രാഹുൽ ദ്രാവിഡോ ഗൗതം ഗംഭീറോ; മികച്ച പരിശീലകൻ ആര്? ഇരുവരും തമ്മിലെ വ്യത്യാസം പറഞ്ഞ് ഋഷഭ് പന്ത്
ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഋഷഭ് പന്ത്. ഒരു ഇടംകൈയൻ ബാറ്ററായ പന്ത് പലപ്പോഴും മറ്റ് ടീമുകൾക്ക് വെല്ലുവിളിയാവുന്നത് നാം കണ്ടതാണ്. ഓസീസിലെ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയവും ഗബ്ബയിലെ ഉഗ്രൻ പ്രകടനവും ഒക്കെ പന്തിനെ ഇന്ത്യൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനാക്കിയിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ടീമിന്റെ മുൻ പരിശീലകൻ ദ്രാവിഡും ഇപ്പോഴത്തെ പരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള വ്യത്യാസം എടുത്തു പറയുകയാണ് പന്ത്.
അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തിലാണ് ഗംഭീറിന്റെയും ദ്രാവിഡിന്റെയും കോച്ചിംഗ് ശൈലികളെക്കുറിച്ച് ഋഷഭ് പന്ത് സംസാരിച്ചത്. ഇരുവരിൽ മികച്ചയാൾ ആരാണെന്ന ചോദ്യത്തിന് മറുപടി നൽകിയില്ലെങ്കിലും ഇരുവരുടെയും പ്രത്യേകതകൾ എന്തോകെയാനാണെന്നാണ് താരം ചൂണ്ടിക്കാണിച്ചത്. ദ്രാവിഡ് കൂടുതൽ സന്തുലിതന സ്വാഭാവമുള്ള, ശൈലിയുള്ള ആളാണെങ്കിൽ ഗംഭീർ കൂടുതൽ ആക്രമണാത്മക ശൈലി വച്ചുപുലർത്തുന്നുവെന്നും പന്ത് ചൂണ്ടികാണിക്കുന്നു.

ഗംഭീറും ദ്രാവിഡും തമ്മിലുള്ള വ്യത്യാസം
'രാഹുൽ ഭായ് ഒരു മനുഷ്യനെന്ന നിലയിലും പരിശീലകനെന്ന നിലയിലും വളരെ സന്തുലിത പുലർത്തുന്ന ആളാണെന്ന് എനിക്ക് തോന്നുന്നു. അത് ചിലപ്പോൾ ഗുണമോ ദോഷമോ ആകാം, കാരണം ക്രിക്കറ്റിൽ നല്ല കാര്യങ്ങൾ ധാരാളം ഉണ്ടാകാം. നല്ലതിൽ വേണോ മോശം കാര്യങ്ങളിൽ വേണോ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നത് വ്യക്തികളുടെ തീരുമാനമാണ്. അത് അവർ എന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.' പന്ത് ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
എന്നാൽ ഗംഭീർ കുറച്ചുകൂടി ആക്രമണാത്മക സമീപനം വച്ചുപുലർത്തുന്ന വ്യക്തിയാണെന്നും പന്ത് പറഞ്ഞു. 'ഗൗതി ഭായ് കൂടുതൽ ആക്രമണോത്സുകനാണ്, വിജയത്തിന്റെ കാര്യത്തിൽ അദ്ദേഹം ഏകപക്ഷീയനാണ്. എന്നാൽ നിങ്ങൾ ശരിയായ സന്തുലിതാവസ്ഥ കണ്ടെത്തി മെച്ചപ്പെടുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച കാര്യമാണത്' പന്ത് കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിനെ വില കുറച്ചു കാണരുത്
വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തെ കുറിച്ച് പന്ത് മനസ് തുറക്കുകയുണ്ടായി. ബംഗ്ലാദേഷിനെ നിസാരമായി കാണരുതെന്നായിരുന്നു പന്തിന്റെ മുന്നറിയിപ്പ്. ഇന്ത്യ സ്വയം മെച്ചപ്പെടുത്തലിന് ശ്രമിക്കേണ്ടതിന്റെ ആവശ്യകതയും പന്ത് എടുത്തു കാണിച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ ഏഷ്യൻ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുമെന്നും പന്ത് ചൂണ്ടിക്കാട്ടി.
കൂടാതെ ദുലീപ് ട്രോഫിയെ കുറിച്ചും പന്ത് സംസാരിച്ചു. ടെസ്‌റ്റ് ക്രിക്കറ്റിന്റെ നീണ്ട സീസണിന് മുന്നോടിയായി ദുലീപ് ട്രോഫിയിൽ കളിക്കുന്നത് താരങ്ങൾക്ക് ഗുണനിലവാരമുള്ള മത്സര പരിശീലനം ഉറപ്പാക്കുമെന്നും കൂടാതെ ആഭ്യന്തര തലത്തിലുള്ള യുവ ക്രിക്കറ്റ് താരങ്ങൾക്ക് അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം പ്രയോജനപ്പെടുത്താൻ കഴിയുമെന്നും പന്ത് കൂട്ടിച്ചേർത്തു.
അതേസമയം, അടുത്തിടെ പാകിസ്ഥാനെതിരെ ഏകപക്ഷീയമായി പരമ്പര സ്വന്തമാക്കിയ ബംഗ്ലാദേശ് ടീം ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാകും എന്ന് തന്നെയാണ് കരുതുന്നത്. സെപ്റ്റംബർ 19 മുതൽ ചെന്നൈയിൽ നടക്കുന്ന ആദ്യ ടെസ്‌റ്റിൽ രോഹിത് ശർമ്മയും സംഘവും ബംഗ്ലാദേശിനെ നേരിടും. ഇതിന് ശേഷം അടുത്ത 5 മാസത്തോളം തുടർച്ചയായി പത്ത് ടെസ്‌റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്.












Click it and Unblock the Notifications