സ്വാശ്രയ മെറിറ്റില്‍ സര്‍ക്കാര്‍ കോളജുകളിലെ ഫീസ്
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേതിന് തുല്യമായ ഫീസായിരിക്കും ഈ വര്‍ഷം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ ഈടാക്കുകയെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഈ വര്‍ഷം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം മാനേജ്മെന്റ് ക്വാട്ടയിലും മെറിറ്റ് സീറ്റുകളിലും അമ്പത് ശതമാനം വീതം എന്ന നിലയ്ക്കായിരിക്കും.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ട്യൂഷന്‍ ഫീസ് 9,625 രൂപയാണ്. ഈ ഫീസ് തന്നെയായിരിക്കും സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചവരു നല്‍കേണ്ടത്.
മാനേജ്മെന്റ് ക്വാട്ടയിലെ ഫീസ് ഘടന സംബന്ധിച്ച് സുപ്രിം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാനേജ്മെന്റുകള്‍ ചര്‍ച്ച ചെയ്ത് നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വയ്ക്കും. ഇതുസംബന്ധിച്ച് മന്ത്രിസഭ അന്തിമ തീരുമാനം കൈകൊള്ളും. ആയുര്‍വേദ, സിദ്ധ, ഡെന്റല്‍ കോളജുകള്‍ക്കും ഇതേ മാനദണ്ഡം തന്നെയാണ്.