രോഹിത് ഒക്കെ തളർന്നുവീഴും, കോഹ്ലി പിടിച്ചു നിൽക്കും; ഗംഭീർ യുടേൺ അടിച്ചത് കണ്ടില്ലേ? മുൻ താരത്തിന്റെ ചോദ്യം
ഇന്ത്യയുടെ പുതിയ പരിശീലകനായി ഗൗതം ഗംഭീർ ശ്രീലങ്കൻ പര്യടനത്തോടെ ചുമതല ഏറ്റെടുക്കുകയാണ്. ടി20 ലോകകപ്പ് വിജയത്തോടെ പടിയിറങ്ങിയ രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീറിന്റെ വരവ്. എന്നാൽ താരം ചുമതല ഏറ്റെടുക്കും മുൻപ് തന്നെ വിമർശനങ്ങളും ശക്തമാണ്. ഇപ്പോഴിതാ ഗൗതം ഗംഭീറിന്റെ ചില രീതികളെ കുറിച്ച് ആഞ്ഞടിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം കൃഷ്‌ണമാചാരി ശ്രീകാന്ത്.
ഗൗതം ഗംഭീറിന്റെ പഴയ പ്രസ്‌താവന പൊക്കിപിടിച്ചു കൊണ്ടാണ് ശ്രീകാന്തിന്റെ വിമർശനം. നേരത്തെ വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നീ സീനിയർ താരങ്ങളുടെ ഭാവിയെ സംബന്ധിച്ച് ഗംഭീർ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇരു താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ടീമിന് പുറത്താകും എന്നായിരുന്നു ഗംഭീറിന്റെ നിലപാട്. എന്നാൽ അടുത്തിടെ നടത്തിയ പ്രസ്‌താവന ഇതിനെ ഖണ്ഡിക്കുന്നതാണെന്ന് ശ്രീകാന്ത് ചൂണ്ടിക്കാണിക്കുന്നു.

ഗംഭീർ ഈ വിഷയത്തിൽ തന്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോയെന്നാണ് ശ്രീകാന്ത് ആരോപിക്കുന്നത്. "ഗൗതം ഗംഭീർ യു-ടേൺ എടുത്തു. ടി20 ലോകകപ്പിന് മുമ്പ് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ അവർക്ക് ടീമിൽ സ്ഥാനമില്ലെന്ന് പറഞ്ഞിരുന്നു. എന്നിട്ട് അദ്ദേഹം ഇപ്പോൾ അത് മാറ്റി പറഞ്ഞു.'' ശ്രീകാന്ത് പറഞ്ഞു.
"വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും പോലെ മറ്റൊരു താരങ്ങളും ഇല്ലെന്നായിരുന്നു ഗംഭീർ പറഞ്ഞത്. ഹെഡ് കോച്ചായതിന് ശേഷം, ഇരുവർക്കും ഒരുപാട് ക്രിക്കറ്റ് ഇനിയും ബാക്കിയുണ്ടെന്നും അവർ 2027 ലോകകപ്പിൽ പോലും കളിയ്ക്കാൻ ശേഷിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു" ശ്രീകാന്ത് തന്റെ യൂട്യൂബിൽ പങ്കുവച്ച അഭിപ്രായത്തിൽ പറയുന്നു.
ഏകദിന ലോകകപ്പിൽ രണ്ട് മുതിർന്ന താരങ്ങളും പങ്കെടുക്കുന്ന കാര്യത്തിൽ ശ്രീകാന്ത് തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്‌തു. മികച്ച ഫിറ്റ്നസ് നിലനിർത്തുന്നതിനാൽ തന്നെ 2027 ലോകകപ്പിലും വിരാട് കോഹ്ലിക്ക് കളിക്കാൻ കഴിഞ്ഞേക്കുമെന്നാണ് ശ്രീകാന്ത് പറയുന്നത്. എന്നാൽ നാൽപത് വയസ് കടക്കുമെന്നതിനാൽ തന്നെ രോഹിതിന് കാര്യങ്ങൾ എളുപ്പമാവില്ലെന്നും ശ്രീകാന്ത് ചൂണ്ടിക്കാണിച്ചു.
"രോഹിത് മികച്ച താരമാണ്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ പ്രായം 37 ആണ്. അടുത്ത ഏകദിന ലോകകപ്പിന് ഇനിയും മൂന്ന് വർഷം കൂടി ബാക്കിയുണ്ട്. അപ്പോഴേക്കും അദ്ദേഹത്തിന് നാൽപത് വയസാവും. ധോണിയെ പോലെയോ സച്ചിനെപ്പോലെയോ കായിക ക്ഷമത ഇല്ലെങ്കിൽ നാൽപത് പിന്നിട്ടാൽ നിങ്ങൾക്ക് കളിയ്ക്കാൻ കഴിയില്ല. ഒരുപക്ഷേ കോഹ്‌ലിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞേക്കും, ഉറപ്പാണ്. എന്നാൽ രോഹിത് ദക്ഷിണാഫ്രിക്കയിൽ തളർന്നു വീഴും." ശ്രീകാന്ത് കൂട്ടിച്ചേർത്തു.
അതേസമയം, ഗംഭീറിന്റെ പരിശീലന കാലയളവിൽ രോഹിത് ശർമ്മയേയും വിരാട് കോഹ്ലിയേയും എന്താണ് കാത്തിരിക്കുന്നതെന്ന് ആരാധകർ ഉറ്റുനോക്കുന്നു. കരിയറിന്റെ അവസാന കാലത്തേക്ക് അടുക്കുന്ന ഇരുവരുടെയും ടീമിലെ സാധ്യതകളെ കുറിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ ഗംഭീർ ഇക്കാര്യത്തിൽ ആത്മവിശ്വാസത്തിലാണ്.
ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും രണ്ട് താരങ്ങളും ഏകദിനത്തിലും ടെസ്‌റ്റിലും തുടർന്നും കളിച്ചേക്കും എന്നാണ് സൂചന. അതുകൊണ്ട് തന്നെ ഏകദിന ടീമിൽ ഇരുവരെയും ഉൾപ്പെടുത്തി തന്നെയാവും ടീം മുന്നോട്ട് പോവുക എന്നുറപ്പാണ്. കൂടാതെ ശ്രീലങ്കൻ പര്യടനത്തിൽ രോഹിത് ശർമ്മ തന്നെയാണ് ഏകദിന ടീമിനെ നയിക്കുന്നത്.












Click it and Unblock the Notifications