ന്യൂഡില്‍സ് കഴിച്ച കുട്ടികള്‍ ആശുപത്രിയിലായി
കോട്ടയം: ന്യൂഡില്‍സ് കഴിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളെ കോട്ടയത്തെ മന്ദിരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുപ്പള്ളി മാധവ് ഹൗസില്‍ രമേശിന്റെ മക്കളായ വൈഷ്ണവി (16), വിസ്മയ (എട്ട്), സഹോദരന്‍ അജയുടെ മകള്‍ പാര്‍വതി (ഏഴ്) എന്നിവരെയാണ് അര്‍ധരാത്രി ആശുപത്രിയിലെത്തിച്ചത്.

തിങ്കളാഴ്ച വൈകിട്ട് കോട്ടയത്തെ ഒരു ബേക്കറിയില്‍നിന്നു കുട്ടികള്‍ക്ക് നൂഡില്‍സ് പായ്ക്കറ്റ് വാങ്ങി നല്‍കിയിരുന്നതായി പാര്‍വതിയുടെ പിതാവ് അജയ് പറഞ്ഞു. വീട്ടിലെത്തി ഇതു കഴിച്ചയുടന്‍ ഛര്‍ദിയും വയറിളക്കവും ആരംഭിച്ചു. രാത്രി വൈകിയപ്പോള്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയാണു കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രണ്ടാഴ്ച മുമ്പ് തൊടുപുഴയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. കടയില്‍ നിന്ന് വാങ്ങിയ ന്യൂഡില്‍സ് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭഷ്യവിഷബാധയെ തുടര്‍ന്ന് രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തൊടുപുഴ സ്വദേശി ശാസ്താംപാറ അന്‍സാരിയുടെ മക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അഷിത, സഹോദരന്‍ ബാദുഷ എന്നിവര്‍ക്കാണ് വിഷബാധയേറ്റത്. കുട്ടികള്‍ക്ക് രാവിലത്തെ ഭക്ഷണമായി നല്‍കിയത് ന്യൂഡില്‍സ് പാകം ചെയ്തതാണ്. സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിനിയുടെ ശരീരം മുഴുവന്‍ തടിച്ചുപൊന്തുകയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടാവുകയും ചെയ്തു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ അറിയിച്ചു. ഇതിനിടയില്‍ ഇളയ കുട്ടിക്കും ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് രണ്ടുപേരെയും തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications