നഗരസഭയുടെ കടുത്ത നടപടി, തൃക്കാക്കരയില്‍ നഗരസഭ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു
കാക്കനാട്: പൊതുനിരത്തുകളില്‍ അപകട ഭീഷണി ഉയര്‍ത്തി നിന്നിരുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ തൃക്കാക്കര നഗരസഭ നീക്കം ചെയ്തു. കടുത്ത നടപടിയും ഇത് സ്ഥാപിച്ചവര്‍ക്കെതിരെ ആരംഭിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനത്തുള്ള പരസ്യ ബോര്‍ഡുകളാണ് നീക്കം ചെയ്ത് തുടങ്ങിയത്. പാതയോരങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവയാണ് ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്തത്.
ഹൈക്കോടതിയുടെ ഇടപെടലുണ്ടായതോടെ നഗരസഭ അധികൃതര്‍ നടപടിയുമായി വേഗത്തില്‍ എത്തുകയായിരുന്നു. അതേസമയം ബോര്‍ഡ് വെച്ചവര്‍ക്ക് പതിനായിരം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.അതേസമയം ഇരുപത് പേര്‍ക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളിലായി നോട്ടീസ് നല്‍കും.

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, സിവില്‍ ലൈന്‍ റോഡ് എന്നിവിടങ്ങളിലേത് ഉള്‍പ്പെടെയുള്ള ബോര്‍ഡുകള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് നീക്കം ചെയ്തത്. സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പരസ്യ ബോര്‍ഡുകളാണ് ഇവയില്‍ കൂടുതലായുള്ളത്.
നീക്കം ചെയ്ത ബോര്‍ഡുകളിലെ സ്ഥാപനങ്ങളുടെ വിലാസം നോക്കിയും, സംഘടനകളുടെ ഭാരവാഹികളെ കണ്ടെത്തിയുമാണ് നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുമായി കാറ്റിലും മഴയിലും റോഡിലെ കുറച്ച് ബോര്‍ഡുകള്‍ നിലം പൊത്തിയിരുന്നു. പലരും ഭാഗ്യം കൊണ്ടാണ് അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്.
കളക്ടറേറ്റ് ബസ് സ്‌റ്റോപ്പ്, കാക്കനാട് ജംഗ്ഷന്‍, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, നഗരസഭാ ഓഫീസ് പരിസരം തുടങ്ങിയ ഭാഗങ്ങളില്‍ നഗരസഭാ സ്‌ക്വാഡ് പരിശോധന നടത്തി ബോര്‍ഡുകള്‍ നീക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് കാഴ്ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കും വിധമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. 20 പേര്‍ക്ക് പതിനായിരം രൂപ വീതം അടയ്ക്കാനാണ് നഗരസഭ നോട്ടീസ് നല്‍കിയത്.
രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോടുകൂടിയുള്ള ബോര്‍ഡുകളാണ് പിടിച്ചെടുത്തതില്‍ കൂടുതലായും ഉള്ളത്. ഇലക്ട്രിക് പോസ്റ്റുകളിലും കെട്ടിട സമുച്ചയങ്ങളുടെ മുകള്‍ ഭാഗത്തും അനുമതിയില്ലാതെ കൂറ്റന്‍ പരസ്യബോര്‍ഡുകളാണ് സ്ഥാപിച്ചിരുന്നത്. ഇവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടിയെടുക്കുമെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം അപകടകരമായ രീതിയില്‍ ബോര്‍ഡുകള്‍ വഴിമുടക്കി സ്ഥാപിച്ചവര്‍ക്കെതിരെ പിഴയ്ക്ക് പുറമേ കേസ് കൂടിയെടുക്കുമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു. പലയിടത്തും ബോര്‍ഡുകള്‍ റോഡിലേക്ക് ഇറക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications