കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണായാലും ഫെയര്‍ ആന്റ് ലൗലിയില്ലെങ്കില്‍...

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ് : കാര്‍വര്‍ണനെ മോഹിച്ച കാമിനിമാര്‍ക്ക് ദേവന്റെ ദേഹം കറുത്തുപോയതില്‍ ലേശവും സങ്കടമില്ലായിരുന്നു. വൃന്ദാവനത്തിലെ ഗോപികമാരുടെമോഹപ്പനി കൂട്ടാന്‍ അമ്പാടിക്കണ്ണന്‍ ഫെയര്‍ ആന്റ് ലൗലി അന്വേഷിച്ചു പോയതായും ചരിത്രമില്ല. പക്ഷേ, കറുത്തു പോയതില്‍ വിഷമിക്കുന്നവരാണ് കളള കൃഷ്ണന്റെ നാട്ടിലെ പുരുഷ കേസരികള്‍. വിപണിയിലെ സൗന്ദര്യ മരുന്നുകള്‍ വാരിത്തേയ്ക്കുന്നവരിലേറെയും ആണ്‍ശിങ്കങ്ങളാണെന്ന് സര്‍വേ ഫലം. അണിഞ്ഞൊരുങ്ങുന്നതില്‍ നാരീമണികളെ കളിയാക്കാന്‍ ഇനിയാര്‍ക്കവകാശം!

ഇന്ത്യയില്‍ വില്‍ക്കുന്ന തൊലി വെളുപ്പിക്കല്‍ സാധനങ്ങളില്‍ 32 ശതമാനവും പുരുഷന്മാരാണ് വാങ്ങുന്നത്. മീഡിയാ റിസര്‍ച്ചേഴ്സ് യൂസേഴ്സ് കൗണ്‍സില്‍(ഛംഇ) നടത്തിയ സര്‍വേയാണ് രസകരമായ ഈ കണ്ടെത്തല്‍ നടത്തിയത്. വിപണി മുഴുവന്‍ മുഖം വെളുക്കാനുളള ഉല്‍പന്നങ്ങളാണ്. ഇതൊക്കെയും നാരികള്‍ക്കുളളതാണെന്ന വിശ്വാസം വഴിമാറുന്നു. ഫെയര്‍ ആന്റ് ലൗലി, ഫെയര്‍ ഗ്ലോ, ഫെയറെവര്‍, പ്രിയങ്ക, ക്രീം ഏതുമാകട്ടെ വാങ്ങാന്‍ ആണുങ്ങള്‍ റെഡി.

വിവാഹക്കമ്പോളത്തിലും വെളുപ്പിനാണ് ഡിമാന്റ്. കരിവീട്ടിയുടെ മനോഹരമായ നിറഭേദമുളളതു കൊണ്ടുമാത്രം തനിക്കു നേരെ മുഖം തിരിച്ച പെണ്‍കിടാങ്ങളുടെ കഥ പറയുന്നത് അഞ്ചക്ക ശമ്പളമുളള ഒരു പിആര്‍ പ്രൊഫഷണല്‍. പെണ്‍കുട്ടികള്‍ക്കാണ് ഈ നിറമെങ്കില്‍ അതു മോശമാണെന്ന് സമ്മതിക്കുന്ന അദ്ദേഹത്തിന്റെ ചോദ്യം ആണുങ്ങള്‍ക്ക് അതുകൊണ്ടെന്തു കുഴപ്പം എന്നാണ്.

കറുത്തു പോയത് കുഴപ്പം തന്നെയാണെന്നാണ് സിനിമാ ലോകത്തെയും അനുഭവം. സുന്ദരനായ ആശിഷ് വിദ്യാര്‍ത്ഥിയ്ക്ക് നായകവേഷം കിട്ടാത്തത് കറുത്തതു കൊണ്ടാണെന്ന് പിന്നാമ്പുറം പറയുന്നു. ബോളിവുഡിലെ പൊതു നിയമത്തിന് അപവാദമായി വിലസുന്നത് അജയ് ദേവ് ഗണ്‍ മാത്രം.

മോഡലിംഗ് രംഗത്തും കഥ വ്യത്യസ്തമല്ല. ആറു മോഡലുകളെയെടുത്താല്‍ അതില്‍ നാലും വെളുത്തവരായിരിക്കും. വെളുത്തവര്‍ക്ക് ഏതു തരം വസ്ത്രങ്ങളെയും പൊലിപ്പിച്ചു കാണിക്കാന്‍ കഴിയുമെന്ന് ബോളിവുഡിലെ നൃത്ത സംവിധായകനും മോഡലിംഗ് പരിശീലകനുമായ ഇമ്രാന്‍ ഖാന്‍ പറയുന്നു.

കറുപ്പിന് ഏഴഴകാണെന്ന സാന്ത്വനമൊന്നും ഇനി ഇന്ത്യന്‍ യുവാക്കളുടെയടുത്ത് ചെലവാകില്ല. പതിനായിരത്തെട്ടു പേരുടെ ആശ തീര്‍ക്കാന്‍ കൃഷ്ണന് കറുത്ത നിറം തടസമായില്ലെന്നതും അവര്‍ കഥയായി തളളും. സമൂഹത്തിന്റെ ചില കമന്റുകള്‍ തന്നെ കാരണം.

നല്ല വെളുത്ത ഭാര്യയ്ക്കൊപ്പം നടക്കുന്ന കണവന്‍ അല്‍പം കറുത്തവനാണെങ്കില്‍ കാഴ്ചക്കാരുടെ വാചകം ഉടന്‍ വരും. ദാ പോകുന്നു, ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫാമിലി! അല്ലെങ്കില്‍ ഇങ്ങനെയാവും ചായക്കടയിലെ വിലയിരുത്തല്‍ നല്ലൊരു പെങ്കൊച്ച്. ഈ കരിങ്കുറ്റിയെയല്ലാതെ ആരെയും അതിനു കിട്ടിയില്ലല്ലോ! കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍ കറുത്ത പുരുഷ കേസരി സഹിക്കുന്നതെങ്ങനെ? തേയ്ക്കട്ടെ നാലിഞ്ചു കനത്തിന് ഫെയര്‍ ആന്റ് ലൗലി അല്ലേ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X