ദുരിതാശ്വാസം അനര്‍ഹമായി കൈപ്പറ്റിയവര്‍ക്കെതിരെ കര്‍ശന നടപടി: ജില്ലാ കളക്ടര്‍, അടിയന്തര ധനസഹായവിതരണം 89 ശതമാനം പൂര്‍ത്തീകരിച്ചു
കൊച്ചി: പ്രളയ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന 10,000 രൂപയുടെ സമാശ്വാസത്തുക അനര്‍ഹമായി കൈപ്പറ്റുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്റ്റര്‍ മുന്നറിയിപ്പ് നല്കി. ഇത്തരത്തില്‍ അനര്‍ഹമായി തുക അനുവദിക്കുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

എറണാകുളം ജില്ലയില്‍ പ്രളയ ദുരിതബാധിതര്‍ക്കുള്ള അടിയന്തര ധനസഹായ വിതരണം 89 ശതമാനത്തിലെത്തി. ദുരിതബാധിതമായി കണക്കാക്കിയിട്ടുള്ള 168298 കുടുംബങ്ങളില്‍ 148004 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പതിനായിരം രൂപ വീതം നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള കുടുംബങ്ങള്‍ക്കും ചൊവാഴ്ച വൈകുന്നേരത്തോടെ പണം ബാങ്ക് അക്കൗണ്ട് വഴി അനുവദിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. തിങ്കളാഴ്ച ഉച്ച വരെയുള്ള കണക്ക് പ്രകാരം 20294 കുടുംബങ്ങള്‍ക്കു കൂടിയാണ് തുക ലഭിക്കേണ്ടത്. കണയന്നൂര്‍ - 18637, കൊച്ചി - 2746, ആലുവ - 31599, പറവൂര്‍ - 74863, കുന്നത്തുനാട് - 9712, മൂവാറ്റുപുഴ - 8411, കോതമംഗലം - 2036 എന്നിങ്ങനെയാണ് തുക ലഭിച്ച കുടുംബങ്ങളുടെ താലൂക്ക് തലത്തിലുള്ള എണ്ണം. കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളില്‍ തുക വിതരണം പൂര്‍ണമായതായി തഹസില്‍ദാര്‍മാര്‍ പറഞ്ഞു. പ്രളയം കാര്യമായി ബാധിച്ച ആലുവ, പറവൂര്‍ താലൂക്കുകളില്‍ 90 ശതമാനത്തിലേറെ കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്കും പണം കൈമാറി.
പ്രളയബാധിതര്‍ക്ക് അടിയന്തര ധനസഹായം അനുവദിച്ചതിന്റെ വിവരങ്ങള്‍ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ ernakulam.gov.inല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുക വിതരണം പൂര്‍ണമായും സുതാര്യമാക്കാനും അനര്‍ഹര്‍ പട്ടികയില്‍ കയറിപ്പറ്റിയിട്ടുണ്ടോ എന്ന് മനസിലാക്കാനും ഇതുപകരിക്കും. സോഷ്യല്‍ ഓഡിറ്റിംഗിലൂടെ പട്ടിക കുറ്റമറ്റതാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. കലക്റ്ററുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇതു സംബന്ധിച്ച അറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഈ പരാതികള്‍ പരിശോധിക്കാനും നിജസ്ഥിതി വിലയിരുത്തി നടപടി സ്വീകരിക്കാനും കലക്റ്റര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
ദുരിതാശ്വാസത്തുക അനര്‍ഹമായി കൈപ്പറ്റുന്നവര്‍ക്കും ഇതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കലക്റ്ററേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തദേശ ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications