കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറന്‍സ് വീണ്ടും; മേനോന്‍ മതിയാക്കി

  • By Staff
Google Oneindia Malayalam News

കൊച്ചി : എം എം ലോറന്‍സ് വീണ്ടും എറണാകുളം ജില്ലാക്കമ്മിറ്റിയിലേയ്ക്ക്. പാര്‍ട്ടിയുടെ ആദ്യകാല ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം പക്ഷേ, സംസ്ഥാനസമ്മേളന പ്രതിനിധിയല്ല. സേവ് ഫോറക്കാരുടെ രക്ഷിതാവായി മുദ്രകുത്തി മൂന്നു വര്‍ഷമായി പാര്‍ട്ടി ലോറന്‍സിനെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. നിശബ്ദനായി പാര്‍ട്ടിയെ അനുസരിച്ചതിന് നല്‍കിയ പ്രതിഫലമാണ് ഇപ്പോഴത്തെ സ്ഥാനക്കയറ്റം. അച്ചടക്കത്തിന്റെ ആശാന്മാര്‍ക്ക് അടിതെറ്റി തുടങ്ങിയ സമയത്ത് ലോറന്‍സിന്റെ സ്ഥാനാരോഹണത്തിന് പ്രസക്തിയുണ്ട്.

അതേ സമയം, മുന്‍ധനകാര്യ മന്ത്രി വി വിശ്വനാഥമേനോനെ, അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ച് ജില്ലാക്കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാടു നടന്ന വെട്ടിനിരത്തലില്‍ മനംമടുത്ത് സജീവ രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ ജില്ലാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തില്ല.

പ്രസ്ഥാനത്തിനു വേണ്ടി ചാവാനും കൊല്ലാനും ചങ്കുറപ്പുണ്ടായിരുന്ന നേതാക്കള്‍ക്ക് ഇപ്പോള്‍ നിസംഗത. ലോറന്‍സും വിശ്വനാഥമേനോനും തങ്ങളുടെ പോരാട്ടം വീര്യം ഇളംമുറക്കാരുടെ വെട്ടിനിരത്തലിനടിയറ വച്ചു കഴിഞ്ഞു. ഇടപ്പളളി പൊലീസ് സ്റേഷന്‍ ആക്രമിച്ച ജയിലില്‍ കിടന്നവരെ രക്ഷിക്കാന്‍ ചങ്കൂറ്റമുണ്ടായിരുന്ന നേതാക്കളാണ് ഇരുവരും. അന്ന് ഒപ്പമുണ്ടായിരുന്ന കെ മാധവനെ പാര്‍ട്ടി നേരത്തെ തന്നെ പടിയിറക്കി.

പാലക്കാട് സമ്മേളനത്തില്‍ ലോറന്‍സിനെ പരാജപ്പെടുത്തുകയായിരുന്നു. മേനോനെ പ്രായാധിക്യം പറഞ്ഞ് ഒഴിവാക്കി. ഇരുവരും വിഎസ് വിഭാഗത്തിന്റെ ശത്രുക്കളായാണ് കണക്കാക്കപ്പെടുന്നത്. ആറു പതിറ്റാണ്ടുകളായി പാര്‍ട്ടിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇനി പുതിയ ചെറുപ്പക്കാര്‍ വരട്ടെ. പാര്‍ട്ടിയുമായി തനിക്കൊരു തര്‍ക്കവുമില്ലെന്ന് മേനോന്‍ പറയുന്നു. സിപിഎമ്മിന്റെ ഐഡിയോളജിയില്‍ പൂര്‍ണമായി വിശ്വസിക്കുന്ന അദ്ദേഹത്തിന് വ്യക്തി വൈരാഗ്യത്തിലൂന്നിയുളള ഇപ്പോഴത്തെ തര്‍ക്കങ്ങളില്‍ തീരെ താല്‍പര്യമില്ല.

സംസ്ഥാന സമ്മേളന പ്രതിനിധിയായി ലോറന്‍സിനെ ചിലര്‍ നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ മത്സരത്തിനില്ലെന്നു പറഞ്ഞ് അദ്ദേഹം സ്വയം ഒഴിവാകുകയായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഘടകത്തില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കു സന്തോഷമാണെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.

മേനോന്റെ ഘടകമേതെന്നു പാര്‍ട്ടി പിന്നീടു തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി എ പി വര്‍ക്കി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X