വ്യാജ എൻസിസി ക്യാമ്പിൽ 13 പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പ്രിൻസിപ്പൽ ഉൾപ്പെടെ പിടിയിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയിൽ വ്യാജ എൻസിസി ക്യാമ്പിന്റെ മറവിൽ ഒരു പെൺകുട്ടി ബലാത്സംഗത്തിന് ഇരയാവുകയും പന്ത്രണ്ടോളം പെൺകുട്ടികൾ ലൈംഗിക അതിക്രമങ്ങൾ നേരിടുകയും ചെയ്‌തുവെന്ന് റിപ്പോർട്ട്. പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇതിൽ സ്വകാര്യ സ്‌കൂളിന്റെ പ്രിൻസിപ്പൽ ഉൾപ്പെടെ ഉണ്ട്.
സ്‌കൂൾ പ്രിൻസിപ്പലിന് പുറമെ ക്യാമ്പിന്റെ സംഘാടകൻ, രണ്ട് അധ്യാപകർ, ഒരു കറസ്‌പോണ്ടന്റ് എന്നിവരും പിടിയിലായിട്ടുണ്ട്. സ്വകാര്യ സ്‌കൂളിന് എൻസിസി യൂണിറ്റ് ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നത് വഴി അതിനുള്ള യോഗ്യത നേടാമെന്ന അവകാശവാദവുമായി ഒരു സംഘം സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റിനെ സമീപിക്കുകയായിരുന്നു.

Representaional Image
എന്നാൽ ക്യാമ്പ് നടത്താൻ വന്നവരെ കുറിച്ചോ അവരുടെ മറ്റ് വിവരങ്ങൾ തേടുന്നതിലോ സ്‌കൂൾ മാനേജ്‌മെന്റ് വീഴ്‌ച വരുത്തിയെന്നും അവരെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പതിനേഴ് പെൺകുട്ടികൾ ഉൾപ്പെടെ ആകെ 41 വിദ്യാർത്ഥികളാണ് മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ക്യാമ്പിൽ പങ്കെടുത്തത്.
പെൺകുട്ടികൾക്ക് ഒന്നാം നിലയിലെ സ്‌കൂൾ ഓഡിറ്റോറിയത്തിലും ആൺകുട്ടികളെ താഴത്തെ നിലയിലുമാണ് ക്യാമ്പ് സമയത്ത് പാർപ്പിച്ചിരുന്നത്. കൂടാതെ ക്യാമ്പിന്റെ മേൽനോട്ടം വഹിക്കാൻ സ്‌കൂൾ അധികൃതർ അധ്യാപകരെ നിയോഗിച്ചിട്ടില്ല. തങ്ങളെ ഓഡിറ്റോറിയത്തിന് പുറത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടികളുടെ ആരോപണം.
സംഭവം അറിഞ്ഞിട്ടും സ്‌കൂൾ അധികൃതർ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 'ലൈംഗിക അതിക്രമത്തെ കുറിച്ച് സ്‌കൂൾ അധികൃതർക്ക് അറിയാമായിരുന്നു, പക്ഷേ പോലീസിനെ അറിയിക്കുന്നതിന് പകരം വിഷയം ഒളിപ്പിച്ചു വയ്ക്കാനായിരുന്നു അവരുടെ ശ്രമം. ഇത് ഗൗരവമായി കാണരുതെന്ന് വിദ്യാർത്ഥികളോട് പറയുകയും ചെയ്‌തുവെന്ന് ആരോപണമുണ്ട്' ജില്ലാ പോലീസ് മേധാവിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഇതേ സംഘം മറ്റ് സ്‌കൂളുകളിൽ സമാനമായ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്ക് എതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടികളെ വൈദ്യ പരിശോധനയ്ക്ക് ഉൾപ്പെടെ വിധേയമാക്കിയിട്ടുണ്ട്. ജില്ലാ ശിശുക്ഷേമ സമിതിയാണ് ഇതിന് മുൻകൈ എടുത്തിരിക്കുന്നത്.
അതേസമയം, കൊൽക്കത്തയിലെ ട്രെയിനി ഡോക്‌ടറുടെ കൊലപാതകത്തെ തുടർന്ന് രാജ്യമെമ്പാടും വൻ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് തമിഴ്‌നാട്ടിൽ നിന്ന് ഗൗരവമുള്ള മറ്റൊരു വാർത്ത വരുന്നത്. സംഭവത്തിൽ ഡോക്‌ടർമാരും പൊതുസമൂഹവും ഉൾപ്പെടെ വലിയ വിമർശനമാണ് ഉയർത്തിയത്.












Click it and Unblock the Notifications