അനധികൃതമാണോ? എങ്കില്‍ കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് പൂട്ട് വീഴും, കൊച്ചി കോര്‍പ്പറേഷന്‍ നടപടിക്ക്
കൊച്ചി: അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് കൊച്ചി കോര്‍പ്പറേഷന്‍. നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടക്കാരെ പൂട്ടാനാണ് കോര്‍പ്പറേഷന്റെ ശ്രമം. ഹൈക്കോടതി ഉത്തരവ് കുറച്ചുകാലമായി കോര്‍പ്പറേഷന് മുന്നിലുണ്ട്. ഇതാണ് ഇപ്പോള്‍ പരിഗണനയ്ക്ക് വന്നിരിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് നാളെ മുതല്‍ നിയന്ത്രണം തുടങ്ങുകയാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നിയന്ത്രണങ്ങള്‍. അതേസമയം കൊച്ചിയിലെ നല്ലൊരു ശതമാനം കച്ചവടത്തിനും പൂട്ട് വീണേക്കാമെന്ന ഭയവും കച്ചവടക്കാര്‍ക്കുണ്ട്. പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് നാളെ മുതല്‍ കച്ചവടത്തിന് അനുവാദമുണ്ടാകില്ലെന്ന് മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.

വെന്‍ഡിംഗ് സോണ്‍ അടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്നും മേയര്‍ പറഞ്ഞു. അതേസമയം കൊവിഡ് കാലത്ത് പ്രതിസന്ധി വന്ന ഘട്ടത്തിലാണ് കൊച്ചി നഗരത്തില്‍ വഴിയോരക്കച്ചവടക്കാരുടെ എണ്ണത്തില്‍ വ്യാപകമായ വര്‍ധനവുണ്ടായത്. ഇത് ഒഴിപ്പിക്കുക വലിയ ആരോപണങ്ങള്‍ക്കും വഴിവെക്കുമെന്ന് ഉറപ്പാണ്. നിരവധി പേര്‍ക്ക് ഈ കച്ചവടം വരുമാന മാര്‍ഗമായിരുന്നു. ഹൈക്കോടതി വിധിയുള്ളതിനാല്‍ കോര്‍പ്പറേഷന് ധൈര്യമായി മുന്നോട്ട് പോകാം. എന്നാല്‍ കച്ചവടക്കാര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നുള്ള ആശങ്കയുണ്ട്. അതേസമയം തന്നെ തീരുമാനം നടപ്പാക്കാതിരിക്കാനും പറ്റില്ല. പ്രധാനമായും ഹൈക്കോടതി ഉന്നയിച്ച അനധികൃത കച്ചവടം കാരണം യാത്ര തടസ്സപ്പെടുന്നതും, കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നതും അടക്കമുള്ള കാര്യങ്ങളായിരുന്നു.
വെന്‍ഡിംഗ് ലൈസന്‍സ് തെരുവോര കച്ചവടം നടത്താന്‍ അത്യാവശ്യമാണ്. കോടതി ഈ വിഷയത്തിലാണ് കൊച്ചി കോര്‍പ്പറേഷനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. വെന്‍ഡിംഗ് ലൈസന്‍സ് ഉള്ളവരെ മാത്രമേ വഴിയോര കച്ചവടത്തിന് അനുവദിക്കാവൂ എന്ന് ഹൈക്കോടതി കര്‍ശനമായി നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതെയായി. നിലവില്‍ 2500ഓളം പേര്‍ക്ക് കച്ചവടത്തിന് അനുമതി നല്‍കുന്നത്. അതേസമയം പലര്‍ക്കും തൊഴില്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അപേക്ഷകള്‍ പരിഗണിക്കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി.
അതേസമയം പെര്‍മിറ്റ് ഇല്ലാത്തവര്‍ കച്ചവടം നടത്തുന്നുണ്ടോയെന്ന് വിവിധ ഡിവിഷനുകളിലെ ജാഗ്രതാ സമിതി പരിശോധിക്കണമെന്ന് മേയര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത കച്ചവടങ്ങളുണ്ടെങ്കില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇവര്‍ക്കെതിരെ നടപടി എടുക്കും. കച്ചവടങ്ങള്‍ അനുവദിക്കുന്ന വെന്‍ഡിംഗ് സോണുകള്‍ ഏതൊക്കെ ആണെന്ന് വെന്‍ഡിംഗ് കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. വിവിധ യോഗങ്ങള്‍ ഇക്കാര്യത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. അതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. കാല്‍ നടയാത്രക്കാരെ തടസ്സപ്പെടുത്താതിരിക്കുക, മാലിന്യങ്ങള്‍ പുറന്തള്ളാതിരിക്കുക തുടങ്ങി ബൈലോയിലെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മേയര്‍ പറഞ്ഞു.












Click it and Unblock the Notifications