പാരീസിൽ വിനേഷ് ഫോഗട്ടിന്റെ സ്വർണമോഹം പൊലിഞ്ഞു; മെഡൽ നഷ്‌ടമായോ? വില്ലനായത് ഈ കാരണം
പാരീസ്: ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ പ്രതീക്ഷയായിരുന്ന ഗുസ്‌തിയിൽ വൻ തിരിച്ചടി. പാരീസ് ഒളിമ്പിക്‌സിൽ ഫൈനലിൽ എത്തിയ വിനേഷ് ഫോഗാട്ടിനെ അയോഗ്യയാക്കി. ഭരപരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ പൂർണമായും ഇല്ലാതായി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് ഫോഗട്ട് ഫൈനലിൽ എത്തിയത്.
ഫൈനൽ ദിനമായ ഇന്ന് നടത്തിയ പരിശോധനയിൽ അനുവദിച്ചതിലും 100 ഗ്രാം അധിക ഭാരം കണ്ടത്തിയ സാഹചര്യത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഇതോടെ താരത്തിന് വെള്ളിമെഡൽ പോലും നേടാനുള്ള അവസരമാണ് ഇല്ലാതായത്. അയോഗ്യയാക്കിയതോടെ പാരീസ് ഒളിമ്പിക്‌സിൽ ഈ വിഭാഗത്തിൽ സ്വർണ മെഡലും വെങ്കലവും മാത്രമാവും ഉണ്ടാവുക.

വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം അനുവദനീയമായ 50 കിലോഗ്രാം പരിധിക്കുള്ളിൽ തന്നെയായിരുന്നു. തുടർന്ന് ഒളിമ്പിക്‌സിന്റെ ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും കടന്ന താരം ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറിയിരുന്നു. ലോക ഒന്നാം നമ്പർ താരമായ യുയി സുസാക്കിയെ അട്ടിമറിച്ചാണ് വിനേഷ് തന്റെ ഒളിമ്പിക്‌സ് ക്യാമ്പയിൻ തുടങ്ങിയത്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പുറത്തുവിട്ട ഔദ്യോഗിക പ്രസ്‌താവനയിൽ അയോഗ്യത സ്ഥിരീകരിച്ചു. വിനേഷ് ഫോഗട്ടിന്റെ സ്വകാര്യത ഉറപ്പാക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു. ഇന്ന് വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ എതിർപ്പ് സംഘാടകരെ അറിയിക്കുമെന്ന് തന്നെയാണ് ലഭ്യമായ വിവരം.
മത്സരമുള്ള ദിവസങ്ങളിൽ മാത്രമാണ് സാധാരണയായി ഈ പരിശോധന നടത്താറുള്ളത്. ആ പ്രത്യേക ദിവസം മത്സരിക്കുന്ന എല്ലാ താരങ്ങളുടെയും വൈദ്യപരിശോധനയും തൂക്കവും നോക്കാറുണ്ട്. അത്തരത്തിലുള്ള പരിശോധനയിലാണ് വിനേഷ് ഫോഗാട്ടിന് അനുവദനീയമായതിലും അധികം തൂക്കമുണ്ടെന്ന് കണ്ടെത്തിയത്.
50 കിലോഗ്രാം വിഭാഗത്തിൽ ഭാര നിബന്ധനകൾ നിറവേറ്റാൻ ഫോഗട്ട് ബുദ്ധിമുട്ടുന്നത് ഇതാദ്യമായല്ല എന്നതാണ് വാസ്‌തവം. മുൻപ് മത്സരിച്ചിരുന്ന 53 കിലോഗ്രാം വിഭാഗത്തേക്കാൾ കുറഞ്ഞ ഭാരമാണ് ഇതെന്നതായിരുന്നു അവർക്ക് മുൻപിലെ യഥാർത്ഥ വെല്ലുവിളി. ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങളിലും ഫോഗട്ട് സമാനമായ വെല്ലുവിളി നേരിട്ടിരുന്നു, എങ്കിലും അവസാന നിമിഷം കടന്നുകൂടുകയായിരുന്നു.
ഈ വർഷം ജനുവരിയിലാണ് 15 മാസത്തെ ഇടവേളയ്ക്ക് ശേഷം താരം മത്സര രംഗത്തേക്ക് തിരിച്ചു വന്നത്. മുമ്പ് വിനേഷ് വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചിരുന്നത്. ടോക്കിയോ ഒളിമ്പിക്‌സിൽ ഉൾപ്പെടെ 53 കിലോ വിഭാഗത്തിലായിരുന്നു വിനേഷ് മാറ്റുരച്ചത്. എന്നാൽ ഇത്തവണ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications