എതിരാളികളില്ലാതെ യൂസഫലി; ശതകോടീശ്വര മലയാളികളിൽ ഒന്നാമത് തന്നെ, ആസ്‌തി എത്രയെന്ന് അറിയണ്ടേ?
ദുബായ്: ആഗോള തലത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മലയാളി എന്ന സ്ഥാനം ഒരിക്കൽ കൂടി നിലനിർത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ഇത്തവണ ശതകോടീശ്വര പട്ടികയിലേക്ക് ഒരു മലയാളി വനിതയുടെ സാന്നിധ്യവും ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. യൂസഫലി ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെട്ട ഏറ്റവും സമ്പന്നരായ പന്ത്രണ്ട് മലയാളികളിൽ അഞ്ച് പേരും ഗൾഫ് നാടുകളിൽ ബിസിനസ് നടത്തുന്നവരാണ്.
പട്ടികയിൽ ഒന്നാമതെത്തിയ ഏറ്റവും സമ്പന്നനായ മലയാളി എന്ന റെക്കോർഡ് മുറുകെ പിടിച്ച എംഎ യൂസഫലിയുടെ ആസ്‌തി ഏകദേശം 7.6 ബില്യണ്‍ ഡോളറാണ്. ആഗോള തലത്തില്‍ അതിസമ്പന്നരുടെ പട്ടിക എടുത്താൽ അതിൽ യൂസഫലി വമ്പൻ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ 497-ാം സ്ഥാനത്തു നിന്നും ഇത്തവണ നൂറിലധികം സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 344-ാം സ്ഥാനത്തേക്കാണ് യൂസഫലി ഉയര്‍ന്നത്.

ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ഉടമയായ ജോയ് ആലുക്കാസാണ് അതിസമ്പന്നപട്ടികയിൽ രണ്ടാമതെത്തിയ മലയാളി. 4.4 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്‌തി. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ഉടമ ഡോക്‌ടര്‍ ഷംസീര്‍ വയലില്‍ 3.5 ബില്യണ്‍ ഡോളറുമായി പട്ടികയില്‍ മൂന്നാമതെത്തി. ഇതേ ആസ്‌തിയുമായി ക്രിസ് ഗോപാലകൃഷ്‌ണനും പട്ടികയില്‍ മൂന്നാമതുണ്ട് എന്നതാണ് പ്രത്യേകത.
ഇവരെ കൂടാതെ ആർപി ഗ്രൂപ്പ് ഉടമ രവി പിള്ള-3.3 ബില്യണ്‍ ഡോളര്‍, സണ്ണി വര്‍ക്കി- 3.3 ബില്യണ്‍ ഡോളര്‍ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ ഗൾഫ് പ്രവാസികള്‍. ഇതിന് പുറമെ കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടിഎസ് കല്യാണ രാമന്‍- 3.2 ബില്യണ്‍ ഡോളര്‍, എസ്‌ഡി ഷിബുലാല്‍- 2 ബില്യണ്‍ ഡോളര്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി 1.6 ബില്യണ്‍ ഡോളര്‍ എന്നവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
1.3 ബില്യണ്‍ ഡോളർ ആസ്‌തിയോടെ സാറ ജോർജ് മുത്തൂറ്റാണ് പട്ടികയിലുള്ള സമ്പന്നയായ മലയാളി വനിത. ഇതാദ്യമായാണ് ഒരു മലയാളി വനിത ഫോർബ്‌സ് അതിസമ്പന്ന പട്ടികയിൽ ഇടംപിടിക്കുന്നത്. അതേസമയം, ഫോർബ്‌സ് പുറത്തുവിട്ട പട്ടികയിൽ ലൂയിസ് വിറ്റണ്‍ ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ട് (233 ബില്യൺ ഡോളര്‍) പട്ടികയില്‍ ഒന്നാമതെത്തി.
ഇലോണ്‍ മസ്‌ക് (195 ബില്യൺ ഡോളര്‍), ജെഫ് ബെസോസ് (194 ബില്യൺ ഡോളര്‍) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 116 ബില്യന്‍ ഡോളര്‍ ആസ്‌തിയോടെ മുകേഷ് അംബാനി ആഗോള ധനികരില്‍ ഒമ്പതാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഇന്ത്യയിലെ അതിസമ്പന്നരില്‍ രണ്ടാമന്‍.












Click it and Unblock the Notifications