യടനത്തില്‍ ഗംഭീര്‍ കോച്ചാവും, സഞ്ജു സാംസണ്‍ ടീമിലുണ്ടാവും? സാധ്യതകള്‍ ഇങ്ങനെ
മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീര്‍ തന്നെയെത്തും. പക്ഷേ നിയമനത്തില്‍ ചില കാലതാമസം ഉണ്ടാവും. അടുത്ത പരമ്പരയ്ക്ക് മുമ്പ് വലിയ മാറ്റങ്ങള്‍ ടീമിലുണ്ടാവും. രോഹിത് ശര്‍മയോ വിരാട് കോലിയോ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ടീമിലുണ്ടാവില്ല. ഇവര്‍ ഏകദിന-ടെസ്റ്റ് ടീമിലേക്ക് വരുന്നത് എപ്പോഴായിരിക്കുമെന്നും ഉറപ്പായിട്ടില്ല.
അടുത്തിടെ ഗംഭീറിന്റെ അഭിമുഖം അടക്കം ബിസിസിഐ പൂര്‍ത്തിയാക്കിയിരുന്നു. ഇനി പ്രഖ്യാപനം മാത്രമാണ് നടത്താനുള്ളത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഗംഭീറിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ വലിയ സ്വീകരണം തന്നെ ഒരുക്കിയിരുന്നു. ഇത് ഗംഭീറിന്റെ വിടവാങ്ങല്‍ ചടങ്ങ് കൂടിയായിരുന്നു.

ഇന്ത്യന്‍ ടീമിലേക്ക് ഗംഭീര്‍ പരിശീലകനായി എത്തുമെന്ന കാര്യമാണ് ഉറപ്പായിരിക്കുന്നത്. ഈഡന്‍ ഗാര്‍ഡനില്‍ വീഡിയോ ഷൂട്ട് ചെയ്യാനായിട്ടാണ് ഗംഭീര്‍ എത്തിയത്. കെകെആറിനൊപ്പമുള്ള ഗംഭീറിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരുന്നുവെന്നാണ് ഈ വീഡിയോയില്‍ കാണിക്കുക. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഗംഭീറിന്റെ സാന്നിധ്യം ചടങ്ങിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പായി പുതിയ പരിശീലകന്‍ എത്തുമെന്ന് നേരത്തെ ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു. ഈ മാസം അവസാനമാണ് പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ സീനിയര്‍ താരങ്ങള്‍ ഈ പരമ്പരയില്‍ ഉണ്ടായേക്കില്ല.
അതേസമയം ഗംഭീറിന്റെ ശമ്പളം എത്രയായിരിക്കുമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. അതാണ് പ്രഖ്യാപനം വൈകാന്‍ കാരണമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഇടക്കാല പരിശീലകനായി വിവിഎസ് ലക്ഷ്മണാണ് ഉള്ളത്. സിംബാബ്‌വെ പര്യടനം നടത്തുന്ന ടീമിനൊപ്പമാണ് അദ്ദേഹമുള്ളത്.
ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍, ബൗളിംഗ് കോച്ച് പരസ് മഹാബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ടിലീപ് എന്നിവരുടെ കാലാവധി ടി20 ലോകകപ്പോടെ അവസാനിച്ചിരിക്കുകയാണ്. ഇവര്‍ക്ക് പകരക്കാര്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിക്കാന്‍ പോവുകയാണ് ബിസിസിഐ. ഗംഭീര്‍ തന്നെ ഇതും തിരഞ്ഞെടുക്കാനാണ് സാധ്യത.
സഞ്ജുവിന് അവസരം ലഭിക്കുമോ?
സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു സാംസണ്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഗംഭീര്‍ വരുന്നതോടെ സഞ്ജു സ്ഥിര സാന്നിധ്യമാകുമെന്നാണ് സൂചന. ഗംഭീറിന്റെ മുന്‍ പരാമര്‍ശങ്ങളെല്ലാം സഞ്ജുവിന് അനുകൂലമായിരുന്നു. അതുപോലെ ടി20 ലോകകപ്പില്‍ റിഷഭ് പന്തിന് കാര്യമായി ശോഭിക്കാനും സാധിച്ചിരുന്നില്ല. അതുപോലെ വിക്കറ്റ് കീപ്പിംഗ് റെക്കോര്‍ഡും മോശമായിരുന്നു.
സഞ്ജു ലോകകപ്പ് കളിച്ചില്ലെങ്കില്‍ നഷ്ടം ഇന്ത്യയുടേതെന്നായിരുന്നു ടി20 ലോകകപ്പിന് മുമ്പ് ഗംഭീറിന്റെ പ്രതികരണം.74 ടി20 മത്സരങ്ങളില്‍ നിന്ന് 1158 റണ്‍സ് മാത്രമാണ് പന്ത് നേടിയിട്ടുള്ളത്. 22.70 ശരാശരിയും, 126.55 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിന് ഉള്ളത്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും പ്രത്യേക ടീം തന്നെ വേണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ഏകദിനത്തില്‍ സ്ഥിരപ്പെടുത്തി പന്തിനെ ടെസ്റ്റ് ടീമില്‍ മാത്രമായി നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയാനുള്ളത്. മുമ്പ് പന്ത് ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്ന് ഗംഭീര്‍ പറഞ്ഞിട്ടുമുണ്ട്.












Click it and Unblock the Notifications