കമ്പ്യൂട്ടര്‍ സാക്ഷരതാരംഗത്ത് കുതിപ്പുണ്ടാവും
തിരുവനന്തപുരം: കഴിഞ്ഞയാഴ്ച തുടങ്ങിയ അക്ഷയ പദ്ധതി കമ്പ്യൂട്ടര്‍ സാക്ഷരതാ രംഗത്ത് കേരളത്തെ വന്‍കുതിപ്പിന് സഹായിക്കും. മലപ്പുറത്ത് തുടങ്ങിയ അക്ഷയ പദ്ധതി മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ 64 ലക്ഷം കുടുംബങ്ങളില്‍ ഒരാളെയെങ്കിലും കമ്പ്യൂട്ടര്‍ സാക്ഷരനാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2004 ഓടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കുക എന്നതാണ് ലക്ഷ്യം.
ഓരോ കുടുംബത്തിനും രണ്ട് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഒരു അക്ഷയ കേന്ദ്രം തുടങ്ങും, ഒരു കേന്ദ്രം ആയിരം കുടുംബങ്ങള്‍ക്കാണ് സേവനം നല്‍കുക. 9000 അക്ഷയകേന്ദ്രങ്ങളാണ് സംസ്ഥാനത്ത് തുടങ്ങുക.
കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ കുതിപ്പുണ്ടാക്കുക എന്നതിന് പുറമെ അനേകം തൊഴിലവസരങ്ങളുണ്ടാക്കുക എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
കേന്ദ്രങ്ങള്‍ തുടങ്ങാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് വായ്പ നല്‍കാന്‍ സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്.