മുബൈ ക്യാമ്പിലെ പരിശീലന മത്സരം വേണ്ട, ഒറ്റയ്ക്ക് കാര്യങ്ങൾ നോക്കാനറിയുമെന്ന് രോഹിത്; കാരണം ഇതോ?
സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ പലവിധ വിവാദങ്ങളിപ്പെട്ട ടീമാണ് മുംബൈ ഇന്ത്യൻസ്. അതിന്റെ പ്രധാന കാരണം ഹർദിക് പാണ്ഡ്യയുടെ ടീമിലേക്കുള്ള മടങ്ങി വരവും രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളൊക്കെ താൽക്കാലിക വിരാമമിട്ട് കൊണ്ടാണ് സീസണിലെ ആദ്യ മത്സരത്തിനായി മുംബൈ ഇന്ത്യൻസ് തയ്യാറെടുക്കുന്നത്.
എന്നാൽ ഇപ്പോഴിതാ ടീമുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വാർത്തയാണ് പുറത്ത് വരുന്നത്. മുംബൈ ഇന്ത്യൻസിനെ അഞ്ച് കിരീടത്തിലേക്ക് നയിച്ച മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശീലന മത്സരങ്ങളിൽ പങ്കെടുത്തില്ലെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ഞായറാഴ്‌ച ടീമിന്റെ കന്നി മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിരിക്കെയാണ് സംഭവം.

എന്നാൽ രോഹിതിന് കസ്‌റ്റമൈസ്‌ഡ് ട്രെയ്‌നിംഗ് പദ്ധതിയാണ് നടപ്പാക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് മുംബൈ ഇന്ത്യൻസ് നൽകുന്ന ഔദ്യോഗിക വിശദീകരണം. അഹമ്മദാബാദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബുധനാഴ്‌ച മുംബൈയിൽ അടച്ചിട്ട സ്‌റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് അവരുടെ ആദ്യ ഇൻട്രാ-സ്ക്വാഡ് പരിശീലന മത്സരം കളിച്ചിരുന്നു. എന്നാൽ ഇതിൽ ഉൾപ്പെടെ രോഹിത് ശർമ്മ കളിച്ചിരുന്നില്ല.
പുതിയ സീസണിന് മുന്നോടിയായി സൂപ്പർതാരം നിലവിൽ സിമുലേറ്റഡ് നെറ്റ് സെഷനുകൾ, മൊബിലിറ്റി, സ്ട്രെങ്ത്, കണ്ടീഷനിംഗ് സെഷനുകൾ എന്നിവ ഉൾപ്പെടുന്ന കസ്‌റ്റമൈസ്‌ഡ് ട്രെയിനിംഗ് പ്രോഗ്രാമിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ഫ്രാഞ്ചൈസി പുറത്തുവിട്ട ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
ഇതോടെ ആദ്യ മത്സരത്തിൽ രോഹിത് ശർമ്മ കളിക്കുമോ എന്ന ആശങ്കയാണ് പല ആരാധകരും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ഈ തിങ്കളാഴ്‌ച മുംബൈ സ്‌ക്വാഡിനൊപ്പം ചേർന്ന രോഹിത് ശർമ്മ പരിശീലന മത്സരം കളിച്ചില്ല എന്ന വാർത്ത സംശയദൃഷ്‌ടിയോടെയാണ് ആരാധകർ നോക്കി കാണുന്നത്. ഹർദിക് പാണ്ഡ്യയുടെ വരവോടെ മുംബൈയിൽ രോഹിതിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പ്രചാരണങ്ങൾക്ക് ഇടയിലാണ് പുതിയ സംഭവ വികാസം.
നേരത്തെ ഗുജറാത്ത് ടീമിൽ നിന്നാണ് ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ തിരികെ എത്തിയത്. താരത്തിനെ വൻ തുക മുടക്കിയാണ് ഫ്രാഞ്ചൈസി ഇവിടേക്ക് എത്തിച്ചത്. രോഹിത് ശർമ്മയ്ക്ക് പകരം ഭാവിയിലേക്കുള്ള നായകനായാണ് താരത്തെ അവർ നോക്കി കാണുന്നത്. എന്നാൽ രോഹിത്തിനോട് തികഞ്ഞ നന്ദികേടാണ് അവർ കാട്ടിയതെന്നുള്ള വിമർശനം ആരാധകർ ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications