കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ്‌ ക്വാട്ട: അഹമ്മദിനെതിരെ അന്വേഷണമുണ്ടായേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ വിദേശ സഹമന്ത്രിയായിരിക്കെ കേന്ദ്രമന്ത്രി ഇ അഹമ്മദ്‌ ഹജ്ജ്‌ ക്വാട്ട കൈകാര്യം ചെയ്‌തത്‌ സംബന്ധിച്ച്‌ അഴിമതി ആരോപണം ഉയരുകയും അതേപ്പറ്റി അന്വേഷിയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുകയും ചെയ്‌തതോടെ ഇത്‌ സംബന്ധിച്ച്‌ വിവാദം പുതിയ വഴികളിലേക്ക്‌ തിരിയുന്നു.

ഹജ്ജ്‌ ക്വാട്ട അഴിമതിയെപ്പറ്റി സിഎന്‍എന്‍ ഐബിഎന്‍ ചാനല്‍ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 2004-08 കാലഘട്ടത്തില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദ്‌ ഹജ്ജ്‌ ക്വാട്ടയുടെ സിംഹഭാഗവും ചില സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക്‌ നല്‍കുക വഴി വന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കി എന്നാണ്‌ ആരോപണമുയര്‍ന്നിരിയ്‌ക്കുന്നത്‌.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ അവസാന വര്‍ഷം 1,57000 പേരെ ഹജ്ജിന്‌ അയക്കാനാണ്‌ സൗദി അറേബ്യ അനുമതി നല്‍കിയത്‌. എന്നാല്‍ ഈ ക്വാട്ടയില്‍ നിന്ന്‌ നിന്ന്‌ 1,04,000 സീറ്റ്‌ മാത്രമാണ്‌ വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ്‌ കമ്മിറ്റി മുഖേന വിതരണം ചെയ്‌തത്‌. ബാക്കിയുള്ള 47,000 സീറ്റ്‌ സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്കും നല്‍കിയതിലാണ്‌ അഴിമതി നടന്നത്‌. ഇത്‌ സംബന്ധിച്ച്‌ ഉത്തര്‍പ്രദേശ്‌ കേരളം എന്നിവിടങ്ങളില്‍ നിന്ന്‌ മന്ത്രി ഇ അഹമ്മദിനെതിരെ ആയിരത്തോളം പരാതികള്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ റഹിംഖാന്‌ ലഭിച്ചെന്നും, അദ്ദേഹം അത്‌ പ്രധാനമന്ത്രിക്ക്‌ അയച്ചു കൊടുത്തെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന്‌ പോകുമ്പോള്‍ ഒരാളില്‍ നിന്ന്‌ ഒന്നര ലക്ഷം മാത്രം ചെലവാകുമ്പോള്‍ രണ്ടുലക്ഷം രൂപ വരെ ഈടാക്കിയാണ സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പുകള്‍ യാത്ര സംഘടപ്പിയ്‌ക്കുന്നത്‌. ഇ അഹമ്മദിനും മകനും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കോഴിക്കോട്ടെ അല്‍ ഹിന്ദ് ട്രാവല്‍സിനാണ് കൂടുതല്‍ ക്വാട്ട ലഭിച്ചതെന്ന്‌ ഐബിഎന്‍ പറയുന്നു. ഈ ട്രാവല്‍ ഏജന്‍സിയ്‌ക്ക്‌ മാത്രം 1700 ഓളം സീറ്റ്‌ ലഭിച്ചിട്ടുണ്ടെന്ന്‌ വ്യക്തമായിട്ടുണ്ട്‌.

ഒരു ഏജന്‍സിയ്‌ക്ക്‌ ശരാശരി 155 സീറ്റ്‌ അനുവദിച്ചപ്പോഴാണ്‌ ഇവര്‍ക്ക്‌ 1700 സീറ്റ്‌ നല്‍കിയത്‌. ഇത്‌ സംബന്ധിച്ച്‌ കുറെ നാള്‍ക്ക്‌ മുമ്പു തന്നെ പലതരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്‌ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ റിട്ടയേഡ്‌ സുപ്രീംകോടതി ജഡ്‌ജിയെക്കൊണ്ട്‌ അന്വേഷിപ്പിക്കുമെന്ന്‌ വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ജുഡീഷ്യല്‍ അന്വേഷണം നേരിടേണ്ടി വന്നാല്‍ ഇ അഹമ്മദ്‌ മന്ത്രി സ്ഥാനത്ത്‌ നിന്ന്‌ മാറിനില്‍ക്കേണ്ട സാഹചര്യവും ഉണ്ടായേക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X