കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവല്ലയില്‍ ആര് ജയിക്കും?

  • By Staff
Google Oneindia Malayalam News

തിരുവല്ല: വോട്ടുകള്‍ പെട്ടിയിലായിക്കഴിഞ്ഞു. അവസാനകണക്കെടുപ്പിലാണ് ഇരുമുന്നണികളും. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളുടെ ചുക്കാന്‍ പിടിയ്ക്കുന്ന നേതാക്കള്‍- കരുണാകരന്‍, മുഖ്യമന്ത്രി ആന്റണി, കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍- ദില്ലിയിലാണ്. ഡിസംബര്‍ നാലിന് രാവിലെ വോട്ടെണ്ണിത്തുടങ്ങുമ്പോഴും അവര്‍ കേരളത്തിലുണ്ടാകുമോ എന്നറിയില്ല.

മത്സരത്തില്‍ പങ്കാളികളായ ഇരുമുന്നണികളും അവസാനകണക്കെടുപ്പിലാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്(എം) നേതാവ് കെ.എം. മാണിയ്ക്ക് സംശയമില്ല. ചിലപ്പോള്‍ ഭൂരിപക്ഷം അല്പം കുറഞ്ഞേയ്ക്കാം, എങ്കിലും എലിസബത്ത് മാമ്മന്‍ കുറഞ്ഞത് 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കുമെന്നാണ് മാണി പക്ഷത്തിന്റെ കണക്ക് കൂട്ടല്‍.

ഇതിന് ചില കാരണങ്ങളും മാണി ഗ്രൂപ്പ് നിരത്തുന്നുണ്ട്. അതിലൊന്ന് സ്ത്രീവോട്ടര്‍മാരുടെ എണ്ണത്തില്‍ കണ്ട അഭൂതപൂര്‍വമായ തിരക്കാണ്. ഇത് വിധവയായ എലിസബത്ത് മാമ്മനോടുള്ള സഹതാപതരംഗമാണെന്ന് മാണി ഗ്രൂപ്പ് വിലയിരുത്തുന്നു. രണ്ടാമത്തെ ഘടകം യുഡിഎഫ് കോട്ടകളില്‍ ഉണ്ടായ പോളിംഗ് ശതമാനത്തിലെ വര്‍ധനയാണ്. നിരണം, പെരിങ്ങര എന്നീ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പല്‍ പ്രദേശങ്ങളിലും പോളിംഗിലുണ്ടായ വര്‍ധന യുഡിഎഫിന് അനുകൂലമായി ജനങ്ങള്‍ ചിന്തിച്ചതിന്റെ ഫലമാണെന്നും മാണിയും കൂട്ടരും കണക്ക്കൂട്ടുന്നു.

അതേ സമയം ആന്റണി ഭരണത്തിന്റെ ദുര്‍ഭരണത്തിനെതിരെ വോട്ട് രേഖപ്പെടുത്താനാണ് ആളുകള്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തിയതെന്ന സ്ഥിരം പല്ലവിയാണ് എല്‍ഡിഎഫ് ആവര്‍ത്തിയ്ക്കുന്നത്. പുറത്തേയ്ക്ക് എല്‍ഡിഎഫ് ഇങ്ങിനെ പറയുന്നുണ്ടെങ്കില്‍ രഹസ്യമായി അവര്‍ കണക്കുകൂട്ടുന്നത് കരുണാകരന്‍ ക്യാമ്പുകാര്‍ മറിച്ച വോട്ടുകളാണ്. ഒപ്പം ജേക്കബ്,പിള്ള ഗ്രൂപ്പുകളും മാണി സ്ഥാനാര്‍ത്ഥിയെ തോല്പിക്കാന്‍ രഹസ്യമായി കരുനീക്കിയിട്ടുണ്ടെന്നും എല്‍ഡിഎഫ് കരുതുന്നു. ഇതിനെല്ലാം പുറമെ ബിജെപിയ്ക്ക് വേണ്ടി കേന്ദ്രമന്ത്രി പി.സി. തോമസും പരമാവധി വോട്ടുകള്‍ പിടിച്ചുകൊടുക്കുമെന്നതും ഇടതുമുന്നണി തങ്ങള്‍ക്കനുകൂലഘടകമായി കാണുന്നു. ഇക്കാരണങ്ങളാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വര്‍ഗ്ഗീസ് ജോര്‍ജ്ജ് 2,500 മുതല്‍ 3,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന കണക്കുകൂട്ടലാണ് ഇടതുക്യാമ്പിലുള്ളത്.

കഴിഞ്ഞ അഞ്ച് തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് 1987ല്‍ ആണ്- 80.46ശതമാനമായിരുന്നു അന്നത്തെ പോളിംഗ്. അന്ന് ജയിച്ചത് പക്ഷെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാത്യു ടി. തോമസാണ്. 1979ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെ 47.69 ശതമാനമായിരുന്നു പോളിംഗ്. അന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. അതായത് പോളിംഗ് ശതമാനം മാറിമറിയുന്നത് ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്നില്ല എന്നതാണ് വിദഗ്ധരുടെ അഭിപ്രായം.

എന്തായാലും തിരുവല്ല ഉപതിരഞ്ഞെടുപ്പിലെ ഫലം യുഡിഎഫ് മന്ത്രിസഭയ്ക്ക് ഇളക്കം തട്ടിയ്ക്കില്ലെങ്കിലും കരുണാകരന്റെയും ആന്റണിയുടെയും രാഷ്ട്രീയഭാവിയെ ഈ തിരഞ്ഞടുപ്പ് ഏറെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് ഇരുമുന്നണികളുടെയും വിജയപ്രതീക്ഷകള്‍ക്കപ്പുറം യഥാര്‍ത്ഥവിജയം ആരുടേതാകുമെന്നറിയാന്‍ ഡിസംബര്‍ നാലിലേയ്ക്ക് ഉറ്റുനോക്കുകയാണ് കേരളം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X