സോണിയ ചികിത്സയ്‌ക്കെത്തിയത് ഇരുചെവിയറിയാതെ

ഏറെ രഹസ്യമായിട്ടാണ് വിവിഐപിയായ സോണിയ മെമ്മോറിയല്‍ സ്ലോന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയ്‌ക്കെത്തിയത്. വാഷിങ്ടണില്‍ ലോകബാങ്കില്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പുലോക് ചാറ്റര്‍ജിയാണ് സോണിയയ്ക്ക് സ്ലോനില്‍ ചികിത്സ തേടാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതത്രേ. സോണിയയുടെ അടുത്ത സുഹൃത്താണ് പുലോക്. ഇരുചെവിയറിയാതെയാണ് സോണിയയെ ഇവിടെയെത്തിച്ചത്.
വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സോണിയ ഇവിടെ ചികിത്സയ്‌ക്കെത്തിയ കാര്യം അതീവരഹസ്യമായി സൂക്ഷിക്കുകയായിരുന്നു. വിവരം ചോരാതിരിക്കാനായി സോണിയയുടെ പേരുപോലും ആശുപത്രി രേഖകളില്‍ ചേര്‍ത്തിട്ടില്ല.
പുലോക് ചാറ്റര്‍ജിയും സഹായിയായ രൂപ്‍സ് ദലാലും തിങ്കളാഴ്ചയാണ് സോണിയയുടെ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാനായി ന്യൂയോര്‍ക്കിലേയ്ക്ക് യാത്രതിരിച്ചത്. സോണിയയ്ക്ക് ഗര്‍ഭാശയഗള കാന്‍സറാണെന്നാണ്റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇപ്പോള്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന സോണിയ ആശുപത്രി വിട്ടാല്‍ വെയില്‍ കോര്‍നല്‍ മെഡിക്കല്‍ സെന്ററിലോ കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലോ ആയിരിക്കും വിശ്രമത്തില്‍ കഴിയുകയെന്നാണ് റിപ്പോര്‍ട്ട്. വലിയ ഹോട്ടലിലേതുപോലുള്ള സൗകര്യങ്ങള്‍ നല്‍കുന്ന സ്ഥലങ്ങളാണ് ഇവ. സന്ദര്‍ശകരെ നിയന്ത്രിക്കാനും സമാധാനമായി കഴിയാനുമുള്ള എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്.
സോണിയ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, ഡിഎംകെ നേതാവ് എം കരുണാനിധി എന്നിവര്‍ ആശംസിച്ചു.
അടുത്തപേജില്‍












Click it and Unblock the Notifications