മൊഹാലിയില്‍ തീപ്പൊരി വിതറി കിഷനും സൂര്യകുമാറും, മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം
മൊഹാലി: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. 215 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഏഴ് പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയെടുത്തത്. പഞ്ചാബിന്റെ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുന്നതില്‍ ധാരാളിത്തം കാണിച്ചപ്പോള്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.
ചേസിംഗിന് ഇറങ്ങിയ മുംബൈക്ക് മൂന്നാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായി. പിന്നീട് കാമറൂണ്‍ ഗ്രീനും, ഇഷാന്‍ കിഷനും തമ്മിലുള്ള കൂട്ടുകെട്ടില്‍ 54 റണ്‍സ് പിന്നു. ഗ്രീന്‍ 18 പന്തില്‍ 23 റണ്‍സടിച്ചാണ് പുറത്തായത്. എന്നാല്‍ ഇതിന് ശേഷമാണ് കിഷനും, സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുംബൈക്ക് മത്സരം അനുകൂലമാക്കിയത്.

116 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്. കിഷന്‍ 41 പന്തില്‍ 75 റണ്‍സടിച്ചു. ഏഴ് ബൗണ്ടറിയും നാല് സിക്‌സറും താരം പറത്തി. സൂര്യകുമാര്‍ യാദവ് 31 പന്തിലാണ് 66 റണ്‍സെടുത്തത്. എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും താരം അടിച്ചു. ഇരുവരും പുറത്താവുമ്പോള്‍ കളി മുംബൈക്ക് അനുകൂലമായിരുന്നു.
ടിം ഡേവിഡ്(19), തിലക് വര്‍മ(26) എന്നിവര്‍ ചേര്‍ന്ന് അനായാസം മത്സരം വിജയിപ്പിച്ചെടുക്കുകയായിരുന്നു. പഞ്ചാബിന്റെ സ്റ്റാര്‍ ബൗളര്‍ അര്‍ഷ്ദിപ് സിംഗ് 3.5 ഓവറില്‍ 66 റണ്‍സാണ് വഴങ്ങിയത്. നഥാന്‍ എല്ലിസ് രണ്ട് വിക്കറ്റെടുത്തു. റിഷി ധവാനും ഒരു വിക്കറ്റ് ലഭിച്ചു.
നേരത്തെ ലിയാം ലിവിംഗ്സ്റ്റണിന്റെ വെടിക്കെട്ട് പ്രകടനമാണ് പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നേരത്തെ ടോസ് നേടിയ മുംബൈ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ പ്രഭ്‌സിമ്രാന്‍ സിംഗിനെ(9) പഞ്ചാബിന് നഷ്ടമായി.
പിന്നീട് ശിഖര്‍ ധവാന്‍(30) മാത്യു ഷോര്‍ട്ട്(27) എന്നിവര്‍ ചേര്‍ന്ന് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ധവാന്‍ 20 പന്തില്‍ അഞ്ച് ബൗണ്ടറി അടക്കമാണ് 30 റണ്‍സടിച്ചത്. ഷോര്‍ട്ടിന്റെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറിയുമുണ്ടായിരുന്നു.
മേഘാലയയില്‍ ഒരിക്കലെങ്കിലും പോകണം: കഴിക്കാന്‍ ഇവിടെ ഒരുപാട് ഡിഷുണ്ട്, ട്രൈ ചെയ്ത് നോക്കാം
ധവാനും, ഷോര്‍ട്ടും പുറത്തായതിന് പിന്നാലെയായിരുന്നു പഞ്ചാബ് വിശ്വരൂപം പുറത്തെടുത്തത്. ലിയാം ലിവിംഗ്സ്റ്റണ്‍(82*) ജിതേഷ് ശര്‍മ(49) എന്നിവര്‍ ചേര്‍ന്ന് 52 പന്തില്‍ 119 റണ്‍സാണ് ചേര്‍ത്താണ്. വേര്‍പിരിയാത്ത ഈ കൂട്ടുകെട്ടാണ് പഞ്ചാബ് ഇന്നിംഗ്‌സ് 200 റണ്‍സിന് മുകളിലെത്തിയത്. ലിവിംഗ്സ്റ്റണ്‍ 42 പന്തിലാണ് 82 റണ്‍സടിച്ചത്. ഏഴ് ബൗണ്ടറിയും നാല് സിക്‌സറുമാണ് താരം പറത്തിയത്.
ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് സിക്‌സറുകളാണ് ലിവിംഗ്സ്റ്റണ്‍ തുടരെ അടിച്ചത്. ആ ഓവറില്‍ 27 റണ്‍സ് പിറക്കുകയും ചെയ്തു. അതേസമയം ജിതേഷ് ശര്‍മ 27 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറിന്റെയും സഹായത്തോടെയാണ് 49 റണ്‍സെടുത്തത്. അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്. മുംബൈ നിരയില്‍ ഇത്തവണയും പിയൂഷ് ചൗളയാണ് തിളങ്ങിയത്. രണ്ട് വിക്കറ്റ് താരം വീഴ്ത്തി. അര്‍ഷാദ് ഖാന് ഒരു വിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications