'അമ്പയർമാർ കണ്ണ് തുറന്നുനോക്കണം'; ഇന്ത്യൻ ടീം കള്ളത്തരം കാട്ടിയെന്ന ആരോപണവുമായി മുൻ പാക് താരം
ന്യൂയോർക്ക്: സൂപ്പർ എട്ടിൽ ഓസ്‌ട്രേലിയക്ക് എതിരായ ആധികാരിക ജയത്തോടെ ഇന്ത്യൻ ടീം ടി20 ലോകകപ്പിന്റെ സെമിയിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമി പ്രവേശനം ആർഭാടമാക്കിയത്. എന്നാൽ അതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകനും മുഖ്യ സെലക്‌ടറുമായിരുന്ന ഇൻസമാം ഉൾ ഹഖ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
ഓസീസിനെതിരായ സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യ കൃത്രിമം കാട്ടിയെന്നാണ് ഇൻസമാമിന്റെ ആരോപണം. ഇന്ത്യൻ ബൗളർമാർ ബോൾ ചുരണ്ടിയെന്നും അതുകൊണ്ടാണ് അവർക്ക് പുതിയ ബോളിൽ റിവേഴ്‌സ് സ്വിങ് കിട്ടിയതെന്നും ഇൻസമാം ആരോപിച്ചു.

അർഷദീപ് സിംഗ് എറിഞ്ഞ പതിനാറാം ഓവർ ചൂണ്ടിക്കാട്ടിയാണ് ഇൻസമാം ആരോപണം ഉന്നയിച്ചത്. അമ്പയർമാർ കണ്ണ് തുറന്ന് നോക്കണമെന്നും ഇൻസി പറഞ്ഞു. ഓസീസിനെതിരെ മൂന്ന് വിക്കറ്റുമായി അർഷദീപ് സിംഗ് തിളങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ പാക് താരത്തിന്റെ ആരോപണം.
'അർഷദീപ് സിംഗ് 16-ാം ഓവർ എറിയുമ്പോൾ, അദ്ദേഹത്തിന് റിവേഴ്‌സ് സ്വിംഗ് ലഭിച്ചിരുന്നു. താരതമ്യേന ഒരു പുതിയ പന്തിൽ, റിവേഴ്‌സ് സ്വിംഗ് ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. 12-ാം ഓവറോ 13-ാം ഓവറോ ആകുമ്പോഴേക്കും പന്ത് റിവേഴ്‌സ് സ്വിംഗിന് തയ്യാറായോ? കാരണം, അദ്ദേഹം ബൗൾ ചെയ്യാൻ വന്നപ്പോൾ മുതൽ അങ്ങനെയായിരുന്നു, അമ്പയർമാർ കണ്ണ് തുറന്ന് നിൽക്കണം' ഇൻസമാം ഒരു പാകിസ്ഥാനി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാൻ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിനെതിരെ ഗുരുതര ആരോപണവുമായി താരം രംഗത്ത് വരുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായിരുന്നു ഇൻസമാം. ഇടക്കാലത്ത് ടീമിന്റെ മുഖ്യ സെലക്‌ടർ സ്ഥാനവും ഏറ്റെടുത്തെങ്കിലും പിന്നീട് രാജിവെച്ചിരുന്നു.
അതേസമയം, അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയെ 24 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഡാരൻ സമി നാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഇന്ത്യ മികച്ച സ്‌കോറാണ് പടുത്തുയർത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ 41 പന്തിൽ 92 റൺസും സൂര്യകുമാർ യാദവിന്റെ അതിവേഗ ബാറ്റിങും ചേർന്നപ്പോൾ ഇന്ത്യ 20 ഓവറിൽ 205-5 എന്ന നിലയിലായിരുന്നു ബാറ്റിങ് അവസാനിപ്പിച്ചത്.
എന്നാൽ മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസീസിനെ ഇന്ത്യ വരിഞ്ഞുമുറുക്കിയിരുന്നു. ഒടുവിൽ ഇരുപത് ഓവറിൽ അവർക്ക് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 181 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. ഇതോടെ ഓസീസ് ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്‌തിരുന്നു. നേരത്തെ അഫ്‌ഗാനിസ്ഥാന് എതിരെ തോൽവി വഴങ്ങിയതാണ് അവർക്ക് തിരിച്ചടിയായത്.
സെമിയിൽ ഇന്ത്യക്ക് ഇംഗ്ലണ്ട് ആണ് എതിരാളികൾ. പതിനൊന്ന് വർഷങ്ങളായി ഐസിസി ട്രോഫി നേടാൻ കഴിയാത്ത ഇന്ത്യ ഇക്കുറി ഏറെ പ്രതീക്ഷയോടെയാണ് ടൂർണമെന്റിനെ നോക്കി കാണുന്നത്. സെമിയിൽ ഇംഗ്ലണ്ടിനെ നാളെയാണ് നേരിടുന്നത്. 2007ലെ കന്നി ലോകകപ്പ് വിജയത്തിന് ശേഷം ടി20യിൽ ഇന്ത്യക്ക് കപ്പുയർത്താൻ കഴിഞ്ഞിട്ടില്ല. ഇക്കുറി അതിന് മാറ്റമുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.












Click it and Unblock the Notifications