ധോണി വിരമിച്ചാല്‍ രോഹിത് സിഎസ്‌കെ ക്യാപ്റ്റനാവും; മുന്‍ സിഎസ്‌കെ താരത്തിന്റെ പ്രവചനം വൈറല്‍
ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ പതിനേഴാം എഡിഷന്‍ മാര്‍ച്ച് 22ന് ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍ ടൂര്‍ണമെന്റിലെ രണ്ട് ചാമ്പ്യന്‍ ടീമുകള്‍ രണ്ട് വ്യത്യസ്തമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. ആദ്യത്തെ ടീം നിലവിലെ ചാമ്പ്യന്‍മാരായിട്ടാണ് ടൂര്‍ണമെന്റിന് ഇറങ്ങുന്നത്. ആര്‍സിബിക്കെതിരെയാണ് അവരുടെ ആദ്യ മത്സരം.
മുംബൈ ഇന്ത്യന്‍സാണ് മറ്റൊരു ടീം. പക്ഷേ ക്യാപ്റ്റനെ മാറ്റിയത് അടക്കമുള്ള പ്രശ്‌നങ്ങള്‍ മുംബൈയെ അലട്ടുകയാണ്. രോഹിത് ശര്‍മ മാറിയതോടെ മുംബൈയുടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ്. ടീമിലെ താരങ്ങള്‍ തന്നെ രണ്ട് തട്ടിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ മാറുന്നതിനെ കുറിച്ച് പ്രവച്ചിരിക്കുകയാണ് മുന്‍ സിഎസ്‌കെ താരം അമ്പാട്ടി റായുഡു.

കഴിഞ്ഞ വര്‍ഷം സിഎസ്‌കെ ഗുജറാത്തിനെ വീഴ്ത്തി കിരീടം നേടിയപ്പോള്‍ റായിഡുവും ടീമിലുണ്ടായിരുന്നു. ഹര്‍ദിക് പാണ്ഡ്യക്ക് മുംബൈയെ നയിക്കുക ദുഷ്‌കരമാകുമെന്ന് റായുഡു പറയുന്നു. കാരണം ഗുജറാത്ത് ടൈറ്റന്‍സിന്റെയും മുംബൈയുടെ ടീം സെറ്റപ്പ് തന്നെ വളരെയധികം വ്യത്യാസമുണ്ട്.
മുംബൈ ഇന്ത്യന്‍സില്‍ ഒരു വര്‍ഷം കളിക്കാന്‍ പാണ്ഡ്യ തയ്യാറാവണമായിരുന്നു. അങ്ങനെയെങ്കില്‍ ടീമിന്റെ ഹര്‍ദിക്കിന് നയിക്കാന്‍ സാധിക്കുമായിരുന്നു. നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റനായ രോഹിത്തിനെ മുംബൈ മാറ്റിയത് വലിയ പ്രശ്‌നമാണെന്നും അമ്പാട്ടി റായുഡു പറഞ്ഞു. അതേസമയം ചെന്നൈ ടീമില്‍ രോഹിത്തിനെ കാണാനുള്ള ആഗ്രഹമുണ്ടെന്നും റായുഡു പറഞ്ഞു.
രോഹിത് ശര്‍മയ്ക്ക് അടുത്ത അഞ്ചോ ആറോ വര്‍ഷങ്ങള്‍ ഐപിഎല്‍ കളിക്കാനാവും. താരത്തിന് ക്യാപ്റ്റനാവണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ലോകം മുഴുവന്‍ അദ്ദേഹത്തിനായി തുറന്നിരിക്കും. ഏത് ടീമില്‍ വേണമെങ്കിലും എളുപ്പത്തില്‍ ക്യാപ്റ്റനാവാന്‍ രോഹിത്തിന് സാധിക്കും. 2025ല്‍ രോഹിത് ശര്‍മ ചെന്നൈക്ക് വേണ്ടി കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
എംഎസ് ധോണി വിരമിച്ചാല്‍ രോഹിത് ടീമിന്റെ ക്യാപ്റ്റനാവണമെന്നും റായിഡു ആഗ്രഹം പ്രകടിപ്പിച്ചു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ ബാറ്റ്‌സ്മാനാണ് രോഹിത്. 243 മത്സരങ്ങളില്‍ നിന്ന് 6211 റണ്‍സാണ് രോഹിത്തിനുള്ളത്.
അതേസമയം രോഹിത്തിനെ മുംബൈ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയത് നേരത്തെ വലിയ വിവാദമായിരുന്നു. ക്യാപ്റ്റന്‍സി രോഹിത്തിന്റെ ബാറ്റിംഗിനെ ബാധിക്കുന്നു എന്ന കോച്ച് മാര്‍ക്ക് ബൗച്ചറുടെ വാക്കുകളും വിവാദത്തെ ശക്തമാക്കി. ഇതിന് രോഹിത്തിന്റെ ഭാര്യ റിതിക കമന്റ് ചെയ്തതോടെ പ്രശ്‌നം വഷളാവുകയായിരുന്നു.
മുംബൈ ക്യാമ്പില്‍ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രോഹിത്തിനെ മാറ്റിയതില്‍ നിരാശരായിരുന്നു. ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് നിരാശ പരോക്ഷമായി വ്യക്തമാക്കുന്ന തരത്തിലായിരുന്നു. രോഹിത് മാറിയാല്‍ സ്വാഭാവികമായ ക്യാപ്റ്റന്‍സി ലഭിക്കേണ്ടിയിരുന്നവരാണ് ബുംറയും സൂര്യകുമാര്‍ യാദവും.












Click it and Unblock the Notifications