ജൊഹന്നാസ്ബര്‍ഗില്‍ ചാരമായി പ്രോട്ടീസ്, അര്‍ഷ്ദീപ് മാജിക്കില്‍ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയെടുക്കുകയായിരുന്നു. 200 പന്തുകളും ബാക്കിയുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്.
അര്‍ഷ്ദീപ് സിംഗിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും അതുപോലെ ഇന്ത്യന്‍ നിരയില്‍ ശ്രേയസ് അയ്യരും, സായ് സുദര്‍ശനും നേടിയ അര്‍ധ സെഞ്ച്വറികളുമാണ് വിജയം വേഗത്തിലാക്കിയത്. സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് റിതുരാജ് ഗെയ്ക്വാദ്(5) ശ്രേയസ് അയ്യര്‍(52) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

അതേസമയം 88 റണ്‍സിന്റെ കൂട്ടുകെട്ടാണ് അയ്യരും സായ് സുദര്‍ശനും ചേര്‍ന്നുണ്ടാക്കിയത്. 43 പന്തില്‍ 55 റണ്‍സടിച്ച് സുദര്‍ശന്‍ പുറത്താവാതെ നിന്നു. 9 ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ശ്രേയസ്സിന്റെ ഇന്നിംഗ്‌സില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു. 45 പന്തുകളാണ് താരം നേരിട്ടത്.
വാന്‍ മുള്‍ഡര്‍ക്കും ഫെലുക്ക്വായോയ്ക്കും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വിക്കറ്റ് ലഭിച്ചു. ഇന്ത്യ പുറത്തെടുത്ത മികവുറ്റ ബൗളിംഗ് പ്രകടനം പുറത്തെടുക്കുന്നതില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെടുകയായിരുന്നു. അതുപോലെ ക്യാച്ചുകളും മിസ്ഫീല്‍ഡുകളും വന്നതും, സായ് സുദര്‍ശനെതിരെ ക്യത്യമായ റിവ്യു എടുക്കാത്തതും ദക്ഷിണാഫ്രിക്കയുടെ തോല്‍വിക്ക് കാരണമാവുകയായിരുന്നു.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വമ്പന്‍ സ്‌കോര്‍ പിറക്കുമെന്ന് കരുതിയ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ താണ്ഡവമാടുന്നതാണ് കണ്ടത്. രണ്ടാം ഓവറില്‍ തന്നെ അര്‍ഷ്ദീപ് സിംഗ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. റീസ് ഹെന്റ്‌റിക്‌സി(0)ന്റെ കുറ്റി തെറിപ്പിച്ചായിരുന്നു അര്‍ഷ്ദീപ് പ്രോട്ടീസിനെ ഞെട്ടിച്ചത്.
ടോണി ഡി സോര്‍സി(28) ആന്‍ഡില്‍ ഫെലുക്ക്വായോ(33) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ച് നിന്നത്. ഡി സോര്‍സി 22 പന്തിലാണ് 28 റണ്‍സടിച്ചത്. രണ്ട് വീതം ബൗണ്ടറിയും സിക്‌സറും താരം അടിച്ചത്. അതേസമയം കരുത്തുറ്റ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര ഇന്ത്യയുടെ പേസ് ആക്രമണത്തിന് മുന്നില്‍ മുട്ടുമടക്കുന്നതാണ് കണ്ടത്.
റാസ്സി വാന്‍ഡര്‍ ഡസ്സന്‍(0) എയ്ഡന്‍ മാക്രം(1) ഹെയ്ന്റ്‌റിച്ച് ക്ലാസന്‍(6) ഡേവിഡ് മില്ലര്‍(2) വാന്‍ മുള്‍ഡര്‍(0) എന്നിവരെല്ലാം അതിവേഗം കൂടാരം കയറുന്നതാണ് കണ്ടത്. നൂറ് റണ്‍സില്‍ താഴെ സ്‌കോറിന് ദക്ഷിണാഫ്രിക്ക പുറത്താവേണ്ടതായിരുന്നു. എന്നാല്‍ ഫെലുക്ക്വായോയുടെ ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ നൂറ് കടത്തിയത്. ഇന്ത്യന്‍ നിരയില്‍ അര്‍ഷ്ദീപിന് പുറമേ ആവേശ് ഖാന്‍ എട്ടോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് കുല്‍ദീപ് യാദവിനാണ്. അര്‍ഷ്ദീപ് സിംഗ് 37 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്.












Click it and Unblock the Notifications