കൊച്ചിയില്‍ ശ്വാസകോശ രോഗി മരിച്ചു; ബ്രഹ്മപുരം വിഷപ്പുക കാരണമെന്ന് ബന്ധുക്കള്‍, ആരോപണം
കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് ലോറന്‍സിന് രോഗം മൂര്‍ച്ഛിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

കൊച്ചി: എറണാകുളത്ത് ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്മപുരത്തെ വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്നാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. വാഴക്കാല സ്വദേശിയായ ലോറന്‍സ് ജോസഫാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് ലോറന്‍സിന് രോഗം മൂര്‍ച്ഛിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പുകയുടെ മണം കടുത്ത ശ്വാസ തടസമുണ്ടാക്കിയെന്ന് ലോറന്‍സിന്റെ ഭാര്യ ലിസി പറഞ്ഞെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോറന്‍സിന്റെ മരണം വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്നാണെന്ന് ഹൈബി ഈഡന്‍ എം പിയും പറഞ്ഞു. ഒരാഴ്ചയായി ശ്വാസതടസമുണ്ടായിരുന്ന ആളാണ് മരിച്ചത്. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി ഈഡന്‍ പറഞ്ഞു. അതേസമയം, ബ്രഹ്മപുരം വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് യു ഡി എഫ് എം പി മാരോടൊപ്പം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയെ കണ്ടിരുന്നു.
എയിംസില്‍ നിന്നും വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെ എറണാകുളത്തേക്ക് അയയ്ക്കണമെന്നും മനുഷ്യ നിര്‍മ്മിത ദുരന്തമാണോ ഇതെന്ന് അന്വേഷിക്കണമെന്നും മാലിന്യ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ലോക്‌സഭയില്‍ ഇന്ന് അടിയന്തിര പ്രമേയത്തിന് അനുമതിയും തേടിയിരുന്നു.
എയിംസില്‍ നിന്ന് വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയയ്ക്കുന്ന വിഷയം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഹൈബി ഈഡന്‍ എം പി ഫേസ്ബുക്കില്‍ കുറിച്ചു. 2018- 19 പ്രളയങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സംഘത്തെ കേന്ദ്രം അയച്ചിരുന്നു. ഈ വിഷയത്തില്‍ അത്തരം തീരുമാനം ഉണ്ടായിട്ടില്ലെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. എന്നാല്‍ ബ്രഹ്മപുരം വിഷയം സംബന്ധിച്ച് നാളിത് വരെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കേന്ദ്രത്തോട് ഒരു സഹായവും തേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞെന്ന് ഹൈബി ഈഡന്‍ അറിയിച്ചു.
ഇതിനിടെ, ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറെ പൂര്‍ണമായിത്തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ച് കഴിഞ്ഞ 10 ദിവസമായി തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ 7 സെക്ടറുകളില്‍ 5 സെക്റ്ററുകള്‍ കഴിഞ്ഞ ദിവസം തന്നെ പൂര്‍ണമായും നിയന്ത്രണവിധേയമായിരുന്നു.
കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ എല്ലാ സെക്റ്ററുകളിലെയും തീയും പുകയും ഏറെക്കുറെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്നുതന്നെ പൂര്‍ണമായും പുക നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
തീ അണഞ്ഞ ഭാഗങ്ങളില്‍ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാല്‍ നിരന്തര നിരീക്ഷണം നടത്തും. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തില്‍ അഗ്നിശമന ഉപകരണങ്ങള്‍ സജ്ജമായിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തീ അണച്ച കൂനകളില്‍ ചെറിയ രീതിയില്‍ പോലും പുക ഉയരുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ പട്രോളിംഗ് സംഘം രംഗത്തുണ്ട്.
കൂടാതെ മാലിന്യക്കൂനയിലെ കനലുകള്‍ കണ്ടെത്തുന്നതിന് തെര്‍മല്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും. പുകയുടെ തോതിലുണ്ടായ ഗണ്യമായ കുറവ് വായു ഗുണ നിലവാര സൂചികയിലും പ്രതിഫലിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വായുവിന്റെ ഗുണനിലവാരം വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.












Click it and Unblock the Notifications