ഹജ്ജ് : യൂസേഴ്സ് ഫീ ഒഴിവാക്കിയേക്കും
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ നല്‍കുന്നതില്‍ നിന്നും ഹജ്ജ് യാത്രക്കാരെ ഒഴിവാക്കിയേക്കും. ഈ ആവശ്യമുന്നയിച്ച് കേരള ഹജ്ജ് കമ്മിറ്റി നല്‍കിയ നിവേദനത്തിന്മേല്‍ അനുഭാവപൂര്‍ണ്ണമായ തീരുമാനമെടുക്കാമെന്ന് വിമാനത്താവളക്കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഇ കെ നായനാര്‍ ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി.
കേരളത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു മാത്രമാണ് ഈ വര്‍ഷം ഹജ്ജ് സര്‍വീസ് ഉള്ളത്. കോഴിക്കോട് വിമാനത്താവളത്തിലെ അപര്യാപ്തത മൂലമാണിത്. നെടുമ്പാശ്ശേരിയില്‍ നിന്നും ഇത് രണ്ടാം തവണയാണ് ഹജ്ജ് സര്‍വീസ് നടത്തുന്നത്.
നെടുമ്പാശ്ശേരിയില്‍ നിന്നും ഇത്തവണ 29 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇതില്‍ 21 എണ്ണം കേരള ഹജ്ജ് കമ്മിറ്റിയ്ക്കു വേണ്ടി സൗദിയ എയര്‍ലൈന്‍സും ബാക്കി എട്ട് സര്‍വീസുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കു വേണ്ടി എയര്‍ ഇന്ത്യയും നടത്തും.
ജനവരി 26 ന് ഉച്ചയ്ക്ക് 1.40 ന് ആദ്യ വിമാനം പുറപ്പെടും. ഫിബ്രവരി 20 ന് അവസാന സര്‍വീസ് നടത്തും.നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന യാത്രക്കാരായിരിക്കും ഇന്ത്യയില്‍ നിന്ന് ജിദ്ദയിലെത്തുന്ന ആദ്യ സംഘം.
ഹജ്ജ് സര്‍വീസ് നടത്താന്‍ സൗദിയ എയര്‍ലൈന്‍സിന് കേന്ദ്രസര്‍ക്കാര്‍അനുമതി നല്‍കിയതോടെ ഇത് സംബന്ധിച്ച് ആശങ്കകള്‍ക്ക് വിരാമമായി. കമ്പൂച്ചിയന്‍ എയര്‍ലൈന്‍സിന്റെ ആറ് വിമാനങ്ങളും ഹജ് സര്‍വീസിനായി കേന്ദ്രസര്‍ക്കാര്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് 72,000 പേരാണ് വിശുദ്ധകര്‍മ്മം നിര്‍വഹിക്കാന്‍ മക്കയിലേയ്ക്കു പോകുന്നത്.മടക്കയാത്ര സമയത്ത് ഹാജിമാര്‍ക്ക് കഴിഞ്ഞ തവണ ജിദ്ദയില്‍ അനുഭവപ്പെട്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മദീനയില്‍ നിന്നും വിമാനസര്‍വീസ് ഏര്‍പ്പെടുത്തും. മാര്‍ച്ച് ഒന്നു മുതല്‍ എട്ടു വരെയാണ് മടക്കയാത്രയ്ക്കുള്ള വിമാനസര്‍വീസ്. ഹജ്ജ് യാത്രക്കാര്‍ക്ക് 65 കിലോഗ്രാം വരെ തൂക്കമുള്ള സാധനങ്ങള്‍ കൂടെ കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതില്‍ കൂടുതല്‍ ഭാരമുണ്ടെങ്കില്‍ അധികമുള്ള ഓരോ കിലോഗ്രാമിനും 13 റിയാല്‍ വീതം നല്‍കേണ്ടി വരും.