'ഇത്തിരി ബോധത്തോടെ സംസാരിച്ചുകൂടെ..'; മൈക്കിൾ വോണിനെ എടുത്തുകുടഞ്ഞ് ഹർഭജൻ സിംഗ്
ഗയാന: ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ആധികാരികമായി തോൽപിച്ച് ഫൈനലിൽ എത്തിയിരിക്കുകയാണ് ഇന്ത്യ. എന്നാൽ ഈ ജയത്തിൽ സംശയം പ്രകടിപ്പിച്ച മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോണിന് ഇന്ത്യൻ സ്‌പിന്നർ ഹർഭജൻ സിംഗ് നൽകിയ വായടപ്പിക്കുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയുടെ വമ്പൻ ജയത്തിന് പിന്നാലെ വോൺ ട്വിറ്ററിൽ പങ്കുവച്ച ഒരു പോസ്‌റ്റിലായിരുന്നു സംശയമുന ഉയർത്തിയത്.
ഇംഗ്ലണ്ട് സൗത്താഫ്രിക്കയെ തോൽപിച്ചിരുന്നു എങ്കിൽ അവർക്ക് ട്രിനിഡാഡിൽ നടക്കുന്ന ഒന്നാമത്തെ സെമിയിൽ കളിക്കാമായിരുന്നു എന്നും അത് അവരുടെ ഫൈനൽ പ്രവേശനം എളുപ്പമാക്കുമെന്നും കമന്റേറ്റർ കൂടിയായ വോൺ പറഞ്ഞു. ഗയാന ഇന്ത്യയ്‌ക്ക് പറ്റിയ വേദിയായിരുന്നു എന്നും വോൺ ഈ പോസ്‌റ്റിൽ പറഞ്ഞതാണ് ഹർഭജനെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ ജയത്തിൽ വോൺ സംശയം പ്രകടിപ്പിക്കുകയാണ് എന്ന വിമർശനം ഉയർന്നതിനെ പിന്നാലെ ആയിരുന്നു ഹർഭജന്റെ ഇടപെടൽ.

കടുത്ത ഭാഷയിലായിരുന്നു ഹർഭജന്റെ പ്രതികരണം. ഇത്തരം അസംബന്ധങ്ങൾ വിളമ്പാതെ അൽപ്പം യുക്തിപരമായി ചിന്തിക്കാൻ ഹർഭജൻ വോണിനോട് ഉപദേശിച്ചു. മൈക്കിൾ വോൺ പങ്കുവച്ച ട്വീറ്റിന് അതിൽ തന്നെ നൽകിയ മറുപടിയിലാണ് ഹർഭജൻ ഇക്കാര്യം പറഞ്ഞത്. വിഡ്ഢിത്തം നിർത്തണമെന്നും വോണിനോട് ഹർഭജൻ ആവശ്യപ്പെട്ടു.
'എന്താണ് ഗയാന ഇന്ത്യക്ക് നല്ല വേദിയാണെന്ന് താങ്കളെ തോന്നിപ്പിച്ച കാര്യം? ഒരേ വേദിയിൽ അല്ലേ രണ്ടും ടീമുകളും കളിച്ചത്. ഇംഗ്ലണ്ട് ടോസ് ജയിച്ചത് അവർക്ക് നേട്ടമായിരുന്നു. വിഡ്ഢിത്തം പറയുന്നത് നിർത്തൂ. കളിയുടെ സമസ്‌ത മേഖലകളിലും ഇന്ത്യ ഇംഗ്ലണ്ടിനേക്കാൾ മുകളിലായിരുന്നു. ആ സത്യം അംഗീകരിച്ചുകൊണ്ട് ഇത്തരം വിടുവായത്തങ്ങൾ നിർത്തുക. അസംബന്ധം പറയുന്നത് അവസാനിപ്പിച്ചുകൊണ്ട് യുക്തിപരമായി ചിന്തിക്കാൻ ശ്രമിക്കൂ' എന്നായിരുന്നു ഹർഭജന്റെ മറുപടി.
ടി20 ലോകകപ്പിലെ സെമിഫൈനലിന്റെ വേദിയിൽ വരുത്തിയ മാറ്റത്തെ കുറിച്ച് വോൺ നേരത്തെയും പോസ്‌റ്റുകൾ പങ്കുവച്ചിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനൽ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം വിഷയത്തിൽ തന്റെ അഭിപ്രായം പറയുകയും ചെയ്‌തു. ഇന്ത്യൻ ടീം യഥാർത്ഥത്തിൽ ട്രിനിഡാഡിലായിരുന്നു സെമി ഫൈനൽ കളിക്കേണ്ടത് എന്നും പക്ഷേ വേദി പിന്നീട് ഗയാനയിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വോണിന്റെ ആരോപണം.
എന്നാൽ ഇന്ത്യ തന്നെയായിരുന്നു ഇംഗ്ലണ്ടിനേക്കാൾ മികച്ച ടീമെന്ന കാര്യം വോൺ സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്. അവർ തന്നെയാണ് ഫൈനലിൽ എത്തേണ്ടതെന്നും ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമാണ് അവരുടേതെന്നും വോൺ പറഞ്ഞിരുന്നു. എങ്കിലും വേദി മാറ്റത്തിലെ തന്റെ നിലപാടിൽ വോൺ ഉറച്ചുനിൽക്കുന്നു എന്നാണ് ഒടുവിൽ നടത്തിയ അഭിപ്രായങ്ങൾ പോലും ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ഇംഗ്ലണ്ടിനെതിരെ സമ്പൂർണ ആധിപത്യം പുലർത്തിയാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനൽ കളിക്കാൻ ഒരുങ്ങുന്നത്. സെമിയില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ഇതോടെ കഴിഞ്ഞ എഡിഷനിൽ ഇംഗ്ലണ്ടിനോട് തോറ്റതിന്റെ പ്രതികാരം വീട്ടാനും ഇന്ത്യൻ ടീമിന് കഴിഞ്ഞു. നായകൻ രോഹിത് ശർമ്മ തന്നെയാണ് ടീമിനെ മുന്നിൽ നിന്ന് നയിച്ചത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും തകർപ്പൻ ഇന്നിംഗ്‌സുകളുടെ മികവില്‍ ഏഴിന് 171 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. 39 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 57 റണ്‍സെസാണ് രോഹിത് നേടിയത്. 36 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ യാദവ് രണ്ട് സിക്‌സും നാല് ഫോറുമടക്കം 47 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവും അക്‌സർ പട്ടേലും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ജയത്തിൽ നിർണായകമായി.












Click it and Unblock the Notifications