കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയെ മാറ്റാന്‍ ലീഗ് ആവശ്യപ്പെട്ടു?

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി തിരക്കിട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റ് നേതാവ് അഹമ്മദ് പട്ടേലിന്റെ കണ്ട് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് ഈ ആവശ്യമുന്നയിച്ചുവെന്നാണ് അറിയുന്നത്.

ഈ നീക്കം ശരിയാണെന്ന് വിശ്വസിപ്പിയ്ക്കുന്ന ചില കാരണങ്ങളും രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നുണ്ട്. മാറാട് പ്രശ്നത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ലീഗിനെ ചൊടിപ്പിച്ചതെന്നറിയുന്നു. ചൊവാഴ്ച രാത്രി കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും കൂടി മുഖ്യമന്ത്രിയുമായി രഹസ്യചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് ഇ. അഹമ്മദ് ദില്ലിയ്ക്ക് പോയി തിരക്കിട്ട് അഹമ്മദ് പട്ടേലിനെകണ്ട് ആന്റണിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നാണ് സൂചന. ഒരു പക്ഷെ മാറാട് പ്രശ്നത്തില്‍ ഒരു സിബിഐ അന്വേഷണത്തില്‍ നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിയ്ക്കാനുള്ള ലീഗിന്റെ തന്ത്രമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു.

എന്നാല്‍ ചര്‍ച്ചയില്‍ നേതൃമാറ്റക്കാര്യം കടന്നുവന്നില്ലെന്ന് അഹമ്മദ് പട്ടേല്‍ പറയുന്നു. അതേ സമയം വാര്‍ത്താലേഖകരുടെ ഇത് സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഇ. അഹമ്മദ് ഒഴിഞ്ഞുമാറുകയാണ്.

സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടാതിരുന്നത് മുസ്ലിം ലീഗിന്റെ പ്രേരണമൂലമാണെന്ന് എറണാകുളം ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിരാശനായ ആന്റണി കഴിഞ്ഞ ദിവസം ചില മാധ്യമപ്രതിനിധികളോട് വെളിപ്പെടുത്തിയിരുന്നു. ഇത് ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗിലെ ഒരു ഉന്നതനേതാവിന് മാറാട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്നും അത് പുറത്തുവരുമെന്നതിനാലാണ് സിബിഐ അന്വേഷണം നടത്താന്‍ മുസ്ലിം ലീഗ് വിസമ്മതിയ്ക്കുന്നതെന്നും നേരത്തെ ബിജെപി ആരോപിച്ചിരുന്നു. അതിന്റെ വെളിച്ചത്തില്‍ വേണം ഇക്കാര്യങ്ങള്‍ വായിയ്ക്കേണ്ടത്. ബി ജെ പിയുടെ ഈ നിഗമനത്തിന് സത്യവുമായി വിദൂര ബന്ധമെങ്കിലും ഉണ്ടെങ്കില്‍ മുസ്ലിം ലീഗ് ആന്റണിയെ തള്ളിപ്പറയുമെന്ന് കരുതാം.

കോണ്‍ഗ്രസിന് കേരളത്തില്‍ മുസ്ലിംലീഗിന്റെ പിന്തുണ കിട്ടണമെങ്കില്‍ ആന്റണിയെ മാറ്റണമെന്നാണ് ഇ. അഹമ്മദ് ആവശ്യപ്പെട്ടെന്നാണ് ദില്ലിയില്‍ നിന്നുള്ള വിവരം. എന്തായാലും ലീഗിനെ വെറുപ്പിക്കാതെ മാറാട് പ്രശ്നത്തിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ അവസാനവട്ടം ശ്രമിയ്ക്കുന്നത്.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് മാറാട് പുനരധിവാസം നടത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ ആ പ്രഖ്യാപനത്തില്‍ നിന്ന് പിറകോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം മാറാടും പരിസരപ്രദേശത്തും 7,000ത്തോളം സായുധപൊലീസുകാരെ നിയോഗിച്ചെങ്കിലും ബലം പ്രയോഗിച്ച് പുനരധിവാസം നടത്തേണ്ടെന്ന നിലപാടിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഹിന്ദു-മുസ്ലിം പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇപ്പോഴേ വഷളായ മുസ്ലിംലീഗ്-ആന്റണി ബന്ധം മറനീക്കി പുറത്തുവരുമെന്ന് കരുതുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X